പഞ്ചാബില്‍ റേഷന്‍ വിതരണം ഇനി വീട്ടുപടിക്കല്‍: രാജ്യം മുഴുവന്‍ പദ്ധതി നടപ്പാക്കാന്‍ ഉടന്‍ ആവശ്യപ്പെടുമെന്ന് കേജ് രിവാള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 28.03.2022) കേന്ദ്രസര്‍കാര്‍ ഉന്നയിച്ച എതിര്‍പ്പുകളെ തുടര്‍ന്ന് ഡെല്‍ഹിയിലെ ആം ആദ്മി പാര്‍ടി സര്‍കാരിന് നടപ്പാക്കാന്‍ കഴിയാതെ പോയ റേഷന്‍ വിതരണം വീട്ടുപടിക്കല്‍ പദ്ധതി പഞ്ചാബില്‍ നടപ്പാക്കി മുഖ്യമന്ത്രി ഭഗവന്ത് മാന്‍. രാജ്യം മുഴുവന്‍ പദ്ധതി ഉടന്‍ നടപ്പാക്കാന്‍ ആവശ്യപ്പെടുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ പറഞ്ഞു.

പഞ്ചാബില്‍ റേഷന്‍ വിതരണം ഇനി വീട്ടുപടിക്കല്‍: രാജ്യം മുഴുവന്‍ പദ്ധതി നടപ്പാക്കാന്‍ ഉടന്‍ ആവശ്യപ്പെടുമെന്ന് കേജ് രിവാള്‍

തിങ്കളാഴ്ചയാണ് റേഷന്‍ വിതരണം വീട്ടുപടിക്കല്‍ പദ്ധതി പഞ്ചാബില്‍ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ക്ക് ജോലിയില്‍ നിന്ന് അവധിയെടുത്ത് റേഷന്‍ ലഭിക്കാന്‍ നീണ്ട വരിയില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ്.

ഈ രാജ്യത്ത് പിസ വീട്ടില്‍ എത്തിക്കാം, പക്ഷേ റേഷന്‍ നല്‍കില്ല. ഈ സ്‌കീമിന് കീഴില്‍, സര്‍കാര്‍ നിങ്ങളുടെ വീട്ടിലേക്ക് റേഷന്‍ പായ്ക് ചെയ്ത് അയയ്ക്കും. ആരും വരിയില്‍ നില്‍ക്കേണ്ടി വരില്ല. പഞ്ചാബിലെ പാവപ്പെട്ടവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഡെല്‍ഹിയില്‍ ഇത് നടപ്പാക്കാന്‍ ഞങ്ങള്‍ പാടുപെടുകയാണ്. പദ്ധതി നടപ്പാക്കാന്‍ എല്ലാ ആസൂത്രണവും ഞങ്ങള്‍ നടത്തിയിരുന്നു, എന്നാല്‍ ബിജെപി ഭരിക്കുന്ന കേന്ദ്രം അത് നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍കാരിനെ തടഞ്ഞു എന്നും കേജ് രിവാള്‍ കുറ്റപ്പെടുത്തി.

പദ്ധതി നടപ്പാക്കുന്നതിനെച്ചൊല്ലി ഡെല്‍ഹിയില്‍ കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ തമ്മില്‍ തര്‍ക്കമുണ്ട്, റേഷന്‍ വീടുകളില്‍ എത്തിക്കുന്നതിനുള്ള നിയമം വ്യവസ്ഥ ചെയ്യണമെന്ന് പറഞ്ഞ് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് സംസ്ഥാന സര്‍കാര്‍ പലതവണ കത്തെഴുതി. എന്നാല്‍ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും നിയമത്തില്‍ പറഞ്ഞിരിക്കുന്ന റേഷന്‍ വിതരണരീതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ലംഘനമാകുമെന്നും മന്ത്രാലയം ഡെല്‍ഹി സര്‍കാരിനെ അറിയിക്കുകയായിരുന്നു.

ഡെല്‍ഹി സര്‍കാര്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യയില്‍ (FCI) നിന്ന് റേഷന്‍ വാങ്ങി വിതരണം ചെയ്താല്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്നും എന്നാല്‍ എന്‍എഫ്എസ്എ പ്രകാരം സംസ്ഥാനത്തിന് നല്‍കുന്ന ധാന്യം ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രാലയം ഡെല്‍ഹി സര്‍കാരിനെ അറിയിച്ചിട്ടുണ്ട്.

പഞ്ചാബില്‍ പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും കേജ് രിവാള്‍ പറഞ്ഞു. കേന്ദ്രം ഞങ്ങളെ തടയാന്‍ ശ്രമിച്ചു, എന്നാല്‍ പഞ്ചാബില്‍ പദ്ധതി നടപ്പാക്കും. പദ്ധതി നടപ്പാക്കുന്നത് രാജ്യം കാണുകയും തുടര്‍ന്ന് എല്ലായിടത്തും നടപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. വര്‍ഷങ്ങളായി, ഡെല്‍ഹിയില്‍ ഒരു പദ്ധതിയും നടപ്പാക്കാന്‍ വിടാതെ കേന്ദ്രസര്‍കാര്‍ ഡെല്‍ഹി സര്‍കാരിനെ തടയുന്നത് രാജ്യം മുഴുവനും കണ്ടതാണ്. മൊഹല ക്ലിനിക്ക് പദ്ധതി രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്നു. സിസിടിസി പദ്ധതി മൂന്ന് വര്‍ഷമായി മുടങ്ങിയിരിക്കയാണ്. പക്ഷേ ഞങ്ങള്‍ അവസാനം അത് നടപ്പാക്കുക തന്നെ ചെയ്തുവെന്നും കേജ് രിവാള്‍ പറഞ്ഞു.

കഴിഞ്ഞ 75 വര്‍ഷമായി ഈ രാജ്യത്തെ ജനങ്ങള്‍ പുരോഗമനമൊന്നുമില്ലാതെ പിന്നോട്ട് പോകുകയാണ്. അവര്‍ വളരെ കഴിവുള്ളവരും കഠിനാധ്വാനികളുമാണ്. ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇനി അവരുടെ ആഗ്രഹങ്ങള്‍ക്കൊന്നും തടസമുണ്ടാകില്ല. രണ്ട് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ടി അധികാരത്തിലെത്തിയിരിക്കയാണ്. അതുകൊണ്ടുതന്നെ രാജ്യം പുരോഗമിക്കുമെന്നും കേജ് രിവാള്‍ പറഞ്ഞു.

Keywords: Doorstep ration delivery in Punjab: Entire country will demand it soon, says Kejriwal, New Delhi, News, Politics, AAP, Chief Minister, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia