Resolution | പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം; എതിര്‍ക്കാതെ രാഹുല്‍; തീരുമാനം ഉടന്‍

 
CWC passes resolution to appoint Rahul Gandhi as Leader of Opposition in Lok Sabha, New Delhi, News, CWC passes resolution, Rahul Gandhi, Leader of Opposition, Lok Sabha, National News


വൈകിട്ട് ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ടി നേതാവിനെ തീരുമാനിക്കും


രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും ചരിത്രപരമായ വഴിത്തിരിവുകളെന്ന് പ്രമേയം
 

ന്യൂഡെല്‍ഹി: (KVARTHA) രാഹുല്‍ ഗാന്ധിയോട് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം(CWC)  ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. ദിഗ് വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തെ എല്ലാ നേതാക്കളും പിന്താങ്ങി. പ്രമേയത്തെ രാഹുല്‍ എതിര്‍ത്തില്ല. ഇതോടെ രാഹുല്‍ തന്നെയാകും പ്രതിപക്ഷ നേതാവ് എന്ന കാര്യത്തില്‍ സംശയമില്ല. 

വൈകിട്ട് ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ടി നേതാവിനെ തീരുമാനിക്കും. ഈ നേതാവായിരിക്കും ലോക് സഭയിലെയും രാജ്യസഭയിലെയും നേതാക്കളെ തിരഞ്ഞെടുക്കുക. നിലവില്‍ സോണിയ ഗാന്ധിയാണ് പാര്‍ലമെന്ററി പാര്‍ടി നേതാവ്. 

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ശ്രമങ്ങളെ സിഡബ്ല്യുസി പ്രമേയം പ്രശംസിച്ചു.
ഭരണഘടനയെ സംരക്ഷിക്കാനായി ഇന്‍ഡ്യയിലെ മുഴുവന്‍ ജനങ്ങളും നടത്തിയ പോരാട്ടത്തെയും തിരിച്ചുവരവിനായി കോണ്‍ഗ്രസിനെ പിന്തുണച്ചതിനും യോഗം നന്ദിയറിയിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനും ജനാധിപത്യം സംരക്ഷിക്കാനും പാര്‍ടി വ്യക്തമായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സംവിധാനങ്ങള്‍ രൂപീകരിക്കുമെന്നും യോഗത്തിനു ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

രാജ്യത്തുടനീളം ഉടനടി സാമൂഹിക സാമ്പത്തിക കണക്കെടുപ്പ് നടത്താനും രാജ്യത്തെ കര്‍ഷകരെയും യുവാക്കളെയും ബാധിക്കുന്ന സാമൂഹിക പ്രതിസന്ധികളില്‍ തീരുമാനമുണ്ടാക്കാനും പാര്‍ടി സമ്മര്‍ദം ചെലുത്തുമെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും ചരിത്രപരമായ വഴിത്തിരിവുകളായിരുന്നുവെന്നും അദ്ദേഹത്തിന്റെ ചിന്തയും വ്യക്തിത്വവും യാത്രകളില്‍ പ്രതിഫലിച്ചുവെന്നും ലക്ഷക്കണക്കിന് പ്രവര്‍ത്തകരിലും കോടിക്കണക്കിന് വോടര്‍മാരിലും ഇത് വിശ്വാസം വളര്‍ത്തിയെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ദളിതര്‍, ആദിവാസികള്‍, ഒബിസിക്കാര്‍ തുടങ്ങി എല്ലാ ന്യൂനപക്ഷങ്ങളുടെയും ആശങ്കകള്‍ സസൂക്ഷ്മം ശ്രദ്ധിച്ച രാഹുല്‍ ഗാന്ധിയുടെ യാത്രകളാണ് പാഞ്ച് ന്യായ്-പചീസ് ഗ്യാരന്റി പദ്ധതിക്ക് കാരണമായതെന്നും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും സിഡബ്ല്യുസി പ്രമേയത്തില്‍ ചൂണ്ടികാട്ടി.

അതേസമയം, റായ്ബറേലിയിലാണോ വയനാട്ടിലാണോ രാഹുല്‍ തുടരുക എന്ന കാര്യത്തില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് എഐസിസി ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാഹുല്‍ ദേശീയ നേതാവായതിനാല്‍ ഉത്തരേന്‍ഡ്യയില്‍ തന്നെ തുടരണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം. 

എംപിമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഈ മാസം 17ന് പാര്‍ലമെന്റില്‍ ചേരുന്ന കോണ്‍ഗ്രസ് യോഗത്തിന് മുന്നോടിയായി ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

ലോക് സഭയിലെ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സിഡബ്ല്യുസി രാഹുല്‍ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യര്‍ഥിച്ചതായും വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടണമെന്നാണ് സിഡബ്ല്യുസിയുടെ ആഗ്രഹമെന്ന് യോഗത്തിന് ശേഷം കോണ്‍ഗ്രസ് എംപി കുമാരി സെല്‍ജയും പ്രമോദ് തിവാരിയും പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുള്‍പ്പെടെ നിരവധി നേതാക്കള്‍ ഇതിനോടകം ഈ ആവശ്യം ഉന്നയിച്ചിരുന്നു. 140 കോടി ജനങ്ങളുടെ ആവശ്യമാണ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുകയെന്നതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia