Criticism | സിന്ധുദുര്‍ഗില്‍ 60 അടി ഉയരത്തില്‍ ഛത്രപതി ശിവാജിയുടെ പുതിയ പ്രതിമ വരുന്നു; ചിലവ് 20കോടി
● 10 വര്‍ഷത്തെ അറ്റകുറ്റപ്പണികളും നടത്തണം
● രൂപകല്‍പനയും നിര്‍മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി
മുംബൈ: (KVARTHA) സിന്ധുദുര്‍ഗിലെ കോട്ടയില്‍ തകര്‍ന്നു വീണ ഛത്രപതി ശിവാജിയുടെ പ്രതിമയ്ക്ക് പകരം 60 അടി ഉയരത്തില്‍ പുതിയ പ്രതിമ സ്ഥാപിക്കാന്‍ നീക്കം. 20 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന പുതിയ പ്രതിമ പണിയാന്‍ കരാര്‍ ക്ഷണിച്ചു. ആറു മാസത്തിനുള്ളില്‍ പ്രതിമ സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പുതിയ പ്രതിമയ്ക്ക് 100 വര്‍ഷത്തെ ഗാരന്റിയാണ് കരാറുകാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 10 വര്‍ഷത്തെ അറ്റകുറ്റപ്പണികളും കരാറുകാരന്‍ നടത്തണമെന്നും വ്യവസ്ഥയുണ്ട്. രൂപകല്‍പനയും നിര്‍മാണവും ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കും.
ഡിസംബറില്‍ നാലിന് സ്ഥാപിച്ച 35 അടി ഉയരമുള്ള പ്രതിമ ഓഗസ്റ്റില്‍ തകര്‍ന്നു വീണതോടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏറെ കൊട്ടിഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാവിക സേന ദിനത്തില്‍ പ്രതിമ ഉദ് ഘാടനം ചെയ്തത്. പ്രതിമയുടെ കാല്‍ഭാഗം ഒഴികെ മറ്റെല്ലാം തകര്‍ന്ന് താഴെവീണിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും ജനങ്ങളോട് മാപ്പ് പറഞ്ഞു.
നാവികസേനയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച പ്രതിമ ശക്തമായ കാറ്റിലാണ് തകര്‍ന്നത്. 2.42 കോടി രൂപ ചിലവിട്ട് നിര്‍മിച്ച പ്രതിമയാണ് തകര്‍ന്നത്. പിന്നാലെ നിര്‍മാണത്തില്‍ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
അഴിമതിയുടെ കാര്യത്തില്‍ ശിവാജി മഹാരാജാവിനെ പോലും ബിജെപി സര്‍ക്കാര്‍ വെറുതെ വിടുന്നില്ലെന്നും നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നിലവാരം കുറഞ്ഞ നിര്‍മാണമാണ് പ്രതിമ തകര്‍ന്ന് വീഴാന്‍ കാരണമെന്നാണ് ആരോപണം. പ്രതിമ തുരുമ്പിച്ചു തുടങ്ങിയിരുന്നുവെന്നും പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും നേവിയോട് ആവശ്യപ്പെട്ടിരുന്നതായും പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാന്‍ പറഞ്ഞു. മറാഠാ രാജാവായിരുന്ന ഛത്രപതി ശിവാജി 1680 കാലഘട്ടത്തില്‍ പണികഴിപ്പിച്ചു എന്ന് കരുതപ്പെടുന്ന കോട്ടയില്‍ സ്ഥാപിച്ച പ്രതിമയാണിത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസറ്റുചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
#ShivajiStatue #SindhudurgFort #MaharashtraPolitics #ShivajiMaharaj #ConstructionUpdate #BJP