Interim bail | കേജ് രിവാളിന് ഇനിയും ജയിലില്‍ തുടരണം; ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന വാദം പരിഗണിക്കാതെ കോടതി; ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂണ്‍ 19 വരെ നീട്ടി
സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷ ജൂണ്‍ ഏഴിന് പരിഗണിക്കും
ജാമ്യം അവസാനിച്ച് ജൂണ്‍ രണ്ടിനാണ് കേജ് രിവാള്‍ ജയിലില്‍ തിരികെ എത്തിയത്
ന്യൂഡെല്‍ഹി: (KVARTHA) മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി ഡെല്‍ഹി റൗസ് അവന്യൂ കോടതി. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂണ്‍ 19 വരെ നീട്ടുകയും ചെയ്തു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാട്ടി ഏഴുദിവസത്തേക്കാണ് കേജ് രിവാള്‍ ജാമ്യം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ തയാറാകാതെയാണ് കോടതി കസ്റ്റഡി കാലാവധി നീട്ടി നല്‍കിയത്. കേജ് രിവാളിന് വൈദ്യപരിശോധന നടത്താന്‍ അധികൃതരോട് നിര്‍ദേശിക്കുകയും ചെയ്തു. കേജ് രിവാളിന്റെ സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷ ജൂണ്‍ ഏഴിന് റൗസ് അവന്യൂ കോടതി പരിഗണിക്കും.
ഡെല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ കേജ് രിവാളിന് സുപ്രീം കോടതി അനുവദിച്ച ജാമ്യകാലാവധി ജൂണ്‍ ഒന്നിനാണ് അവസാനിച്ചത്. തുടര്‍ന്നാണ് ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ സുപ്രീം കോടതി രജിസ്ട്രി അപേക്ഷ സ്വീകരിച്ചിരുന്നില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനാല്‍ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് രജിസ്ട്രി വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് കേജ് രിവാള്‍ വിചാരണക്കോടതിയായ റൗസ് അവന്യൂ കോടതിയിലെത്തിയത്. എന്നാല്‍, ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിയതോടെ ജൂണ്‍ രണ്ടിന് തന്നെ അദ്ദേഹത്തിന് ജയിലിലേക്ക് മടങ്ങേണ്ടിവന്നു. മാര്‍ച് 21-നാണ് മദ്യനയ അഴിമതി കേസില്‍ ഇഡി കേജ് രിവാളിനെ അറസ്റ്റുചെയ്തത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേയ് പത്തിനാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്.