Legal Ruling | ലൈംഗിക ഉദ്ദേശ്യമില്ലെങ്കിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ചുണ്ടിൽ സ്പർശിക്കുന്നത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമല്ലെന്ന് ഹൈകോടതി


ന്യൂഡൽഹി: (KVARTHA) ലൈംഗിക ഉദ്ദേശ്യത്തോടെയല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചുണ്ടിൽ സ്പർശിക്കുന്നതും, അടുത്ത് കിടന്നുറങ്ങുന്നതും പോക്സോ നിയമത്തിലെ 'ഗുരുതരമായ ലൈംഗികാതിക്രമം' എന്ന വകുപ്പ് പ്രകാരം കുറ്റകരമല്ലെന്ന് ഡൽഹി ഹൈകോടതി. ലൈംഗികമായ ലക്ഷ്യങ്ങളില്ലാത്ത പ്രവൃത്തികൾ കുട്ടിയുടെ അന്തസ്സിനെയും, സ്വകാര്യതയെയും ഹനിക്കുന്നതും, ലജ്ജാവഹവും ആണെങ്കിലും, പോക്സോ നിയമത്തിലെ സെക്ഷൻ 10 പ്രകാരം കുറ്റം ചുമത്തുന്നതിനുള്ള നിയമപരമായ പരിധി കവിയുന്നില്ലെന്ന് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ നിരീക്ഷിച്ചു.
എങ്കിലും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 354 പ്രകാരം 'സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശ്യത്തോടെയുള്ള ആക്രമണം അല്ലെങ്കിൽ ബലപ്രയോഗം' എന്ന കുറ്റം നിലനിൽക്കുമെന്നും കോടതി വിധിയിൽ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതൃസഹോദരൻ, തനിക്കെതിരെ ചുമത്തിയ ഐപിസി സെക്ഷൻ 354, പോക്സോ നിയമത്തിലെ സെക്ഷൻ 10 എന്നിവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഐപിസി സെക്ഷൻ 354 പ്രകാരമുള്ള കുറ്റം നിലനിർത്തുകയും പോക്സോ നിയമത്തിലെ സെക്ഷൻ 10 പ്രകാരമുള്ള കുറ്റത്തിൽ നിന്ന് പ്രതിയെ ഒഴിവാക്കുകയും ചെയ്തു.
പെൺകുട്ടി തൻ്റെ പിതൃസഹോദരൻ ചുണ്ടിൽ സ്പർശിക്കുകയും അമർത്തുകയും, അടുത്ത് കിടന്നുറങ്ങുകയും ചെയ്തെന്നും ഇത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ആരോപിച്ചിരുന്നു. ഈ കേസിൽ സുപ്രീം കോടതിയുടെ മുൻ വിധികൾ ഉദ്ധരിച്ചുകൊണ്ട്, ഐപിസി സെക്ഷൻ 354-ൽ പറയുന്ന 'സ്ത്രീത്വത്തെ അപമാനിക്കൽ' എന്നത് സ്ത്രീയുടെയോ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയോ അന്തസ്സിസിന്റെയോ, സ്വന്തം ശരീരം എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശത്തിന്റെയും വെളിച്ചത്തിൽ വ്യാഖ്യാനിക്കണമെന്ന് കോടതി പറഞ്ഞു.
'എന്നാൽ, ഇര ലൈംഗിക സ്വഭാവമുള്ള ഒരു പ്രവൃത്തിയും ആരോപിച്ചിട്ടില്ല. മജിസ്‌ട്രേറ്റിന് മുന്നിലോ, പൊലീസിനു മുന്നിലോ, ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) മുന്നിലോ നൽകിയ മൊഴികളിൽ ലൈംഗികാതിക്രമം നടന്നുവെന്നോ, അങ്ങനെയൊരു കുറ്റം ചെയ്യാൻ ശ്രമിച്ചുവെന്നോ പോലും സൂചിപ്പിച്ചിട്ടില്ല... ഇരയുടെ മൊഴികളിൽ ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ഒരു സൂചന പോലുമില്ലാത്തത്, പോക്സോ നിയമത്തിലെ സെക്ഷൻ 10 പ്രകാരമുള്ള കുറ്റത്തിന് അനിവാര്യമായ 'ലൈംഗിക ഉദ്ദേശ്യം' എന്ന അടിസ്ഥാന ഘടകത്തെ ഇല്ലാതാക്കുന്നു', കോടതി കൂട്ടിച്ചേർത്തു.
മാതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് ബാല സംരക്ഷണ സ്ഥാപനത്തിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. സംഭവ സമയത്ത് അവൾ കുടുംബം സന്ദർശിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കുടുംബാംഗങ്ങളുടെ സ്നേഹവും സുരക്ഷിതത്വവും തേടുന്ന സാഹചര്യത്തിൽ, വിശ്വസ്ത സ്ഥാനത്തുള്ള ഒരു കുടുംബാംഗം നടത്തുന്ന അനുചിതമായ ശാരീരിക സ്പർശനം വെറും ബുദ്ധിമുട്ടുകൾക്കപ്പുറം, കുട്ടിയുടെ അന്തസ്സിനും, ലജ്ജക്കും എതിരായ ലംഘനമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ലജ്ജ തോന്നിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞുകൊണ്ട് നടത്തുന്ന ചെറിയ ശാരീരിക സ്പർശനം പോലും ഐപിസി സെക്ഷൻ 354 പ്രകാരം കുറ്റം ചുമത്തുന്നതിന് മതിയാകുമെന്നും കോടതി വ്യക്തമാക്കി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Delhi High Court rules that touching a minor's lips without sexual intent is not considered sexual assault under POCSO law but could still fall under IPC for insult.
#POCSO #DelhiHighCourt #IPC #LegalRuling #ChildProtectionNews