Angkita Dutta | ബി വി ശ്രീനിവാസ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നെന്ന പരാതി; അങ്കിത ദത്തയെ പാര്‍ടിയില്‍നിന്ന് 6 വര്‍ഷത്തേക്ക് പുറത്താക്കി; ഇത് കോണ്‍ഗ്രസിന്റെ സ്ത്രീ ശാക്തീകരണ മാതൃകയാണെന്ന് പരിഹസിച്ച് ബിജെപി നേതാവ് അമിത് മാളവ്യ
Apr 22, 2023, 13:11 IST
ന്യൂഡെല്‍ഹി: (www.kvartha.com) യൂത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ അസം യൂത് കോണ്‍ഗ്രസ് അധ്യക്ഷ അങ്കിത ദത്തയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അങ്കിത ദത്തയെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കിയത്.
കോണ്‍ഗ്രസ് ജെനറല്‍ സെക്രടറി ത്വാരിഖ് അന്‍വറാണ് അങ്കിതയെ പുറത്താക്കിയ വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. അങ്കിതയുടെ പരാതി പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും നടപടിയെ കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അസം ഘടകം അവര്‍ക്ക് കാരണം കാണിക്കല്‍ നോടിസ് നല്‍കിയിരുന്നു.
അതേസമയം, അങ്കിതയെ പുറത്താക്കിയ നടപടിയെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു. 'ഇത് കോണ്‍ഗ്രസിന്റെ സ്ത്രീ ശാക്തീകരണ മാതൃകയാണ്' എന്ന് അദ്ദേഹം പരിഹസിച്ച് ട്വീറ്റ് ചെയ്തു. പരാതി കേള്‍ക്കാന്‍ വേദിയൊരുക്കുന്നതിന് പകരം പീഡനം ആരോപിച്ച യുവതിയെ പുറത്താക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ബി വി ശ്രീനിവാസിനെതിരെ അങ്കിത അസമിലെ ദിസ്പുര്‍ പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച പരാതി നല്‍കിയിരുന്നു. ബി വി ശ്രീനിവാസ് ആറ് മാസമായി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് പരാതിപ്പെട്ടാല്‍, പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചിരുന്നു.
പിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള അങ്കിത ദത്തയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു
ശ്രീനിവാസ് ബിവി തന്നെ അപമാനിക്കുകയും ലിംഗവിവേചനത്തോടെ പെരുമാറുകയും ചെയ്തെന്നാണ് അങ്കിത ആരോപിച്ചത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ദിസ്പുര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ബുധനാഴ്ച അങ്കിത ദത്ത പരാതി നല്‍കിയിരുന്നു. പൊലീസിന് നല്‍കിയ പരാതിക്ക് പുറമേ മജിസ്‌ട്രേട്ടിന് മുന്നിലും അങ്കിത മൊഴി നല്‍കിയിട്ടുണ്ട്.
അതിനിടെ അങ്കിതയുടെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറ് മാസമായി ശ്രീനിവാസും യൂത്ത് കോണ്‍ഗ്രസ് സെക്രടറി ഇന്‍ചാര്‍ജ് വര്‍ധന്‍ യാദവും തന്നെ തുടര്‍ചയായി ഉപദ്രവിക്കുന്നുവെന്നാണ് അങ്കിതയുടെ പരാതി.
Keywords: New Delhi, News, national, Congress, Politics, Youth Congress, Delhi-News, Complaint, Case, Police Booked, Expelled, Congress expels Angkita Dutta days after she alleged harassment by IYC chief.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.