നികുതി വെട്ടിപ്പ് നടത്തിയെന്ന് കാട്ടി ദിവസ വേതനക്കാരന് ഐടി വകുപ്പിന്റെ നോടിസ്; ഭീമമായ തുക തന്റെ ഉറക്കം കെടുത്തുന്നുവെന്ന് 23കാരന്‍

 


റൂര്‍കേല: (www.kvartha.com ) സ്ഥിരമായ ജോലി പോലുമില്ലാത്ത ദിവസ വേതനക്കാരന് നികുതി വെട്ടിപ്പ് നടത്തിയെന്ന് കാട്ടി ഐടി വകുപ്പിന്റെ നോടിസ്. റിങ്കു ബാരിക് എന്ന 23 കാരനാണ് ആദായനികുതി വകുപ്പ് തന്റെ വരുമാനത്തിന് വന്‍തോതില്‍ നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ പേരില്‍ ആരെങ്കിലും തട്ടിപ്പ് നടത്തിയതാണെന്ന് കാട്ടി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഐടി അധികൃതര്‍ അത് തള്ളുകയായിരുന്നുവെന്നും ഇതോടെ ഭീമമായ നികുതി തുകയുടെ പേരില്‍ തന്റെ ഉറക്കം കെടുത്തുകയാണെന്നും റിങ്കു സങ്കടത്തോടെ പറയുന്നു.

നികുതി വെട്ടിപ്പ് നടത്തിയെന്ന് കാട്ടി ദിവസ വേതനക്കാരന് ഐടി വകുപ്പിന്റെ നോടിസ്; ഭീമമായ തുക തന്റെ ഉറക്കം കെടുത്തുന്നുവെന്ന് 23കാരന്‍


2018 സെപ്റ്റംബറില്‍ ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സില്‍ നിന്ന് സ്‌പോട് സമന്‍സ് ലഭിച്ചതോടെയാണ് റിങ്കുവിന്റെ ഉറക്കമില്ലായ്മ തുടങ്ങിയത്. അതേ വര്‍ഷം ഡിസംബറില്‍, ഏകദേശം 4.31 കോടി രൂപയുടെ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് (ITC) ലഭിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നും കാണിച്ച് സിഎസ്ജിടിയും നയാഗര്‍ റേഞ്ചിലെ സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ടും റിങ്കുവിനെതിരെ നോടിസ് അയച്ചു.

എന്നാല്‍ റൂര്‍കേലയിലും നയാഗഢിലുമുള്ള രണ്ട് വിലാസങ്ങളുള്ള ഒരു സ്റ്റീല്‍ കംപനിയുടെ ഉടമയാണെന്ന് കാണിക്കാന്‍ തന്റെ ഐഡന്റിറ്റി ഉപയോഗിച്ച് ചിലര്‍ തട്ടിപ്പ് നടത്തിയതാണെന്ന് റിങ്കു പറഞ്ഞു. അര്‍ബന്‍ കോഓപറേറ്റീവ് ബാങ്ക് ലിമിറ്റഡിന്റെ (UCBL) റൂര്‍കേല ശാഖയില്‍ റിങ്കുവിന്റെ പേരില്‍ ഒരു കറന്റ് അകൗണ്ടും ആരംഭിച്ചിട്ടുണ്ട്. താന്‍ ജോലിക്ക് അപേക്ഷിച്ചപ്പോള്‍ തന്റെ സ്വകാര്യ രേഖകള്‍ ചിലരുമായി പങ്കുവച്ചിരുന്നതായി റിങ്കു പറഞ്ഞു.

കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാടുപെടുന്ന, കുറഞ്ഞ വരുമാനമുള്ള ബാര്‍ബറായ റിങ്കുവിന്റെ അച്ഛന്‍ ഗണേഷ് മകന്റെ ദുരവസ്ഥയില്‍ സങ്കടപ്പെടുകയാണ്. മാര്‍ച് 10 ന് മകന് ഐടി വകുപ്പില്‍ നിന്ന് ഒരു നോടിസ് ലഭിച്ചു. തന്റെ നിരപരാധിത്വം വിശദീകരിച്ച് റിങ്കു അതിന് മറുപടിയും എഴുതി. എന്നാല്‍ ഐടി വ്യവസ്ഥകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച് 28 ന് മറ്റൊരു നോടിസ് അയച്ചു. രണ്ടാമത്തെ നോടിസില്‍, റൂര്‍കേലയിലെ വാര്‍ഡ്-ഒന്നിലെ ഐടി ഓഫിസര്‍, അപേക്ഷകന്റെ മറുപടി നിരസിച്ചു എന്നാണ് എഴുതിയിരിക്കുന്നത്.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ റിങ്കുവിന്റെ യുസിബിഎല്‍ അകൗണ്ടില്‍ ക്രെഡിറ്റ് ചെയ്ത 13.21 കോടി രൂപയ്ക്കും 16.16 കോടി രൂപയുടെ വ്യാജ ഇടപാടുകള്‍ക്കും 2.94 കോടി രൂപയുടെ പര്‍ചേസ് ഇടപാടിനും ഐടി വകുപ്പിന് നികുതി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ തന്റെ ഐഡന്റിറ്റിയും രേഖകളും വ്യാജമായി ഉപയോഗിച്ച് എസ്ജിഎസ്ടി ഉണ്ടാക്കിയെന്നാരോപിച്ച് സമ്പല്‍പൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുസിബിഎലിന്റെ റൂര്‍കേല ബ്രാഞ്ച് അസിസ്റ്റന്റ് മാനേജര്‍ അക്ഷയ് കുമാര്‍, സീനിയര്‍ ക്ലാര്‍ക് പ്രശാന്ത കുമാര്‍, എസ്ജിഎസ്ടി തട്ടിപ്പു നടത്തിയ അമിത് ബെരിവാള്‍, സന്തോഷ് സ്വയിന്‍ എന്നിവരെ റൂര്‍കേലയില്‍ നിന്ന് സൈബര്‍ ക്രൈം സെലും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും അറസ്റ്റ് ചെയ്തിട്ടുണ്ട്.

2008ലെ ഐടി ആക്ട് സെക്ഷന്‍ 66(സി)/66(ഡി) എന്നിവയ്ക്കൊപ്പം ഐപിസി സെക്ഷന്‍ 419, 420, 467, 120 (ബി) പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. നാല് പ്രതികളെയും ശനിയാഴ്ച സംബല്‍പൂര്‍ കോടതിയില്‍ ഹാജരാക്കി.

അമിത്, സന്തോഷ് എന്നിവരെ നേരത്തെ വാണിജ്യ നികുതി, എസ്ജിഎസ്ടി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു.

യുസിബിഎലിന്റെ റൂര്‍കേല ശാഖയില്‍ 120 ഓളം വ്യാജ അകൗണ്ടുകളുണ്ടെന്നും 2017-18, 2018-19 വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടന്നിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ തന്റെ പേര് ഉപയോഗിച്ചുള്ള തട്ടിപ്പ് അന്വേഷിക്കണമെന്ന് കാട്ടിയുള്ള പരാതി പൊലീസ് സ്വീകരിച്ചില്ലെന്നും തന്റെ കുടുംബത്തിന് അഭിഭാഷകനെ നിയമിക്കാന്‍ കഴിവില്ലെന്നും റിങ്കു പറഞ്ഞു.

റിങ്കുവിനെപ്പോലെ, ദരിദ്ര പശ്ചാത്തലത്തിലുള്ള നിരവധി പേരാണ് മറ്റുള്ളവര്‍ തങ്ങളുടെ ഐഡന്റിറ്റികള്‍ വ്യാജമായി നിര്‍മിച്ച് വന്‍തോതിലുള്ള സിജിഎസ്ടി, സ്റ്റേറ്റ് ജിഎസ്ടി തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് എന്തുചെയ്യണമെന്നറിയാതെ വിഷമം അനുഭവിക്കുന്നത്.

Keywords: Daily wager gets IT department notice for tax evasion, Cheating, News, GST, Notice, Application, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia