Threat | 'കോണ്‍ഗ്രസ് വിടുന്നതാവും നിങ്ങള്‍ക്കും കുടുംബത്തിനും നല്ലത്,  ഇത് അവസാനത്തെ മുന്നറിയിപ്പ്'; ഗുസ്തി താരം ബജ് രംഗ് പുനിയയ്ക്ക് വധഭീഷണി
 

 
Death Threat to Wrestler Bajrang Punia
Death Threat to Wrestler Bajrang Punia

Photo Credit: Facebook / Bajrang Punia

അന്താരാഷ്ട്ര നമ്പറില്‍ നിന്നും വാട്സാപ്പിലൂടെയാണ് ഭീഷണിസന്ദേശം ലഭിച്ചത്. 
 

ചണ്ഡീഗഢ്: (KVARTHA) കോണ്‍ഗ്രസില്‍ ചേര്‍ന്ന ഗുസ്തി താരം ബജ് രംഗ് പുനിയയ്ക്ക് വധഭീഷണി. കോണ്‍ഗ്രസ് വിട്ടില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളാനാണ് സന്ദേശത്തില്‍ പറയുന്നത്. സന്ദേശം ലഭിച്ചതിന് പിന്നാലെ പുനിയ സോനിപത്തിലെ ബാല്‍ഗഢ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്താരാഷ്ട്ര നമ്പറില്‍ നിന്നും വാട്സാപ്പിലൂടെയാണ് ഞായറാഴ്ച ഭീഷണിസന്ദേശം ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

'ബജ് രംഗ്, കോണ്‍ഗ്രസ് വിടുന്നതാവും നിങ്ങള്‍ക്കും കുടുംബത്തിനും നല്ലത്. ഇത് അവസാനത്തെ മുന്നറിയിപ്പാണ്. ഞങ്ങളാരാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളെ കാണിച്ചുതരും. എവിടെ വേണമെങ്കിലും പരാതിപ്പെട്ടോളൂ, ഇത് ഞങ്ങളുടെ ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പാണ്', എന്നാണ് സന്ദേശത്തില്‍ പറയുന്നത്.

അതിനിടെ, ബജ് രംഗ് പുനിയയ്ക്കും വിനേഷ് ഫോഗട്ടിനുമെതിരായി പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബ്രിജ് ഭൂഷന്‍ നടത്തിയ പ്രസ്താവനകള്‍ ഹരിയാനയിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്ക് എതിരായ വികാരമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് താക്കീത്. ബിജെപി ദേശീയ ആധ്യക്ഷന്‍ ജെപി നഡ്ഡ ബ്രിജ് ഭൂഷണിനോട് സംസാരിച്ചതായാണ് വിവരം. ബുദ്ധിപൂര്‍വമായ മൗനം ഇക്കാര്യത്തില്‍ സ്വീകരിക്കാനാണ് നഡ്ഡ ആവശ്യപ്പെട്ടതെന്നാണ് സൂചന.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ് രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. റെയില്‍വേയില്‍നിന്ന് രാജിവെച്ചായിരുന്നു ഇരുവരുടേയും രാഷ്ട്രീയപ്രവേശം. പിന്നാലെ വിനേഷ് ഫോഗട്ടിനെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ബജ് രംഗ് പുനിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായും നിയമിച്ചിരുന്നു. വിനേഷ് ഫോഗട്ട് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.

#BajrangPunia, #DeathThreat, #Congress, #BJP, #Wrestling, #Haryana

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia