Found Dead | 'ബിരിയാണി പങ്കുവയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം; 74കാരന്‍ 70കാരിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; ദേഹത്ത് തീപടരുന്നതിനിടെ ഭാര്യ കെട്ടിപ്പിടിച്ചതോടെ പൊള്ളലേറ്റ് ഭര്‍ത്താവും മരിച്ചു'
Nov 10, 2022, 12:56 IST
ചെന്നൈ: (www.kvartha.com) ബിരിയാണി പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 74കാരന്‍ 70 കാരിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്ന് പൊലീസ്. ദേഹത്ത് തീപടരുന്നതിനിടെ ഭാര്യ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു. ഇതോടെ 74കാരനും പൊള്ളലേറ്റ് മരിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തമിഴ്നാട്ടില്‍ ചെന്നൈയ്ക്ക് സമീപം അയനാവരത്ത് തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. പത്മാവതിയും ഭര്‍ത്താവും മുന്‍ റെയില്‍വേ ജീവനക്കാരനുമായ കരുണാകരനുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് സര്‍കാര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പത്മാവതി ചൊവ്വാഴ്ചയും കരുണാകരന്‍ ബുധനാഴ്ച രാവിലെയുമാണ് മരിച്ചത്.
തുടക്കത്തില്‍ ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പത്മാവതി നല്‍കിയ മരണമൊഴിയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
കടയില്‍ നിന്ന് വാങ്ങി കൊണ്ടുവന്ന ബിരിയാണി പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് പത്മാവതിയുടെ മൊഴിയില്‍ പറയുന്നത്.
കരുണാകരന്‍ ബിരിയാണി ഒറ്റയ്ക്ക് കഴിക്കുന്നത് പത്മാവതി ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് തനിക്കും കൂടി വാങ്ങാത്തതെന്ന് പറഞ്ഞാണ് തര്‍ക്കം തുടങ്ങിയത്. മാത്രമല്ല, കൊണ്ടുവന്ന ബിരിയാണി ഭര്‍ത്താവ് തനിക്ക് തരാതെ തനിച്ച് കഴിക്കുന്നതിനേയും പത്മാവതി ചോദ്യം ചെയ്തു. തുടര്‍ന്ന് നടന്ന വഴക്കിനിടെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തന്നെ തീകൊളുത്തുകയായിരുന്നുവെന്നും പത്മാവതിയുടെ മരണമൊഴിയില്‍ പറയുന്നു.
ദമ്പതികള്‍ക്ക് നാലുമക്കളുണ്ടെങ്കിലും ഇവരെല്ലാം കുടുംബവുമായി മാറി താമസിക്കുകയാണ്. വല്ലപ്പോഴും മാത്രമാണ് മക്കള്‍ മാതാപിതാക്കളെ കാണാന്‍ വരുന്നത്. ഇതേചൊല്ലിയുള്ള വഴക്കും പതിവാണ്. തങ്ങള്‍ ഒറ്റപ്പെട്ട് കഴിയുന്നതില്‍ ദമ്പതികള്‍ മാനസിക പ്രയാസം നേരിട്ടിരുന്നു.
തിങ്കളാഴ്ച രാത്രി ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ദമ്പതികളെ പൊള്ളലേറ്റനിലയില്‍ കണ്ടെത്തുന്നത്. അബോധാവസ്ഥയിലായ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മരണ കാരണമെന്നും പൊലീസ് പറയുന്നു.
Keywords: Couple Found Dead in house, Chennai, News, Local News, Dead, Hospital, Treatment, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.