Corporate Debt | 'കോര്‍പറേറ്റ് ഭീമന്മാര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 1,96,441 കോടി', പലരും മുങ്ങി; പിടികൂടാത്തതെന്തുകൊണ്ട്?

 
Corporate debt recovery image
Corporate debt recovery image

Logo Credit: Website/ RBI

● വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 
● മനപൂർവം കുടിശ്ശിക വരുത്തുന്ന 100 കമ്പനികളുടെ പേരുകള്‍ വിവരാവകാശ നിയമപ്രകാരം ആര്‍ബിഐ പുറത്തുവിട്ടു. 

ദക്ഷാ മനു 

മുംബൈ: (KVARTHA) അധികാരത്തിലേറിയാല്‍, ഇന്ത്യയിലെ പല ഉന്നതരും രാജ്യത്തിന് പുറത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നാണ് പ്രധാമന്ത്രി 2014ലെ പൊതുതെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പറഞ്ഞിരുന്നത്. അത് പ്രതീക്ഷിച്ചാണ് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്തത്. എന്നാല്‍ അധികാരത്തിലെത്തിയ ശേഷം, പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപാ വായ്പയെടുത്തിട്ട് പല കോടീശ്വരന്‍മാരും രാജ്യം വിടുന്ന കാഴ്ചയാണ് കണ്ടത്. 

മദ്യവ്യവസായി വിജയ് മല്യ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് രക്ഷപെട്ടത്. അയാളെ തിരികെ കൊണ്ടുവരാമായിരുന്നിട്ടും അതിനുള്ള നടപടികള്‍ ഊര്‍ജസ്വലമായി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് നടത്തിയതിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മെഹുല്‍ ചോക്‌സിയും അനന്തരവന്‍ നീരവ് മോഡിയും 2018ല്‍ ഇന്ത്യ വിട്ടിരുന്നു. ഇവരൊക്കെ അഭയം തേടിയിരിക്കുന്ന രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറുന്ന കരാറുണ്ടെങ്കിലും അതുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് ആരോപണം.

പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാത്ത 2,644 കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുണ്ടെന്നും ഇവര്‍ 1,96,441 കോടിയാണ് നല്‍കാനുള്ളതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം നല്‍കിയ വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് ആര്‍ബിഐ ഇക്കാര്യം നല്‍കിയത്. വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഗീതാഞ്ജലി ജെംസ് 8,516 കോടിയാണ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. 

മനപൂർവം കുടിശ്ശിക വരുത്തുന്ന 100 കമ്പനികളുടെ പേരുകള്‍ വിവരാവകാശ നിയമപ്രകാരം ആര്‍ബിഐ പുറത്തുവിട്ടു. പട്ടികയില്‍ രണ്ടാമതുള്ള എബിജി ഷിപ്പിയാര്‍ഡ് 4,684 കോടിയാണ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. കപ്പല്‍നിര്‍മാണ വ്യവസായി ഋഷി അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള കമ്പനി 28 ബാങ്കുകളില്‍ നിന്ന് 22,800 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. എസ്ബിഐ ഏര്‍പ്പെടുത്തിയ ഏണസ്റ്റ് ആന്റ് യങ് (ഇവൈ) നടത്തിയ ഓഡിറ്റിംഗിലാണ് തട്ടിപ്പ് പുറത്തായത്. 2022ല്‍ ഋഷി അഗര്‍വാളിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസുകളില്‍ ഒന്നാണിത്.

കോണ്‍കാസ്റ്റ് സ്റ്റീല്‍ ആന്റ് പവര്‍ 3,557 കോടി, എറ ഇന്‍ഫ്രാ എഞ്ചിനീയറിംഗ് 3,507 കോടി, എസ്ഇഎല്‍ അഗ്രോ 3,367 കോടി, വിന്‍സം ഡയമണ്‌സ് ആന്റ് ജ്വല്ലറി 3,356 കോടി, ട്രാന്‍സ്‌ട്രോയ് 3,261 കോടി, റോട്ടോമാക്‌സ് ഗ്ലോബല്‍ 2,894 കോടി, സൂം ഡെവ്‌ലപ്പേഴ്‌സ് 2,217 കോടി, യൂണിറ്റി ഇന്‍ഫ്രാ പ്രോജക്ട്‌സ് 1,987 കോടി എന്നിവരാണ് വായ്പകള്‍ തിരിച്ചടയ്ക്കാത്ത മുന്‍നിര സ്ഥാപനങ്ങള്‍.

വിജയ് മല്യയെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നില്ലെങ്കിലും അയാളുടെ  14131.6 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞയാഴ്ച കണ്ടുകെട്ടി. നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുള്‍പ്പെട്ട വിവിധ കേസുകളുമായി ബന്ധപ്പെട്ട് 17,750 കോടി രൂപയുടെ സ്വത്ത്  ഇ ഡി  കണ്ടെടുത്തു.  നീരവ് മോദിയുടെ 1,052.58 കോടിയുടെ സ്വത്തുക്കള്‍ പൊതുമേഖല, സ്വകാര്യമേഖല ബാങ്കുകള്‍ ജപ്തിചെയ്തു.  മെഹുല്‍ ചോക്സി കേസില്‍ 2,565.90 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 2024 ജൂണ്‍ വരെ 697 കേസുകളിലായി 17,520 കോടി രൂപയുടെ കേസുകളാണ് രാജ്യത്ത്  രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

ഇതില്‍ 163 കേസുകളില്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ 22,280 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടുണ്ടെന്ന് പറയുന്നു.  നീരവ് മോദി, മെഹുല്‍ ചോക്സി, വിജയ് മല്യ തുടങ്ങിയ വ്യവസായികള്‍ക്ക് രാജ്യം വിടാന്‍ കഴിഞ്ഞത് കൃത്യസമയത്ത് അന്വേഷണ ഏജന്‍സികള്‍ അവരെ അറസ്റ്റ് ചെയ്യാത്തതിനാലാണ്, മുംബൈയിലെ പ്രത്യേക കോടതി ഇക്കഴിഞ്ഞ ജൂണില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  

നീരവ് മോദി ഇപ്പോള്‍ യുകെയില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്, അദ്ദേഹത്തിന്റെ അമ്മാവന്‍ ആന്റിഗ്വയിലാണ്. നിലവില്‍ യുകെയിലുള്ള മല്യ, 900 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയാണ്, ഇഡിയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (സിബിഐ) ആണ് ഇത് സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്.

വായ്പ മനപൂര്‍വം തിരിച്ചടയ്ക്കാത്തവരുടെ എണ്ണം 2020 മാര്‍ച്ചില്‍ 2,154 ആയിരുന്നു. 2024 മാര്‍ച്ചില്‍ അത് 2,664 ആയി ഉയര്‍ന്നു. ക്കാലയളവില്‍ ഇവരുടെ വായ്പാ തുക 1,52, 860 കോടിയില്‍ നിന്ന് 1,96,441 കോടിയായെന്നും ഡാറ്റ വെളിപ്പെടുത്തുന്നു. വായ്പ അടയ്ക്കാന്‍ ശേഷിയുള്ള വായ്പക്കാരെയും ജാമ്യക്കാരെയും വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ എന്നാണ് ആര്‍ബിഐ വിളിക്കുന്നത്. ഇവര്‍ മനപ്പൂര്‍വം കുടിശ്ശിക വരുത്തുന്നതാണ്. ഇവര്‍ ഫണ്ടുകള്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുയോ കൈമാറ്റം ചെയ്യുകയോ അല്ലെങ്കില്‍ ആസ്തികള്‍ വില്‍ക്കുകയോ ചെയ്യും.

മനപൂര്‍വം തിരിച്ചടവ് വരുത്താത്തവര്‍ക്കായി ഈക്കൊല്ലം ആദ്യം ആര്‍ബിഐ പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. നവംബര്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. 25 ലക്ഷവും അതിന് മുകളിലും കുടിശ്ശികയുള്ള എല്ലാ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) അക്കൗണ്ടുകളില്‍ ഇത്തരം വീഴ്ച വരുത്തുന്നവരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ വായ്പ നല്‍കുന്ന ബാങ്കുകളോട് ആവശ്യപ്പെട്ടു. ആറ് മാസത്തിനുള്ളില്‍ ഈ നടപടി പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് എസ്എഫ്‌ഐഒ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നീ ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്. ഫണ്ട് വഴിതിരിച്ചുവിടുക, മറ്റ് തട്ടിപ്പുകള്‍ നടത്തുക എന്നീ കേസുകളിലാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്.

#CorporateFraud #BankDefault #IndiaDebt #VijayMallya #NiravModi #MehulChoksi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia