Bhagwant Mann | മദ്യപിച്ച് പ്രശ്നമുണ്ടാക്കി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് പ്രതിപക്ഷം; ആരോപണം അടിസ്ഥാനരഹിതമെന്ന് എ എ പി
Sep 19, 2022, 17:23 IST
ചത്തീസ്ഗഢ്: (www.kvartha.com) മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച എ എ പി വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് പ്രതികരിച്ചു.
ജര്‍മനിയിലെ ഫ്രാങ്ക് ഫുര്‍ടില്‍ നിന്ന് ഡെല്‍ഹിയിലേക്ക് വരുമ്പോള്‍ ലുഫ്താന്‍സ വിമാനത്തില്‍നിന്ന് ഭഗവന്ത് മന്നിനെ ഇറക്കിവിട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മന്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് വിമാനം നാല് മണിക്കൂര്‍ വൈകിയെന്നും പഞ്ചാബികളെ അപമാനിക്കുന്നതാണ് ഭഗവന്ത് മന്നിന്റെ നടപടിയെന്നും പ്രതിപക്ഷ കക്ഷികള്‍ പറയുന്നു.
നടക്കാന്‍ കഴിയാത്തവിധം മദ്യപിച്ച ഭഗവന്ത് മന്നിനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടതായി സഹയാത്രികര്‍ വ്യക്തമാക്കിയതായി അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ ആണ് ട്വീറ്റ് ചെയ്തത്. സംഭവം വിമാനം നാല് മണിക്കൂര്‍ വൈകുന്നതിന് ഇടയാക്കി. തുടര്‍ന്ന് എഎപിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനും മന്നിന് സാധിച്ചില്ല. ലോകത്തുള്ള എല്ലാ പഞ്ചാബികളെയും അപമാനിക്കുന്നതാണ് ഈ വാര്‍ത്ത എന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
സംഭവം അപമാനകരമാണെന്ന് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു. ക്രമാധികമായി മദ്യപിച്ചതിനെ തുടര്‍ന്ന് മന്നിന് കാലുറച്ചിരുന്നില്ലെന്നും ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും താങ്ങിയെടുത്താണ് അദ്ദേഹത്തെ കൊണ്ടുവന്നതെന്നും ഒരു സഹയാത്രികനെ ഉദ്ധരിച്ച് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
അതേസമയം, പ്രതിപക്ഷ പാര്‍ടികളുടെ ആരോപണത്തെ എഎപി തള്ളിക്കളഞ്ഞു. നിശ്ചയിച്ചിരുന്നതുപോലെ സെപ്റ്റംബര്‍ 19ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ തിരിച്ചെത്തി. സാമൂഹ്യമാധ്യമ റിപോര്‍ടുകളെല്ലാം വ്യാജ പ്രചാരണങ്ങളാണ്. വിദേശ യാത്രയിലൂടെ നിക്ഷേപം സമാഹരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത് പ്രതിപക്ഷത്തെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ലുഫ്താന്‍സ എയര്‍ലൈന്‍സിനോട് ഇക്കാര്യം അന്വേഷിക്കാവുന്നതാണെന്ന് എഎപി വക്താവ് മന്‍വീന്ദര്‍ സിങ് പറഞ്ഞു.
വിഷയത്തില്‍ ലുഫ്താന്‍സയുടെ വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. ഫ്രാങ്ക്ഫുര്‍ടില്‍നിന്ന് ഡെല്‍ഹിയിലേക്കുള്ള ട്രിപ് നിശ്ചയിച്ചതിനേക്കാള്‍ വൈകിയത് വിമാനത്തില്‍ മാറ്റംവരുത്തിയതുകൊണ്ടാണ്. യാത്രക്കാരായ വ്യക്തികളേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല, എന്നും കംപനി അറിയിച്ചു.
വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 11 മുതല്‍ 18 വരെയാണ് മന്‍ ജര്‍മനിയില്‍ സന്ദര്‍ശനം നടത്തിയത്.
Keywords: Drunk Bhagwant Mann Delayed Flight, Say Some Parties; Wrong, Says AAP, Panjab, News, Chief Minister, Liquor, Allegation, Twitter, AAP, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.