ഡെല്‍ഹി മെട്രോയില്‍ പരാക്രമം കാട്ടിയ പോലീസുകാരന്‍ മലയാളി

 


ഡെല്‍ഹി: (www.kvartha.com 25.08.2015) ഡെല്‍ഹി മെട്രോയില്‍ പരാക്രമം കാട്ടിയ പോലീസുകാരന്‍ മലയാളിയെന്ന് തിരിച്ചറിഞ്ഞു. പോലീസുകാരന്‍ ഡെല്‍ഹി മെട്രോയില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ പി.കെ സലിമാണ് നില്‍ക്കാന്‍പോലും ത്രാണിയില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന മെട്രോയില്‍വെച്ച് താഴേക്ക് വീണത്.

ഈ ദൃശ്യങ്ങള്‍ അടങ്ങുന്ന 36 സെക്കന്‍ഡ് വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. വീഡിയോ വൈറലായതോടെ സലീമിനെ തിരിച്ചറിഞ്ഞ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള അറിയിപ്പും വന്നു. ഡെല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്.ബസി ആണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. പോലീസുകാരന്‍ മദ്യപിച്ചതാണോ അതോ അസുഖം മൂലം കുഴഞ്ഞുവീണതാണോ എന്ന കാര്യങ്ങള്‍ അന്വേഷണത്തിന് മാത്രമേ വ്യക്തമാകൂ.

സംഭവം ഒറ്റപ്പെട്ടതെന്ന് വിശേഷിപ്പിച്ച ബസി ജോലിയിലല്ലാത്ത സമയത്താണെങ്കിലും ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അറിയിച്ചു. പോലീസുകാരന്‍ യൂണിഫോമില്‍ മദ്യപിച്ച് കുഴഞ്ഞാടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ബസി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

മെട്രോയില്‍ വഴിതിരയുന്ന പോലീസുകാരന്‍ നിമിഷങ്ങള്‍ക്കകം തന്നെ താഴേക്ക് പതിക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. പതിനായിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഫേസ്ബുക്കുവഴിയും മറ്റും ഷെയര്‍ ചെയ്തത്. ഡെല്‍ഹി മെട്രോയില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നത് കുറ്റകരമാണ്. 2013ല്‍ 5,500ഓളം പേരെ മദ്യപിച്ച് യാത്ര ചെയ്തതിന്റെ പേരില്‍ പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ട്. 500 രൂപയാണ് മദ്യപിച്ച് യാത്ര ചെയ്താലുള്ള പിഴ. മദ്യപിച്ചെന്നു തെളിഞ്ഞാല്‍ യാത്രക്കാരനെ ഉടന്‍ തന്നെ അടുത്ത സ്‌റ്റേഷനില്‍ ഇറക്കിവിടുകയും ചെയ്യും.
ഡെല്‍ഹി മെട്രോയില്‍ പരാക്രമം കാട്ടിയ പോലീസുകാരന്‍ മലയാളി (Updated)


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia