Precaution | ഹരിയാനയില്‍ സംഭവിച്ച അബദ്ധം മഹാരാഷ്ട്രയില്‍ സംഭവിക്കരുത്; തിരഞ്ഞെടുപ്പിനെ നേരിടാന്‍ കരുതലോടെ കോണ്‍ഗ്രസ്; ആരേയും വെറുപ്പിക്കാതിരിക്കാന്‍ ശ്രദ്ധയോടെ മുന്നോട്ട്
● സഖ്യകക്ഷികളെ സംതൃപ്തരാക്കാനും അണികളെ ശാന്തരാക്കാനുമുള്ള ശ്രമങ്ങള്‍
● 11 മുതിര്‍ന്ന നിരീക്ഷകരെ നിയോഗിച്ച് സീറ്റ് വിഭജന ചര്‍ച്ചകള്‍
● സംസ്ഥാനത്തിന് മാത്രമായി രണ്ട് മുതിര്‍ന്ന കോര്‍ഡിനേറ്റര്‍മാരും
മുംബൈ: (KVARTHA) ഏറെ വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന ഹരിയാനയില്‍ സംഭവിച്ച തോല്‍വി കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ ആഘാതമായിരുന്നു. എക്‌സിറ്റ് പോള്‍ പ്രവചനം വരെ അനുകൂലമായിരുന്നിട്ടും ഫലം വരുമ്പോള്‍ ബിജെപിക്ക് അനുകൂലമായിരുന്നു. അത്തരം ഒരു അവസ്ഥ മഹാരാഷ്ട്രയില്‍ സംഭവിക്കരുതെന്ന ഉറച്ച നിലപാടിലാണ് ഇത്തവണ നേതാക്കള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഓരോ നീക്കവും വളരെ കരുതലോടുകൂടിയാണ്.
ഹരിയാനയിലെ പോലെ മുന്നില്‍ നിന്ന് നയിക്കാന്‍ ഭൂപീന്ദര്‍ ഹൂഡയെ പോലെ ഒരു നേതാവ് മുംബൈയില്‍ ഇല്ല. സീറ്റ് വിഭജനത്തോടൊപ്പം അണികളെ മുഷിപ്പിക്കാതെ നോക്കേണ്ടതും പ്രധാനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
ഹരിയാനയിലെ പോലെ അമിത ആത്മവിശ്വാസത്തോടെയല്ല കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പ് നേരിടുന്നത്. നവംബര്‍ 20നാണ് മുംബൈയില്‍ നിയമസഭ തിരഞ്ഞെടുപ്പ്. ശിവസേനയില്‍ നിന്നും എന്‍സിപിയില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമ്പോഴും അവരെ വെറുപ്പിക്കാതിരിക്കാന്‍ വളരെ ശ്രദ്ധയോടെയാണ് നേതാക്കളുടെ ഓരോ പ്രവൃത്തിയും.
സഖ്യം സജീവമായി നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സ്വതന്ത്രരായി മത്സരിച്ചവരാണ് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് ഒരു പരിധിവരെ കാരണമായത്. അതുകൊണ്ടുതന്നെ മുംബൈയില്‍ സീറ്റ് വിഭജനത്തിനിടെ അത്തരം പരാതികള്‍ ഒഴിവാക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.
അതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 11 മുതിര്‍ന്ന നിരീക്ഷകരെ എ ഐ സി സി നിയമിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന് മാത്രമായി രണ്ട് മുതിര്‍ന്ന കോര്‍ഡിനേറ്റര്‍മാരുമുണ്ട്. മികച്ച സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ടിക്കറ്റ് കിട്ടാത്തവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടാകും.
ഹിമാചല്‍ പ്രദേശിലും തെലങ്കാനയിലും കര്‍ണാടകയിലും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഏറെ ചര്‍ച്ചയായിരുന്നു. അതുപോലൊന്ന് മുംബൈയിലും പുറത്തിറക്കാനാണ് ആലോചിക്കുന്നത്.
ലോക് സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പ്രകടനമായിരുന്നു ഇന്‍ഡ്യ സഖ്യത്തിന്റേത്. 13 സീറ്റുകളാണ് ലോക് സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. ശിവസേന(യുബിടി)ക്ക് ഒമ്പതും എന്‍സിപി(ശരദ് പവാര്‍) എട്ടും സീറ്റുകളാണ് നേടാനായത്. ഇന്‍ഡ്യ സഖ്യത്തിന് മൊത്തം 31 സീറ്റുകള്‍ ലഭിച്ചു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
288 നിയമ സഭ സീറ്റുകളില്‍ 260 എണ്ണത്തില്‍ പ്രതിപക്ഷ സഖ്യം ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. 28 സീറ്റുകളുടെ കാര്യത്തിലാണ് ധാരണയിലെത്താനുള്ളത്. അത് എത്രയും പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനെ പരാതികളില്ലാതെ നേരിടുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
#CongressMaharashtra #AssemblyElections #ElectionStrategy #SeatSharing #RahulGandhi #INDIAlliance