Rahul Gandhi | നീറ്റ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ മൈക് ഓഫ് ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ്


എന്‍കെ പ്രേമചന്ദ്രന്‍ എംപിയാണ് വെള്ളിയാഴ്ച ലോക് സഭയില്‍ അടിയന്തര പ്രമേയത്തിന് നോടീസ് നല്‍കിയത്
സഭ പ്രക്ഷുബ്ദമായതോടെ താല്‍കാലികമായി നിര്‍ത്തിവച്ചു
ന്യൂഡെല്‍ഹി: (KVARTHA) നീറ്റ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ മൈക് ഓഫ് ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡയാണ് ആരോപണവുമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയുടെ മൈക് ഓഫ് ചെയ്തതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് പറഞ്ഞ അദ്ദേഹം തുടര്‍ചയായി സംഭവിച്ച പരീക്ഷാ പേപര്‍ ചോര്‍ച രാജ്യത്തെ യുവാക്കളുടെ ഭാവി താറുമാറാക്കിയിരിക്കുകയാണെന്നും ആരോപിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഓടിയൊളിക്കുകയാണ്. ഈ വിഷയം സഭയില്‍ ഉന്നയിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ മൈക് ഓഫ് ചെയ്തു. ഇതോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചര്‍ച ചെയ്യണമെന്നും ദീപേന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു.
നീറ്റ് വിഷയത്തില്‍ ലോക് സഭയില്‍ വലിയ ബഹളമാണ് വെള്ളിയാഴ്ച ഉണ്ടായത്. പരീക്ഷാ ക്രമക്കേടുകള്‍ ചര്‍ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക് സഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോടീസിന് സ്പീകര്‍ അനുമതി നിഷേധിച്ചതോടെയാണ് ഇന്‍ഡ്യ മുന്നണി അംഗങ്ങള്‍ പ്രതിഷേധിച്ചത്. ഇത് സഭാന്തരീക്ഷം പ്രക്ഷുബ്ധമാക്കി.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ മൈക് ഓഫ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സ്പീകര്‍ ഓംബിര്‍ള രംഗത്തെത്തി. രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലാണ് സഭയില്‍ ചര്‍ചയെന്നും മറ്റു വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാനാവില്ലെന്നും സ്പീകര്‍ വ്യക്തമാക്കി.
എന്‍കെ പ്രേമചന്ദ്രന്‍ എംപിയാണ് വെള്ളിയാഴ്ച ലോക് സഭയില്‍ അടിയന്തര പ്രമേയത്തിന് നോടീസ് നല്‍കിയത്. ലോക്‌സഭാ വെബ് സൈറ്റില്‍ നിന്ന് അടിയന്തര പ്രമേയ നോടീസ് നല്‍കാനുള്ള ഓപ്ഷന്‍ ഒഴിവാക്കിയതിന് പിന്നാലെ സ്പീകറുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് പ്രേമചന്ദ്രന്‍ നോടീസ് നല്‍കിയത്. നോടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിക്കുകയും സ്പീകര്‍ സഭ താല്‍കാലികമായി നിര്‍ത്തിവെക്കുകയുമായിരുന്നു.