Allegation | ഭൂമി ഇടപാടില്‍ ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്തയില്‍ പരാതിയുമായി മലയാളി; സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി
ബെംഗളൂരു: (KVARTHA) ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിരോധത്തിലാകുന്നുവെന്ന് റിപോര്‍ട്ട്. കേസില്‍ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനു പിന്നാലെ വിവാദം ഏറ്റെടുത്ത് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കയാണ് ബിജെപി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദമാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്ന ആരോപണമാണ് സിദ്ധരാമയ്യ ഉയര്‍ത്തുന്നത്.
സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാര്‍വതി മൈസൂര്‍ അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അനധികൃതമായി കയ്യടക്കി എന്നാണ് ആരോപണം. സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും കാട്ടി മലയാളിയായ എബ്രഹാം ഇക്കഴിഞ്ഞ ജൂലൈയില്‍ ലോകായുക്തയില്‍ പരാതി നല്‍കിയിരുന്നു.
സിദ്ധരാമയ്യ, ഭാര്യ പാര്‍വതി, മകന്‍ എസ് യതീന്ദ്ര, മുഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഭൂമി കുംഭകോണത്തില്‍ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും മുഡ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് പൊതുപ്രവര്‍ത്തകയായ സ്‌നേഹമയി കൃഷ്ണയും ആരോപിച്ചു.
എന്നാല്‍ തന്റെ ഭാര്യയ്ക്കു ലഭിച്ച ഭൂമി 1998ല്‍ സഹോദരന്‍ മല്ലികാര്‍ജുന സമ്മാനിച്ചതാണെന്ന അവകാശവാദവുമായി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ആരോപണമാണ് പൊതുപ്രവര്‍ത്തകയായ കൃഷ്ണ ഉയര്‍ത്തുന്നത്. 2004ല്‍ മല്ലികാര്‍ജുന അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്നും സര്‍ക്കാരിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാജരേഖ ചമച്ച് റജിസ്റ്റര്‍ ചെയ്തുവെന്നുമാണ് ആരോപണം.
2014ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാര്‍വതി ഈ ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബെംഗളൂരു മുതല്‍ മൈസൂരു വരെ ബിജെപി ഒരാഴ്ചത്തെ പദയാത്രയും നടത്തിയിരുന്നു. എന്നാല്‍ ബിജെപിയുടെ കാലത്താണ് ഭൂമി ലഭിച്ചതെന്നാണ് സിദ്ധരാമയ്യയുടെ മറുപടി.
ആരോപണങ്ങള്‍ക്ക് ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും എന്തുകൊണ്ട് വിചാരണ ചെയ്യരുതെന്ന കാര്യം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നോട്ടിസ് നല്‍കിയിരുന്നു. ഇതിനെതിരെ വിചാരണക്ക് അനുമതി നല്‍കരുതെന്ന പ്രമേയം പാസാക്കിയ മന്ത്രിസഭ, നോട്ടിസ് പിന്‍വലിക്കണമെന്നും ഭരണഘടനാ പദവി ദുരുപയോഗം ചെയ്യരുതെന്നും ഗവര്‍ണറോട് ആവശ്യപ്പെടുകയായിരുന്നു.
#Siddaramaiah, #LandScam, #KarnatakaPolitics, #Corruption, #BJP, #Lokayukta