ചൈനയുടെ കണ്ണിലെ കരട്: ദലൈലാമയുടെ പാരമ്പര്യവും പിൻഗാമിയും

 
Portrait of the Dalai Lama.
Portrait of the Dalai Lama.

Photo Credit: Facebook/ Dalai Lama

● 66 വർഷമായി ദലൈലാമയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു.
● ദലൈലാമയുടെ 90-ാം ജന്മദിനാഘോഷങ്ങൾ ധരംശാലയിൽ നടക്കും.
● ടിബറ്റിൽ ദലൈലാമയുടെ ചിത്രം പ്രദർശിപ്പിക്കുന്നത് പോലും നിരോധിച്ചു.
● ടിബറ്റിന്റെ മോചനം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തകർച്ചയിലൂടെയെന്ന് ലേഖനം.

ഭാമനാവത്ത്

(KVARTHA) ഇന്ത്യൻ മണ്ണിൽ അഭയം തേടിയിട്ട് ദശാബ്ദങ്ങൾ പിന്നിടുമ്പോഴും, ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഫലമായി ടിബറ്റൻ ജനത ഇപ്പോഴും അഭയാർത്ഥികളായി കഴിയുന്നു. ടിബറ്റൻ ജനതയുടെ ആത്മീയ ആചാര്യനായ ദലൈലാമയെയും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും പോലുള്ള രാഷ്ട്ര നേതാക്കൾക്ക് അഭയം നൽകി ഇന്ത്യ ലോകത്തിനുമുന്നിൽ മാതൃകയായിട്ടുണ്ട്. 

അശരണർക്ക് അഭയം നൽകുന്ന മഹത്തായ പാരമ്പര്യം ഇന്നും ഇന്ത്യ കാത്തുസൂക്ഷിക്കുന്നു. അക്രമകാരികളായി വന്ന മുഗളന്മാർക്കുപോലും അഭയം നൽകിയ നമ്മുടെ രാജ്യം ലോകത്തിന് വെളിച്ചമാണ്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഘാന ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചതും അവരെ ചേർത്തുനിർത്തിയതും ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റി. ഇരുണ്ട ഭൂഖണ്ഡമെന്ന് അറിയപ്പെടുന്ന ആഫ്രിക്കയെ ലോകത്തിലെ വൻ രാജ്യങ്ങൾ പ്രകൃതി ചൂഷണത്താൽ ശൂന്യമാക്കിയപ്പോഴും, ഇന്ത്യ സ്വാർത്ഥ താൽപ്പര്യങ്ങളില്ലാതെ അവിടുത്തെ പട്ടിണിപ്പാവങ്ങളായ ജനങ്ങളെ നെഞ്ചോട് ചേർത്തുനിർത്തുകയായിരുന്നു.

ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ ചൈനീസ് ഉന്മൂലനം ഭയന്ന് പലായനം ചെയ്തപ്പോഴും, ജവഹർലാൽ നെഹ്റുവിന്റെ ചേരിചേരാനയം പിന്തുടരുന്ന ഇന്ത്യ മാത്രമാണ് അദ്ദേഹത്തിന് അഭയം നൽകിയത്. ഇന്ത്യ-ചൈന യുദ്ധത്തിന് പിന്നിൽ ഈയൊരു കാരണം അന്തർലീനമായിരുന്നു. ചൈനീസ് അതിർത്തിയിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു.

ടിബറ്റുകാരുടെ ആത്മീയ ആചാര്യനായ ദലൈലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. പാകിസ്ഥാനെ ചൈന പിന്തുണയ്ക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതുതന്നെയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ പോലും ചൈന പാകിസ്ഥാനെ പിന്തുണച്ചു.

ദലൈലാമയുടെ പിൻഗാമിയെക്കുറിച്ചുള്ള ചൈനയുടെ നിലപാടിനെ ഇന്ത്യ ഇപ്പോൾ ശക്തമായി തള്ളിക്കളഞ്ഞിരിക്കുകയാണ്. പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള അധികാരം ദലൈലാമയ്ക്കും അദ്ദേഹവുമായി ബന്ധപ്പെട്ട പ്രസ്ഥാനത്തിനുമാണെന്നും, അതിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവന രാജ്യത്തിന്റെ ഉറച്ച നിലപാട് വ്യക്തമാക്കുന്നു.

24-ാം വയസ്സിലാണ് ദലൈലാമ ഇന്ത്യയിൽ അഭയം തേടുന്നത്. അന്നുമുതലുള്ള എല്ലാ ഇന്ത്യൻ പ്രധാനമന്ത്രിമാരുമായും അദ്ദേഹത്തിന് നല്ല ബന്ധമാണുള്ളത്. 66 വർഷമായി ദലൈലാമയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യക്ക്, ദലൈലാമയുടെ സ്ഥാപനത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ നിർണായക പങ്കുണ്ട്. 

എന്നിരുന്നാലും, ഇന്ത്യയിൽ കഴിയുന്ന ടിബറ്റൻ അഭയാർത്ഥികളെ അതിർത്തികളിലൂടെ നുഴഞ്ഞുകയറി ഭിന്നിപ്പിക്കാൻ ചൈന ശ്രമിക്കുകയാണെങ്കിൽ അത് രാജ്യസുരക്ഷയിൽ വലിയ വിള്ളൽ വീഴ്ത്തും.

ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനോട് യുഎസിനും യോജിപ്പുണ്ട്. 1980-കൾ മുതൽ ടിബറ്റൻ ബുദ്ധമതവുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്ക ഇടപെടുന്നുണ്ട്. ദലൈലാമയെ ഔദ്യോഗികമായി വൈറ്റ് ഹൗസിലേക്ക് ആദ്യം സ്വാഗതം ചെയ്ത അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ആയിരുന്നു. 

ടിബറ്റൻ ബുദ്ധമതം ഉൾപ്പെടെ ചൈനയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ക്ലിന്റൺ ആശങ്ക ഉന്നയിക്കുകയും ചെയ്തിരുന്നു. ചൈനയുടെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ തെളിവായിട്ടാണ് ധരംശാലയിൽ 2011-ൽ രൂപീകരിച്ച പ്രവാസ സർക്കാരായ ഗാഡൻ ഫ്രോഡ്രാങ്ങിനെ യുഎസ് നോക്കിക്കാണുന്നത്. യുഎസ്-ചൈന അസ്വാരസ്യങ്ങൾക്കിടയിൽ ചൈനയ്‌ക്കെതിരായ ഒരു ആയുധമായി ഈ തീരുമാനത്തെ ഉപയോഗിക്കാനും സാധ്യതയുണ്ട്.

ദലൈലാമയുടെ 90-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കായി ധരംശാലയിലെ തെരുവുകൾ ഒരുങ്ങുകയാണ്. ദലൈലാമയുടെ ചിത്രം പ്രദർശിപ്പിക്കുന്നത് പോലും നിരോധിച്ചിരിക്കുന്ന ടിബറ്റിൽ, ടിബറ്റൻ ബുദ്ധമത വിശ്വാസികൾ ആ ദിവസം കൊണ്ടാടുന്നുണ്ടെങ്കിൽ അത് അതീവ രഹസ്യമായിട്ടായിരിക്കും. 

ആഘോഷം ശ്രദ്ധയിൽപ്പെട്ടാൽ അറസ്റ്റ് ഉറപ്പാണ്. ദലൈലാമയുടെ ജന്മദിനാഘോഷ വേളയിൽ ടിബറ്റിൽ എല്ലായ്പ്പോഴും സുരക്ഷ ശക്തമാക്കാറുണ്ട്. ബുദ്ധ സന്യാസിമാർക്ക് മേൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. നേരത്തെ ബുദ്ധമത ആഘോഷങ്ങളിൽ പങ്കെടുത്തതിന് ഡസൻ കണക്കിന് ആളുകളെ ചൈന അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. 

ധരംശാലയിലെ സമ്മേളനത്തിന് മുന്നോടിയായി ടിബറ്റൻ ഗ്രാമങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്.

മരിക്കുന്നതിന് മുൻപ് അവസാനമായി തന്റെ ജന്മനാടായ ടിബറ്റ് സന്ദർശിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ഒരിക്കൽ ദലൈലാമ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഉറപ്പുനൽകിയാൽ മാത്രമേ അദ്ദേഹം അതിന് മുതിരുകയുള്ളൂ. ടിബറ്റ് ചൈനയുടെ അവിഭാജ്യ ഘടകമാണെന്ന് പരസ്യമായി ദലൈലാമ അംഗീകരിക്കുകയും ചൈനയിലെത്തിയാൽ അവിടെ തുടരുകയും ചെയ്യണമെന്നാണ് ചൈനയുടെ ആവശ്യം. 

അതുകൊണ്ട് ദലൈലാമയുടെ ആ ആഗ്രഹം സാക്ഷാത്കരിക്കപ്പെടാനുള്ള സാധ്യതകളില്ല. അദ്ദേഹത്തെ ഒരു നോക്ക് കാണാനുള്ള അവസരം പോലും ടിബറ്റുകാർക്ക് ലഭിക്കാതെ ഒരുപക്ഷേ ആ യുഗം അവസാനിച്ചേക്കാം.

‘എന്റെ കിടക്കയിൽ ചൈനക്കാർ ഇരുന്നുകൊണ്ടുള്ള ഒരു മരണം ഞാനാഗ്രഹിക്കുന്നില്ല. ഇന്ത്യക്കാർ, എന്റെ സുഹൃത്തുക്കൾ…അവർ എനിക്ക് സമീപം കിടക്കയിലിരിക്കുമ്പോഴുള്ള മരണമാണ് ഞാനാഗ്രഹിക്കുന്നത്,’ ദലൈലാമ എന്ന ആത്മീയ നേതാവ് ഈ കാര്യത്തിൽ പറഞ്ഞിട്ടുണ്ട്.

ലോകത്തിലെ അശരണരായ ജനതയായ ടിബറ്റുകാരെ സംരക്ഷിക്കേണ്ടത് ബുദ്ധമതം ജനിച്ച ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. എന്തെല്ലാം എതിർപ്പുകളുണ്ടായാലും ചൈനീസ് കാട്ടാളത്തത്തിൽ നിന്ന് അവരെ രക്ഷിക്കാനുള്ള കടമ ഇന്ത്യ മഹാരാജ്യത്തിനുണ്ട്. 

മുഷ്കിന്റെയും സൈനിക ശക്തിയുടെയും ഏകാധിപത്യത്തിന്റെയും പ്രതീകമായ തെമ്മാടി രാഷ്ട്രത്തിന് മുൻപിൽ കീഴടങ്ങാൻ ഓരോ ഇന്ത്യക്കാരനും തയ്യാറല്ലെന്ന ആത്മവിശ്വാസമാണ് കേന്ദ്ര സർക്കാർ വിളംബരം ചെയ്യുന്നത്. ദലൈലാമ ലോകത്തിന് ആത്മീയ വെളിച്ചം പകർന്ന ശ്രീ ബുദ്ധന്റെ നാട്ടിൽ നിന്നുതന്നെ നിർവാണം പ്രാപിക്കട്ടെ. 

എന്നെങ്കിലും സോവിയറ്റ് യൂണിയൻ തകർന്നതുപോലെ ചൈനീസ് കമ്യൂണിസ്റ്റ് ഭീകര ഭരണകൂടവും തകർന്ന് ചിന്നിത്തെറിച്ച് പല വഴിക്കായി നശിക്കുമെന്നത് ഉറപ്പാണ്. അന്ന് മാത്രമേ ഈ ദുഷ്ടശക്തികളിൽ നിന്ന് ടിബറ്റിന്റെ മോചനം സാധ്യമാവുകയുള്ളൂ.

ദലൈലാമയുടെ പിൻഗാമി വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 


Article Summary: The Dalai Lama's legacy and succession become a key issue in India-China relations.

#DalaiLama #Tibet #IndiaChina #HumanRights #Succession #TibetanExile

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia