Disaster | മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗംഗാവലിപ്പുഴയില്‍ കാണാതായ അര്‍ജുനുള്‍പ്പെടെയുള്ളവരുടെ തിരച്ചിലിനായി ഗോവയില്‍ നിന്ന് ചൊവ്വാഴ്ച ഡ്രഡ് ജര്‍ എത്തിക്കും
● ഗോവയില്‍ നിന്നും 38 മണിക്കൂറെടുക്കണം ഡ്രഡ് ജറുമായി ഷിരൂരില്‍ എത്താന്‍
● 15 അടി താഴ്ച വരെ മണ്ണ് ഇളക്കാന്‍ ശേഷിയുണ്ട്
ബംഗളൂരു: (KVARTHA) ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗംഗാവലിപ്പുഴയില്‍ കാണാതായ അര്‍ജുനുള്‍പ്പെടെയുള്ളവരുടെ തിരച്ചിലിനായി ഗോവയില്‍ നിന്ന് ഡ്രഡ് ജര്‍ എത്തിക്കും. അപകടം നടന്ന് രണ്ടുമാസം ആയിട്ടും ഇതുവരെ അര്‍ജുനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കനത്ത മഴയായിരുന്നു ഇതിന് മുമ്പ് തിരച്ചിലിന് തടസം നിന്നത്.
ഇപ്പോള്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ വീണ്ടും തിരച്ചില്‍ തുടരാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച ഗോവ തീരത്തുനിന്ന് പുറപ്പെടുന്ന ഡ്രഡ് ജര്‍ 38 മണിക്കൂറെടുത്താണ് ഷിരൂരില്‍ എത്തുക. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച യോഗം ചേരുന്നുണ്ട്.
ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രഡ് ജറാണ് ഗോവയില്‍ നിന്ന് എത്തിക്കുന്നത്. 15 അടി താഴ്ച വരെ മണ്ണ് ഇളക്കാന്‍ ഈ ഡ്രഡ് ജറിന് സാധിക്കും എന്നാണ് വിദഗ്ധരുടെ നിഗമനം. ഗോവയില്‍ നിന്നു ഡ്രഡ് ജര്‍ കൊണ്ടുവരാന്‍ ഉള്ള ചെലവ് പൂര്‍ണമായും കര്‍ണാടക സര്‍ക്കാരാണ് വഹിക്കുക. ഇതു സംബന്ധിച്ച് അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നല്‍കിയിരുന്നു. ഒരു കോടി രൂപയാണ് ഡ്രഡ് ജറിന് ചെലവ് പ്രതീക്ഷിക്കുന്നത്. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുടെ സഹായം തേടുന്നതിലും യോഗം ചൊവ്വാഴ്ച തീരുമാനമെടുക്കും.
ജൂലൈ 16ന് ദേശീയ പാത 66ലേക്ക് മലയിടിഞ്ഞുണ്ടായ ദുരന്തത്തില്‍ കോഴിക്കോട് കണ്ണാടിയ്ക്കല്‍ സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. എട്ടു പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ ഒരു കുടുംബത്തിലെ അംഗങ്ങളും ഉണ്ട്.
#ShiruurLandslide #Kerala #India #rescue #disasterrelief #hope