Controversy | പി വി നരസിംഹ റാവുവാണ് ആദ്യത്തെ ബിജെപി പ്രധാനമന്ത്രിയെന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ പ്രസ്താവന വിവാദമായി; വര്‍ഗീയ വാദിയെന്നും ആരോപണം; വിമര്‍ശിച്ച് ബിജെപി

 


ന്യൂഡെല്‍ഹി: (www.kvartha.com) മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവു വര്‍ഗീയവാദിയാണെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യറുടെ പ്രസ്താവന വിവാദമായി. ആത്മകഥയായ 'മെമയേഴ്സ് ഓഫ് എ മാവറിക്' എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വീര്‍ സാങ്വിയുമായി നടത്തിയ സംവാദത്തിലാണ് മണിശങ്കര്‍ അയ്യര്‍ വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തെ ആദ്യത്തെ ബിജെപി പ്രധാനമന്ത്രി വാജ്‌പേയിയല്ല, നരസിംഹ റാവുവാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
              
Controversy | പി വി നരസിംഹ റാവുവാണ് ആദ്യത്തെ ബിജെപി പ്രധാനമന്ത്രിയെന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ പ്രസ്താവന വിവാദമായി; വര്‍ഗീയ വാദിയെന്നും ആരോപണം; വിമര്‍ശിച്ച് ബിജെപി

താന്‍ 'റാം-റഹീം' യാത്ര നടത്തുന്ന സമയത്ത് നരസിംഹ റാവുവുമായി നടത്തിയ സംഭാഷണം അയ്യര്‍ വിവരിച്ചു. അപ്പോഴാണ് നരസിംഹ റാവു എത്രത്തോളം വര്‍ഗീയവാദിയും ഹിന്ദുത്വ ചിന്താഗതിക്കാരനും ആണെന്ന് താന്‍ കണ്ടെത്തിയതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. യാത്രയോട് എതിര്‍പ്പില്ലെന്നു പറഞ്ഞ റാവു മതേതരത്വത്തെക്കുറിച്ചുള്ള എന്റെ നിര്‍വചനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതൊരു ഹിന്ദുരാജ്യമാണെന്ന് താങ്കള്‍ മനസി ലാക്കിയിട്ടില്ലെന്നു തോന്നുന്നു എന്നായിരുന്നു റാവു പറഞ്ഞത്. ഇതുതന്നെയാണ് ബിജെപിയും പറയുന്നതെന്ന് ഞാന്‍ മറുപടിനല്‍കി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1990-കളിലെ മുഴുവന്‍ കഥയും ഈ പുസ്തകത്തില്‍ പറയുന്നുണ്ടെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

ഇന്ത്യ വൈവിധ്യങ്ങളുള്ള രാജ്യമാണ്. ഇന്ത്യയിലെ പൗരന്മാര്‍ എന്ന നിലയില്‍ നാമെല്ലാവരും പരസ്പരം മനുഷ്യരായി ബഹുമാനിക്കുകയും പരസ്പരം തുല്യത നല്‍കുകയും ഭൂരിപക്ഷവാദത്തില്‍ മുഴുകാതിരിക്കുകയും ചെയ്താല്‍ മാത്രമേ നമുക്ക് ഐക്യത്തോടെ ജീവിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, സോണിയ ഗാന്ധി, മുന്‍ വിദേശകാര്യ സെക്രട്ടറിമാരായ ശ്യാം ശരണ്‍, ശിവശങ്കര്‍ മേനോന്‍, പാര്‍ലമെന്റ് അംഗം മനീഷ് തിവാരി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

അതേസമയം പി വി നരസിംഹ റാവുവിനെ ബി ജെ പിയുടെ ആദ്യ പ്രധാനമന്ത്രി എന്ന് അയ്യര്‍ വിളിച്ചത് നെഹ്റു-ഗാന്ധി കുടുംബത്തിന്റെ നിര്‍ദേശപ്രകാരമാണ് എന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നരസിംഹ റാവു കോണ്‍ഗ്രസുകാരന്‍ ആയിരുന്നുവെന്നും നെഹ്റു-ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുകയും അഞ്ച് വര്‍ഷത്തെ മുഴുവന്‍ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്ത ആദ്യ വ്യക്തി റാവു ആണെന്നും പത്ര പറഞ്ഞു.

കോണ്‍?ഗ്രസുകാരനാണെങ്കിലും, തങ്ങളുടെ കുടുംബത്തിന് പുറത്ത് ആരെങ്കിലും പ്രധാനമന്ത്രിയാകുന്നത് ഗാന്ധി കുടുംബത്തിന് സഹിക്കാനാവില്ല. അതുകൊണ്ടാണ് റാവു കോണ്‍ഗ്രസ് അല്ല, ബിജെപിയാണെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്. മണിശങ്കര്‍ അയ്യര്‍ എന്ത് എഴുതിയാലും സംസാരിച്ചാലും പറഞ്ഞാലും അതിന്റെ പിറകിലെ ആശയവും ലക്ഷ്യവുമെല്ലാം ഗാന്ധി കുടുംബത്തിന്റേതാണെന്നും പത്ര കൂട്ടിച്ചേര്‍ത്തു.

നരസിംഹ റാവുവിനെ വര്‍ഗീയവാദിയെന്ന് വിളിച്ചതിന് ബിജെപി നേതാവും പാര്‍ട്ടി വക്താവുമായ എന്‍വി സുഭാഷും രൂക്ഷമായി വിമര്‍ശിച്ചു. നരസിംഹറാവുവിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരിക്കലും ചോദിക്കാന്‍ അയ്യര്‍ ധൈര്യപ്പെട്ടിരുന്നില്ല, എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് 19 വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ സത്യസന്ധതയെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുകയാണെന്ന് മുന്‍ പ്രധാനമന്ത്രിയുടെ ചെറുമകന്‍ കൂടിയായ സുഭാഷ് പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Mani Shankar Aiyar, PV Narasimha Rao, Atal Behari Vajpayee, New Delhi, Politics, Controversy Erupts as Mani Shankar Aiyar Labels P.V. Narasimha Rao 'First BJP PM'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia