മോഡി- അമിത് ഷാ കൂട്ടുകെട്ടില്‍ രാജ്യസഭയിലെ കരുത്തുറ്റ സാന്നിധ്യമാകാനൊരുങ്ങി ബിജെപി; കോണ്‍ഗ്രസിന് ക്ഷീണം

 


ADVERTISEMENT

ന്യൂഡെല്‍ഹി:(www.kvartha.com 02.03.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡി- ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ കൂട്ടുകെട്ടില്‍ രാജ്യസഭയിലെ കരുത്തുറ്റ സാന്നിധ്യമാകാനൊരുങ്ങി ബിജെപി. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് രാജ്യസഭയിലെ കരുത്തുറ്റ സാന്നിധ്യമാകാനൊരുങ്ങി ബിജെപി തയ്യാറെടുക്കുന്നത്.

എന്‍ഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷമുണ്ടാകില്ലെങ്കിലും രാജിവച്ചൊഴിയുന്ന എംപിമാര്‍ക്കു പകരം തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ രാജ്യസഭയില്‍ ബിജെപിയെ കാത്തിരിക്കുന്നതു തിളക്കമാര്‍ന്ന മുന്നേറ്റമാണ്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നടത്തിയ മിന്നുംപ്രകടനമാണു ബിജെപിക്കു തുണയാകുക.

 മോഡി- അമിത് ഷാ കൂട്ടുകെട്ടില്‍ രാജ്യസഭയിലെ കരുത്തുറ്റ സാന്നിധ്യമാകാനൊരുങ്ങി ബിജെപി; കോണ്‍ഗ്രസിന് ക്ഷീണം

ഫെബ്രുവരിയില്‍ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളാണ് ഒഴിയുന്നത്. ഇവയിലേക്കും എം.പി.വീരേന്ദ്രകുമാര്‍ ഡിസംബറില്‍ രാജിവച്ച സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും മാര്‍ച്ച് 23നു നടക്കും. അന്നു വൈകുന്നേരം വോട്ടെണ്ണലും നടക്കും. ജൂലൈയില്‍ മണ്‍സൂണ്‍ സമ്മേളനം തുടങ്ങുമ്പോള്‍ പുതിയ എംപിമാരുടെ കരുത്തിലായിരിക്കും ബിജെപിയുടെ രാജ്യസഭാ സാന്നിധ്യം. എങ്കിലും സഭയില്‍ സര്‍ക്കാരിനു ഭൂരിപക്ഷം ഉറപ്പിക്കണമെങ്കില്‍ എന്‍ഡിഎ സഖ്യത്തിനു പുറത്തുള്ള കക്ഷികളുടെയും രാഷ്ട്രീയ സുഹൃത്തുക്കളുടെയും പിന്തുണ ആവശ്യമാണ്.

245 അംഗങ്ങളുള്ള രാജ്യസഭയില്‍ നിലവില്‍ 58 എംപിമാരുടെ പിന്തുണയുള്ള ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. എന്നാല്‍ ഈ സംഖ്യം 73ലേക്ക് ഉയരുമെന്നാണു കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയ യുപിയില്‍ 10 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ്. ഇതില്‍ എട്ടു സീറ്റെങ്കിലും പ്രതീക്ഷിക്കുന്നു. നിലവില്‍ യുപിയില്‍നിന്ന് ഒരു രാജ്യസഭാംഗമേ പാര്‍ട്ടിക്കുള്ളൂ. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പു നടക്കുന്ന മൂന്നു സീറ്റുകളും ബിജെപിയുടെ കരുത്തുകൂട്ടും. ഇവിടെനിന്നു നിലവില്‍ ഒരംഗമേയുള്ളൂ.

എന്‍ഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകുന്ന വിധത്തിലായിരിക്കില്ല രാജ്യസഭാ തെരഞ്ഞെടുപ്പു ഫലം. മുത്തലാഖ് ബില്ലിന് ഉള്‍പ്പെടെ വിലങ്ങുതടിയാകാന്‍ ഇപ്പോഴും പ്രതിപക്ഷത്തിനു സാധിക്കും. എന്നാല്‍ ജിഎസ്ടി ബില്‍ പാസാക്കിയ രീതി ഉള്‍പ്പെടെ പിന്തുടരുകയാണെങ്കില്‍ ബിജെപിക്കു കാര്യമായ കഠിനാധ്വാനം ഇനി ചെയ്യേണ്ടി വരില്ല. ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷമുള്ളപ്പോഴും രാജ്യസഭയുടെ കടമ്പയില്‍ തട്ടി പല നിയമനിര്‍മാണങ്ങളും തടസ്സപ്പെടുന്നതു ബിജെപിയെ അലോസരപ്പെടുത്തുന്നുമുണ്ട്.

ശിവസേനയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ബിജെപിയുമായി നല്ല ബന്ധത്തിലല്ല. വൈഎസ്ആര്‍ കോണ്‍ഗ്രസും ടിആര്‍എസും ഇടഞ്ഞുനില്‍ക്കുന്നു. അണ്ണാ ഡിഎംകെയും ബിജെഡിയും പൂര്‍ണമായി പിന്തുണയ്ക്കുമെന്ന് ഉറപ്പിച്ചുകൂടാ. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടായിരിക്കും വിവിധ കക്ഷികള്‍ രാഷ്ട്രീയ നിലപാടു സ്വീകരിക്കുക. ഈ അവസരം മുതലെടുക്കാനാണു ബിജെപിയുടെയും ശ്രമം.

ബിജെപിയില്‍നിന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെടെയുള്ളവരാണു സ്ഥാനമൊഴിയുക. മന്ത്രിമാരായ രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, ജെ.പി.നഡ്ഡ തുടങ്ങിയവരും രാജിവയ്ക്കുമെങ്കിലും വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ പ്രതിപക്ഷത്തിന്റേതായുള്ള പതിനഞ്ചോളം സീറ്റുകളും ബിജെപിയുടെ കയ്യിലെത്തും.

അതേസമയം ബിജെപി നേട്ടം കൊയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ കരുത്ത് ചോര്‍ന്നുപോകുകയാണ്. എംപിമാരുടെ കൊഴിഞ്ഞുപോക്കാണു കോണ്‍ഗ്രസിനെ കുഴപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ 54 എംപിമാരില്‍നിന്നു 17 പേരാണു സ്ഥാനമൊഴിയുന്നത്. തിരിച്ചുവരുന്നത് പരമാവധി മൂന്നു പേര്‍ മാത്രം. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനമാണു കോണ്‍ഗ്രസിനു തിരിച്ചടിയാകുന്നത്.

ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്നു സ്ഥാനാര്‍ഥിയെ അയയ്ക്കാന്‍ പോലും പറ്റാത്തത്ര ദുര്‍ബലമാണു കോണ്‍ഗ്രസ്. ആന്ധ്രയില്‍നിന്നുള്ള എംപിമാരായ നടന്‍ ചിരഞ്ജീവിയും രേണുക ചൗധരിയും കാലാവധി പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ്. കേരളത്തില്‍നിന്നുള്ള എംപിയും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനുമായ പി.ജെ.കുര്യനും സ്ഥാനമൊഴിയുകയാണ്.

മഹാരാഷ്ട്രയില്‍ നിന്നുള്ള രാജീവ് ശുക്ല, രാജസ്ഥാനിലെ അഭിഷേക് സിങ്‌വി, മധ്യപ്രദേശിലെ സത്യവ്രത് ചതുര്‍വേദി തുടങ്ങിയവരാകട്ടെ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു.

മണ്‍സൂണ്‍ സമ്മേളനത്തിനു മുന്നോടിയായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, നടി രേഖ തുടങ്ങിയവരുടെ കാലാവധിയും അവസാനിക്കും. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു മൂന്നുപേര്‍ രാജിവയ്ക്കുമെങ്കിലും സീറ്റ് നിലനിര്‍ത്താനുള്ള അംഗബലം ഇപ്പോള്‍ പാര്‍ട്ടിക്കുണ്ട്.

അതേസമയം സിപിഎമ്മില്‍നിന്നു രണ്ട് എംപിമാര്‍ സ്ഥാനമൊഴിയാനാണു സാധ്യത. ബംഗാളില്‍ നിന്നുള്ള സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ കുമാര്‍ സെന്നിന്റെ കാലാവധി തീരുകയാണ്. വീണ്ടും എംപി സ്ഥാനത്തെത്തിക്കാനുള്ള ശേഷി ബംഗാളില്‍ സിപിഎമ്മിനില്ല. ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാ എംപി ഝര്‍ണാദാസ് വൈദ്യ ബാദ്ഹാഡ്ഘട്ട് നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ട്.

സംസ്ഥാനത്തു സിപിഎം ജയിക്കുകയും മണിക് സര്‍ക്കാര്‍ മന്ത്രിസഭ വീണ്ടും വരികയും ചെയ്താല്‍ ഝര്‍ണാദാസ് മന്ത്രിയാകും, രാജ്യസഭയിലേക്ക് ഒഴിവുവരും. ഝര്‍ണാദാസ് വൈദ്യയുടെ ഒഴിവിലേക്ക് ആരെ പരിഗണിക്കുമെന്നതില്‍ ഇപ്പോള്‍ത്തന്നെ ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. അതേസമയം, കേരളത്തില്‍നിന്നു മൂന്ന് എംപിമാരെ ലഭിക്കുമെന്നത് സിപിഎമ്മിന് നേട്ടമാണ്.

Keywords: Election to 58 Rajya Sabha seats announced, polling on March 23, New Delhi, News, Politics, Prime Minister, Narendra Modi, Rajya Sabha, Election, BJP, Congress, CPM, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia