Cow Hug Day | വിവാദമായ കൗ ഹഗ് ഡേ സര്‍കുലര്‍ ഒടുവില്‍ പിന്‍വലിച്ച് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്

 


ന്യൂഡെല്‍ഹി: (www.kvartha.com) വിവാദമായ കൗ ഹഗ് ഡേ സര്‍കുലര്‍ ഒടുവില്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു. കേന്ദ്രസര്‍കാരിന്റെ നിര്‍ദേശ പ്രകാരമാണ് സര്‍കുലര്‍ പിന്‍വലിച്ചത്. പ്രണയ ദിനമായ ഫെബ്രുവരി 14ന് കൗ ഹഗ് ഡെ ആചരിക്കാനായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. പശുക്കളെ ആലിംഗനം ചെയ്യണമെന്ന സര്‍കുലര്‍ ഏറെ വിവാദമായിരുന്നു.

പ്രണയ ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ആഹ്വാനം ചെയ്തത്. ഇന്‍ഡ്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്ഘടനയുടെയും ജൈവവൈവിധ്യത്തിന്റെയും നട്ടെല്ലാണ് പശുക്കളെന്നും അവയെ കെട്ടിപ്പിടിക്കുന്നത് ആളുകളില്‍ വൈകാരിക സമൃദ്ധിയും സന്തോഷവും നിറയ്ക്കുമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രടറി എസ് കെ ദത്തയുടെ ആഹ്വാനത്തില്‍ പറഞ്ഞിരുന്നു.

Cow Hug Day | വിവാദമായ കൗ ഹഗ് ഡേ സര്‍കുലര്‍ ഒടുവില്‍ പിന്‍വലിച്ച് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്

മൃഗസംരക്ഷണ വകുപ്പ് ഇറക്കിയ പ്രസ്താവന ഇങ്ങനെ:

ഇന്‍ഡ്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്ഘടനയുടെയും സുസ്ഥിരമായ ജീവിതത്തിന്റെയും കന്നുകാലി സമ്പത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും നട്ടെല്ലാണ് പശുക്കള്‍. അമ്മയെപ്പോലെ, എല്ലാത്തിനെയും പരിപോഷിപ്പിക്കുന്നതിനാലാണ് പശു കാമധേനു എന്നും ഗോമാതയെന്നും അറിയപ്പെടുന്നത്.

കാലാകാലങ്ങളായി പാശ്ചാത്യ സംസ്‌കാരം അധിനിവേശം നടത്തുന്നതിനാല്‍ വേദ സംസ്‌കാരം അവസാനത്തിന്റെ വക്കിലാണ്. പാശ്ചാത്യ സംസ്‌കാരം കാരണം നമ്മുടെ സംസ്‌കാരവും പാരമ്പര്യവും ഏതാണ്ട് മറന്ന അവസ്ഥയായി. പശുവിനുള്ള വളരെയേറെ ഗുണങ്ങള്‍ പരിഗണിക്കുമ്പോള്‍, പശുവിനെ കെട്ടിപ്പിടിക്കുന്നത് വൈകാരിക പൂര്‍ണവും ഏവര്‍ക്കും സന്തോഷം നിറക്കുന്നതുമാണ്.

പശു നല്‍കുന്ന പോസിറ്റീവ് എനര്‍ജിയും ജീവിതത്തില്‍ സന്തോഷം നിറക്കുന്ന ഗോമാതാവിന്റെ പ്രധാന്യവും കണക്കിലെടുത്ത് എല്ലാ പശുസ്‌നേഹികളും ഫെബ്രുവരി 14 കൗ ഹഗ് ഡേ (പശുക്കളെ കെട്ടിപ്പിടിക്കാനുള്ള ദിനം) ആയി ആചരിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ്.

മൃഗസംരക്ഷണ വകുപ്പിന്റെ ആഹ്വാനം ഏറെ വിവാദങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവെച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് ഉയര്‍ന്നത്. ഇതോടെയാണ് നടപടി പിന്‍വലിച്ചത്. സംഘ് പരിവാര്‍ അനുകൂലികള്‍ 'കൗ ഹഗ് ഡേ'യെ സ്വാഗതം ചെയ്തും രംഗത്തെത്തിയിരുന്നു.

Keywords:  'Cow Hug Day' celebration appeal for February 14 withdrawn by Animal Welfare Board, New Delhi, News, Politics, Valentine's-Day, Controversy, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia