Coimbatore LS Seat | കോയമ്പത്തൂര്‍ കടമ്പ കടക്കുമോ അണ്ണാമലൈ? വ്യവസായ നഗരത്തില്‍ ഇക്കുറി തീപാറും പോരാട്ടം
Mar 24, 2024, 20:28 IST
/ ഭാമനാവത്ത്
ചെന്നൈ: (KVARTHA) തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന ഇന്ത്യാമുന്നണി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന പ്രവചനങ്ങള്‍ ഉണ്ടെങ്കിലും ബിജെപി എത്രസീറ്റുകള്‍ നേടുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒന്നാം കക്ഷിയും മൂന്നാംകക്ഷിയും തമ്മിലുളള പോരാട്ടമാണ് തമിഴ് മണ്ണില്‍ ഇക്കുറി നടക്കുന്നത്. ഏറ്റവും ചുരുങ്ങിയത് അഞ്ചു സീറ്റുകളെങ്കിലും വിജയിക്കാന്‍ കഴിയുമെന്നാണ് ബിജെപി ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നത്.
അണ്ണാ ഡിഎംകെ മുന്നണി ബന്ധം വിച്ഛേദിച്ച് സ്വതന്ത്രമായി മത്സരിക്കുന്നത് തിരിച്ചടിയായിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി കിടക്കുന്ന നാല്‍പതു മണ്ഡലങ്ങളില്‍ ചിലയിടങ്ങളില്‍ അതിശക്തമായ ത്രികോണ മത്സരമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിന് കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെമുന്നണി പോരാളിയായ അണ്ണാമലൈയെ തന്നെ കോയമ്പത്തൂരില്‍ മത്സരിക്കാന്‍ ബിജെപികളത്തില്‍ ഇറക്കിയതോടെ വീറും വാശിയിലുമാണ് കേരളത്തോട് തൊട്ടടുത്തു കിടക്കുന്ന വ്യവസായ നഗരം. സിപിഎമ്മിന് ഡിണ്ടിഗല്‍ കൊടുത്തു കോയമ്പത്തൂര്‍ ഡിഎംകെ ഏറ്റെടുത്തത് ഏതുവിധേനെയെങ്കിലും ബിജെപിയെ തറപറ്റിക്കാനാണ്.
കോയമ്പത്തൂരില്‍ തോറ്റാല്‍ അണ്ണമാലൈയുടെ വാട്ടര്‍ലൂവായി മാറുമെന്നാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. പാര്‍ട്ടിക്കുളളില്‍ അണ്ണാമലൈ വണ്‍മാന്‍ ഷോ നടത്തുന്നുവെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. മുന്‍ കോര്‍പറേഷന്‍ മേയറായ ബി രാജ്കുമാറാണ് ഇവിടെ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. അണ്ണാ ഡിഎംകെ വിട്ടു നാലുവര്‍ഷം മുന്‍പാണ് രാജ്കുമാര്‍ ഡിഎംകെയിലെത്തിയത്. സിങ്കൈ ജി രാമചന്ദ്രനാണ് അണ്ണാ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. ഐ ടി ജോലിവിട്ടു പാര്‍ട്ടിയിലെത്തിയ രാമചന്ദ്രന്‍ പാര്‍ട്ടി ഐ ടി വിങ് പ്രസിഡന്റാണ്.
കോയമ്പത്തൂരിലെ താരപരിവേഷമുളള സ്ഥാനാര്‍ത്ഥി അണ്ണാമലൈ തന്നെയാണ്. എന്‍ജിനീയറിങും ഐഐഎമ്മിലെ മാനേജ്‌മെന്റ് പഠനവും കഴിഞ്ഞു ഐപിഎസ് നേടി കര്‍ണാടക കേഡറില്‍ ഉദ്യോഗസ്ഥനായിരുന്നു ഈ 39 വയസുകാരന്‍. ഉയര്‍ന്ന ഉദ്യോഗസ്ഥനായി ജോലി ചെയ്യവേ സ്വയം വിരമിച്ചു തമിഴ്‌നാട്ടില്‍ ബിജെപിയുടെ മുഖമായി മാറിയ അണ്ണാമലൈ ഏറെക്കാലമായി കോയമ്പത്തൂരിലാണ് താമസിച്ചുവരുന്നത്. വളരെ വേഗം പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി മാറിയ അണ്ണാമലൈ നടത്തിയ എന്‍മണ്‍, എന്‍ മക്കള്‍ യാത്ര തമിഴ്‌നാട്ടില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. നരേന്ദ്രമോദിയുടെ ഏറ്റവും പ്രിയപ്പെട്ട അനുയായികളിലൊരാളായ അണ്ണാമലൈയെ ദക്ഷിണേന്ത്യയില്‍ നിന്നുളള ഭാവി പ്രധാനമന്ത്രിയായിട്ടാണ് ബിജെപി വൃത്തങ്ങള്‍ വിശേഷിപ്പിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.