Students Protest | 'മലയാളികളായ അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിക്കുന്നു, ഇരയായവരില്‍ പൂര്‍വ വിദ്യാര്‍ഥികളടക്കം പ്രായപൂര്‍ത്തി ആകാത്തവരും'; കുറ്റാരോപിതരെ പുറത്താക്കി കേസെടുക്കണമെന്ന നിലപാടുമായി കലാക്ഷേത്ര വിദ്യാര്‍ഥികള്‍; സമരത്തിന് പിന്നാലെ കാംപസ് അടച്ചുപൂട്ടി
Mar 31, 2023, 08:29 IST
ചെന്നൈ: (www.kvartha.com) മലയാളികളായ അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ചെന്നൈ കലാക്ഷേത്ര രുക്മിണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ വിദ്യാര്‍ഥികള്‍ സമരത്തില്‍.
ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചുള്ള വിദ്യാര്‍ഥികളുടെ രാപ്പകല്‍ സമരത്തെ തുടര്‍ന്ന് കലാക്ഷേത്ര അടുത്തമാസം ആറാം തീയതി വരെ അടച്ചിടാന്‍ വ്യാഴാഴ്ച ഭരണകൂടം തീരുമാനിച്ചു.
കുറ്റാരോപിതരായ അധ്യാപകരെ പുറത്താക്കി പൊലീസ് കേസെടുക്കുംവരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ഥികളുള്ളത്. കലാക്ഷേത്രയിലെ ആരോപണവിധേയരായ നാല് മലയാളി അധ്യാപകരെ ഉടന്‍ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്.
അകാഡമിക് സ്‌കോര്‍ കുറയ്ക്കുമെന്നതടക്കം ഭീഷണിപ്പെടുത്തി കലാപരിശീലന സമയത്തും മറ്റ് പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഇവര്‍ കുട്ടികളെ ലൈംഗികമായി പതിവായി ഉപദ്രവിക്കുന്നുവെന്നാണ് പരാതി. ഇരകളായവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടെന്നും എതിര്‍പ് പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തി മാനസികമായി തളര്‍ത്തുന്ന തരത്തില്‍ അധ്യാപകര്‍ പെരുമാറുന്നെന്നുമാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ഏതാനം ദിവസങ്ങളായി മറ്റ് അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളുമടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. പ്രായപൂര്‍ത്തി ആകാത്തവരടക്കം വിദ്യാര്‍ഥികള്‍ സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ട്. ആരോപിതര്‍ക്കെതിരെ അധികൃതര്‍ യാതൊരു നടപടികളുമെടുക്കാത്ത സാഹചര്യത്തിലാണ് ഭീഷണി അവഗണിച്ചും വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്. വലിയൊരു വിഭാഗം അധ്യാപകരുടേയും പിന്തുണ ഇവര്‍ക്കുണ്ട്. എന്നാല്‍ സമരം ശക്തമായതോടെ അടുത്ത മാസം ആറ് വരെ കോളജ് അടച്ചിടുകയാണെന്ന് പ്രിന്‍സിപല്‍ പ്രഖ്യാപിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ ഉടനടി കാംപസും ഹോസ്റ്റലും വിട്ടുപോകണമെന്നാണ് നിര്‍ദേശം. ഈ കാലയളവിലെ പരീക്ഷകളും മാറ്റിവച്ചു. പിന്മാറാന്‍ തയ്യാറാകാതെ വിദ്യാര്‍ഥികള്‍ രാത്രി വൈകിയും സമരം തുടര്‍ന്നതോടെ വന്‍ പൊലീസ് സംഘമാണ് കാംപസിലെത്തിയത്. പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി. എന്നാല്‍ കുറ്റാരോപിതരായ നാലുപേരെയും പുറത്താക്കുകയും കേസെടുക്കുകയും ചെയ്യാതെ സമരം നിര്‍ത്തില്ലെന്നാണ് വിദ്യാര്‍ഥികള്‍ ആവര്‍ത്തിക്കുന്നത്.
Keywords: News, National, India, Chennai, Students, Teachers, Assault, Complaint, Allegation, Strike, Police, Protest, Top-Headlines, Chennai: Kalakshetra students protest over assault in campus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.