Science | ഒരാളുടെ പിതൃത്വം എങ്ങനെ ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിയാം, പരിശോധന എപ്രകാരം? വിശദവിവരങ്ങൾ ഇതാ
● ഡിഎൻഎ പരിശോധനയിൽ 99.9% കൃത്യതയുണ്ട്.
● പിസിആർ പരിശോധനയാണ് ഏറ്റവും പുതിയ രീതി.
● പിതൃത്വ പരിശോധനയ്ക്ക് ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കും.
റോക്കി എറണാകുളം
(KVARTHA) ഇന്ന് നമ്മുടെ സമൂഹത്തിൽ ധാരാളം കുട്ടികൾ തെറ്റായ ബന്ധത്തിലൂടെ മാതാപിതാക്കൾ ആരാണെന്ന് അറിയാതെ ജനിക്കുന്നുണ്ട്. പിന്നീട് ഇവർ അച്ഛൻ ഇല്ലാതെ ജനിച്ചെന്നൊക്കെ പറഞ്ഞ് സമൂഹത്തിൽ അധിക്ഷേപങ്ങൾ എൽക്കുന്നതും കാണാറുണ്ട്. എന്നാൽ ചിലർ ചില സാഹചര്യങ്ങൾ ഇന്ന വ്യക്തിയായിരുന്നു തൻ്റെ പിതാവ് എന്ന് പറഞ്ഞ് അത് തെളിയിക്കാൻ കോടതി കയറുന്ന സംഭവങ്ങളും നമ്മൾ വാർത്താ മാധ്യമങ്ങളിലൂടെയും മറ്റും അറിയാറുമുണ്ട്. കോടതി ഈ അവസരത്തിൽ ഇങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ഉത്തരവ് ഇടുന്ന ഡി.എൻ.എ പരിശോധന നടത്താൻ ആണ്.
ഒരു കുട്ടി തന്റേതല്ലെന്ന് ആരെങ്കിലും പറയുമ്പോൾ, അത് തെളിയിക്കാൻ ഡിഎൻഎ പരിശോധനയാണ് ഏറ്റവും വിശ്വസനീയമായ മാർഗം. പലർക്കും ഡിഎൻഎ പരിശോധന എന്താണെന്ന് അറിയാമെങ്കിലും അതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അപൂർവമായിരിക്കും. ഒരു കുട്ടിയുടെ പിതാവ് ആരാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ എങ്ങനെ കണ്ടെത്താം, ഡിഎൻഎ പരിശോധന എങ്ങനെ നടത്തുന്നു എന്നീ കാര്യങ്ങൾ മിക്കവാറും പേർക്ക് അറിവുണ്ടായിരിക്കില്ല. ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി വിവരിക്കുന്ന ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധയാകർഷിക്കുകയാണ്.
കുറിപ്പിൽ പറയുന്നത്: 'ഡിഎൻഎ പരിശോധന ഇന്ന് നമുക്ക് കേട്ടുകേൾവി ഇല്ലാത്ത ഒന്നല്ല. ഡിഎൻഎയും, ഡിഎൻഎ പരിശോധനയു മൊക്കെ നമുക്ക് ഏറെ പരിചയമായിക്കഴിഞ്ഞു. ജനിതക ബന്ധം തിരിച്ചറിയാൻ ഡിഎൻഎ വഴി സാധിക്കുമെങ്കിലും മക്കളും, പിതാവും തമ്മിലുള്ള ബന്ധമാണ് ഡിഎൻഎ പരിശോധന വഴി കൂടുതൽ വ്യക്തമാവുന്നത്. പുരുഷന്മാർ കുട്ടികളുടെ പിതൃത്വം നിഷേധിക്കുമ്പോഴാണ് പലപ്പോഴും ഡിഎൻഎ പരിശോധന വേണ്ടിവരുന്നത്. ഡിഎൻഎ പരിശോധനയിലൂടെ പിതൃത്വം കണ്ടെത്തുന്നതിനെ കുറിച്ച് കൂടുതലറിയാം.
എങ്ങനെയാണ് ഡിഎൻഎ പരിശോധന?
ഒരു ഗോവണി പോലെയാണ് ഡിഎൻഎ. ഗോവണിയുടെ ഇരുവശത്തെയും നീളമുള്ള പലകകളിൽ ഒന്ന് പിതാവിൽ നിന്നും, രണ്ടാമത്തേത് മാതാവിൽ നിന്നുമുള്ളതാണ്. അതായത് ഒരു കുട്ടിയുടെ ജൈവ അടയാളങ്ങളിൽ പാതി മാതാവിന്റേതാണെങ്കിൽ മറുപാതി പിതാവിന്റേതായിരിക്കും. കുട്ടിയുടെ പിതാവാരെന്നറിയാൻ ഏറ്റവും കൃത്യമായി നടത്തുന്ന പരിശോധന ഡിഎൻഎ പരിശോധനയാണ്. 99.9% കൃത്യത ഈ പരിശോധനയ്ക്കുണ്ട്. അമ്മയുടേയും, കുട്ടിയുടേയും, പുരുഷന്റേയും ഡിഎൻഎ പ്രൊഫൈലുകളിൽ ഓരോ അടയാളങ്ങളും യോജിച്ചുവന്നാൽ പിതൃത്വത്തിനുള്ള സാധ്യത 99.9% ആണ്. അതേസമയം പുരുഷന്റെ രണ്ടോ അതിലധികമോ ഡിഎൻഎ അടയാളങ്ങളിൽ യോജിക്കുന്നില്ലെങ്കിൽ അയാളല്ല പിതാവെന്ന കാര്യം 100% ഉറപ്പിക്കാനാകും.
പിതൃത്വ പരിശോധനകൾ എങ്ങനെയൊക്കെ?
1. പറ്റേണിറ്റി ടെസ്റ്റ് (Paternity test): കുട്ടിയിൽ നിന്നും പുരുഷനിൽ നിന്നും എടുക്കുന്ന രക്തസാംപിളുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കും. നിയമപരമായ ആവശ്യങ്ങ ളിലാണ് ഈ പരിശോധന സാധാരണയായി നടത്തപ്പെടുന്നത്.
2. മറ്റേണിറ്റി/ പറ്റേണിറ്റി ടെസ്റ്റ് (Maternity/paternity test): കുട്ടിയുടെ മാതൃത്വവും, പിതൃത്വവും പരിശോധിക്കാനാണ് ഇതുപയോഗിക്കുന്നത്. കുട്ടിയുടേയും, സ്ത്രീയുടേയും, പുരുഷന്റേയും രക്തസാംപിളുകൾ ഇതിനായി ശേഖരിക്കുന്നു. ഒന്നു രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിന്റെയും ഫലം ലഭിക്കും.
3. നോൺ-ഇൻവാസീവ് പ്രീനേറ്റൽ പറ്റേണിറ്റി ടെസ്റ്റ് (Non invasive prenatal paternity test): ജനിക്കാനിരിക്കുന്ന കുട്ടിയുടെ പിതൃത്വം അറിയാനാണ് ഈ പരിശോധന. അമ്മയുടെ ശരീരത്തിൽ നിന്നെടുക്കുന്ന രക്തത്തിലേയും, ആരോപിതനായ പിതാവിന്റെ വായ്ക്കുള്ളിലെ സ്രവങ്ങളിലേയും ഡിഎൻഎ സാംപിളുകൾ പരിശോധിച്ചാണ് പിതൃത്വം നിർണയിക്കുന്നത്. അമ്മയുടെ ഡിഎൻഎയിൽ നിന്ന് ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎയുടെ ബ്ലൂപ്രിന്റ് ഉണ്ടാക്കുന്നു. ഇതിനെ ആരോപിതനായ പിതാവിന്റെ ഡിഎൻഎയുമായി താരതമ്യം ചെയ്യുന്നു. ഗർഭം ധരിച്ച് ഒൻപതു മാസം തികയും മുൻപേ ചെയ്യുന്ന ഈ പരിശോധന യുടെ ഫലം രണ്ടുമൂന്നാഴ്ച കൾക്കുള്ളിൽ ലഭിക്കും.
ഡിഎൻഎ പ്രൊഫൈൽ പരിശോധിക്കുന്നതിന് വ്യത്യസ്തമായ മാർഗങ്ങളുണ്ട്. ഏറ്റവും പുതിയ രീതിയായ പിസിആർ പരിശോധനയ്ക്ക് ഒറ്റ കോശമോ ഡിഎൻഎയുടെ ഒരു ഭാഗമോ മാത്രം മതി. നിലവിൽ ഡിഎൻഎ പരിശോധനയുടെ എല്ലാ നടപടിക്രമങ്ങൾക്കുമുള്ള ഉപകരണങ്ങൾ ലഭ്യമാണ്. കേരളത്തിൽ ഒട്ടേറെ സർക്കാർ അംഗീകൃത ലാബുകൾ പിതൃത്വ പരിശോധന നടത്തുന്നുണ്ട്. 13000 രൂപ മുതൽ 25000 രൂപ വരെയാണ് ഇതിൻ്റെ നിരക്ക്'.
കുറിപ്പിൽ പറയുന്നത് പോലെ, ഡിഎൻഎ പരിശോധന എന്നത് ഒരു വ്യക്തിയുടെ ജനിതകഘടന പരിശോധിച്ച് മറ്റൊരു വ്യക്തിയുമായുള്ള ബന്ധം സ്ഥാപിക്കുന്ന ഒരു ശാസ്ത്രീയ രീതിയാണ്. ഇന്ന്, പിതൃത്വം തെളിയിക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ മാർഗമാണിത്. ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ മരിച്ചുപോയ വ്യക്തികളുടെ ഡിഎൻഎയും പരിശോധിച്ച് ബന്ധം സ്ഥാപിക്കാൻ കഴിയുമെന്നാണ് പറയുന്നത്. ഇത് പല കുടുംബപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ഈ വിവരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിച്ചാൽ, പലർക്കും ഇത് വളരെ ഉപകാരപ്രദമാകും. അതുകൊണ്ട്, ഈ വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും പങ്കുവെക്കാൻ മടിക്കേണ്ടതില്ല.
#DNATest #PaternityTest #GeneticTesting #ForensicScience #ScienceFacts #Health