Court Verdict | ജീവിത പങ്കാളിയെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒഴിവാക്കുന്നത് ക്രൂരതയായി കണക്കാക്കുമെന്ന് ഹൈകോടതിയുടെ സുപ്രധാന വിധി; ഭർത്താവിന് വിവാഹമോചനത്തിന് അനുമതി

 
Spouse


ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പരം ഒരാളുടെ പ്രശസ്തി, സാമൂഹിക നില, ജോലി സാധ്യതകള്‍ എന്നിവ നശിപ്പിക്കുന്ന ഏത് പ്രവൃത്തിയും ക്രൂരതയായി കണക്കാക്കപ്പെടുമെന്ന് ബെഞ്ച്

ഹൈദരാബാദ്: (KVARTHA) വിവാഹബന്ധത്തിലെ ക്രൂരതയുടെ നിര്‍വചനം വിപുലീകരിച്ചുകൊണ്ട്, ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പരം ഒരാളുടെ പ്രശസ്തി, സാമൂഹിക നില, ജോലി സാധ്യതകള്‍ എന്നിവ നശിപ്പിക്കുന്ന ഏത് പ്രവൃത്തിയും ക്രൂരതയായി കണക്കാക്കപ്പെടുമെന്ന് തെലങ്കാന ഹൈകോടതിയുടെ സുപ്രധാന വിധി. കൂടാതെ ജീവിത പങ്കാളിയെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒഴിവാക്കുന്നതും ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് എംജി പ്രിയദർശിനി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഭർത്താവിൻ്റെ അപ്പീൽ അംഗീകരിച്ചു കൊണ്ടാണ് ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്.

2010ലാണ് ദമ്പതികൾ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഇരുവരും തമ്മിൽ ദാമ്പത്യ തർക്കം ആരംഭിച്ചു. 2011ൽ ഭാര്യ ഭർതൃവീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയും ഭർത്താവിനെതിരെ അഞ്ച് ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുകയും ചെയ്തു. ഐപിസി സെക്ഷൻ 498 എ പ്രകാരം ക്രൂരത, സ്ത്രീധന പീഡനം തുടങ്ങിയ ആരോപണങ്ങളും ഇതിൽ ഉൾപ്പെടുന്നു.

2015 മെയ് മാസത്തിൽ, ഭർത്താവിനൊപ്പം വീണ്ടും താമസിക്കാൻ ഭാര്യ എത്തിയെങ്കിലും താമസിയാതെ വീട് വിട്ടു. ഇതിന് പിന്നാലെ ഭർത്താവിനെതിരെ കൂടുതൽ ക്രിമിനൽ കേസുകൾ ചുമത്തി. ഇതിൽ ചില കേസുകളിൽ ഭർത്താവ് കുറ്റവിമുക്തനായി. ഇതിന് പിന്നാലെയാണ് ഭർത്താവ് കോടതിയിൽ വിവാഹമോചന ഹർജി നൽകിയത് . 2021 നവംബറിൽ, ഭാര്യയുടെ പെരുമാറ്റം ക്രൂരതയല്ലെന്ന് നിരീക്ഷിച്ച് വിവാഹമോചനം അനുവദിക്കാൻ വിചാരണ കോടതി വിസമ്മതിച്ചു.

ഇതിന് പിന്നാലെയാണ് തെലങ്കാന ഹൈകോടതിയിൽ വിചാരണക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഭർത്താവ് അപ്പീൽ ഹർജി നൽകിയത്. തനിക്കെതിരെ ഒന്നിന് പിറകെ ഒന്നായി ക്രിമിനൽ പരാതികൾ നൽകി ഭാര്യ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് ഭർത്താവ് വാദിച്ചു. അതേസമയം, ഭാര്യയുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് ഭർത്താവിന് ഉത്തരവാദിത്തമുണ്ടന്നും ജീവനാംശം ഉറപ്പാക്കാതെ വിവാഹമോചനം അനുവദിക്കരുതെന്നും ഭാര്യയുടെ അഭിഭാഷകൻ വാദിച്ചു.

ഭാര്യയുടെ പ്രവൃത്തികൾ മാനസികമായ ക്രൂരതയ്ക്ക് തുല്യമാണെന്നും പരിഹരിക്കാനാകാത്ത വിധം ദാമ്പത്യബന്ധം തകർന്നെന്നും ഹൈകോടതി വിലയിരുത്തി. വിവാഹമെന്നത് വെറുമൊരു നേർച്ചയോ ചടങ്ങോ മാത്രമല്ലെന്നും കോടതി പറഞ്ഞു. ദാമ്പത്യജീവിതം കൂട്ടായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ഒരുമിച്ച് കെട്ടിപ്പടുക്കുന്ന ഇഷ്ടികകളുടെ വീട് പോലെയാണ്. ഓരോ വിവാഹത്തിനും കേന്ദ്രബിന്ദുവും അടിത്തറയുമുണ്ട്, അത് ദമ്പതികളെ ഒന്നിപ്പിക്കുന്നു. ഭാര്യാഭര്‍ത്താക്കന്‍മാര്‍ വേര്‍പിരിയാന്‍ ആഗ്രഹിക്കുമ്പോള്‍ ഈ കാമ്പ് ‌നശിപ്പിക്കപ്പെടുന്നുവെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. 

വിവാഹത്തിന്റെ അടിത്തറ തന്നെ തകർന്നിരിക്കുകയാണെങ്കിൽ, ആ കെട്ടിടം പുനരുദ്ധാരണം ചെയ്യാനോ നിലനിർത്താനോ സാധിക്കില്ല. വിവാഹത്തിന്റെ അടിത്തറ തന്നെ തകര്‍ന്നു പോയിട്ടുണ്ടെങ്കിൽ, ദമ്പതികളെ ഒന്നിച്ച് ജീവിക്കാനും ഭാര്യാഭര്‍ത്താക്കന്‍മാരായി തുടരാനും കോടതിക്ക് നിര്‍ബന്ധിക്കാനാകില്ല. ദാമ്പത്യ ജീവിതം പുനരുദ്ധരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കില്‍ വേര്‍പിരിയലാണ് ഉചിതമായ പരിഹാരം. രണ്ടുപേർക്ക് ഇനി ഒരുമിച്ചുള്ള ജീവിതം സങ്കൽപ്പിക്കാൻ കഴിയില്ലെന്നത് വിവാഹം വേർപെടുത്തുന്നതിനും വിവാഹമോചനത്തിന് ഉത്തരവിടുന്നതിനുമുള്ള മതിയായ കാരണമായി കാണണമെന്നും ഹൈകോടതി പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia