
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അർജന്റീനയിൽ ജനിച്ച അദ്ദേഹം ക്യൂബൻ വിപ്ലവത്തിൽ ഫിദൽ കാസ്ട്രോയ്ക്കൊപ്പം പങ്കുചേർന്നു.
● ദക്ഷിണ അമേരിക്കയിലെ ദാരിദ്ര്യം നേരിട്ടറിഞ്ഞതാണ് വിപ്ലവത്തിനുള്ള പ്രേരണയായത്.
● സി.ഐ.എയുടെയും അമേരിക്കൻ സൈന്യത്തിൻ്റെയും സഹായത്തോടെ ബൊളീവിയൻ സൈന്യം നിഷ്ഠൂരമായി വധിക്കുകയായിരുന്നു.
● 1959 ജൂൺ 30-ന് ഔദ്യോഗിക പ്രതിനിധിയായി അദ്ദേഹം ഇന്ത്യ സന്ദർശിക്കുകയും നെഹ്റുവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഭാമനാവത്ത്
(KVARTHA) ക്യൂബ എന്ന പേരു കേട്ടാൽ ആദ്യം ഓർമ്മ വരുന്നതെന്ത്? സംശയമില്ല, വിപ്ലവകാരികളായ ചെ ഗുവേരയും ഫിദൽ കാസ്ട്രോയും ഒരുമിച്ചുനിൽക്കുന്ന ചിത്രമാകും. പക്ഷേ, കാസ്ട്രോയെക്കാൾ മലയാളികൾ ഓർമിക്കുന്നതും ആവേശം കൊള്ളുന്നതും ചെ-യെക്കുറിച്ച് ആയിരിക്കും.

എന്തിനെയും എതിരിടാനുള്ള ആവേശവും, ചുണ്ടിൽ എരിഞ്ഞുതീരാത്ത ചുരുട്ടുമുള്ള ആ ചിത്രം കാണുമ്പോൾ വിപ്ലവമോഹികൾ ആർത്തുവിളിക്കും: ‘ഇതാ അർജന്റീനയുടെ പുത്രൻ, ക്യൂബയുടെ വിമോചകൻ, വിപ്ലവത്തിന്റെ നായകൻ.’ ഭിഷഗ്വരനിൽനിന്ന് സായുധ പോരാളിയായി മാറി തന്റെ 39-ാമത്തെ വയസ്സിൽ 1967 ഒക്ടോബർ 9-ന് വെടിയേറ്റ് മരിച്ച ചെ ഇപ്പോഴും ചെന്താരകമാണ്.
യുവതയുടെ മനസ്സിൽ കത്തുന്ന കണ്ണുകളും പൊള്ളുന്ന വാക്കുകളുമായി വസ്ത്രങ്ങളിലും ചുമരുകളിലും നിറയുന്ന മനുഷ്യൻ. ജീവിച്ചിരിക്കുമ്പോൾ ജനതയുടെ പ്രിയനായകനും പ്രതിനായകനും ആയിരുന്നു ചെ. അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധ പോരാട്ടങ്ങളുടെ മാർഗങ്ങളാണ് നല്ലതെന്ന് വിശ്വസിച്ച വ്യക്തി.
അർജന്റീനയിൽ ജനിച്ചു, ക്യൂബയിൽ വിപ്ലവം നയിച്ചു, ബൊളീവിയയിൽ കൊല്ലപ്പെട്ട വിപ്ലവകാരി വിടവാങ്ങി 58 വർഷം പിന്നിടുമ്പോഴും വീണ്ടെടുക്കാനാവാത്ത വിധം ആ വേരുകൾ ചരിത്രത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്.
1928 ജൂൺ 14-ന് അർജന്റീനയിലെ റൊസാരിയോയിൽ കത്തോലിക്കനായി ജനിച്ച് വൈദ്യശാസ്ത്രം പഠിച്ച് ക്രൈസ്തവ വിമോചന ചിന്തകളിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു ചെറുപ്പത്തിൽ ചെ. ദക്ഷിണ അമേരിക്കയിൽ നടത്തിയ യാത്രയിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഈ പ്രദേശത്തെ സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവം ആണെന്ന നിലപാടിൽ എത്താൻ അത് അദ്ദേഹത്തെ പ്രേരിപ്പിച്ചു.
1956-ൽ ഫിദലിന്റെ വിപ്ലവ പാർട്ടിയിൽ ചേർന്ന ചെ, അന്നത്തെ ക്യൂബൻ ഏകാധിപതി ബാറ്റിസ്റ്റയെ പുറത്താക്കി അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ 'ഗ്രാന്മ' എന്ന പായ്ക്കപ്പലിൽ ക്യൂബയിലേക്ക് യാത്ര തിരിക്കുകയുണ്ടായി.
വിപ്ലവാനന്തര ക്യൂബയിൽ സുപ്രീം പ്രൊസിക്യൂട്ടർ എന്ന പദവിയിൽ നിയമിതനായ ചെ ആയിരുന്നു യുദ്ധക്കുറ്റവാളികളെയും മറ്റും വിചാരണ നടത്തി വിധി നടപ്പാക്കിയിരുന്നത്. വിപ്ലവാനന്തര ക്യൂബയിൽ നിരവധി പദവികൾ വഹിച്ച ചെ, തുടർന്ന് കോംഗോയിലും ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ക്യൂബ വിടുകയായിരുന്നു.
കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ക്യൂബയിൽ വന്ന ഭരണം അമേരിക്കൻ സാമ്രാജ്യത്വത്തിന് ഒട്ടും ദഹിക്കാത്ത ഒന്നായിരുന്നു. അതിന്റെ സൂത്രധാരന്മാരെ ഇല്ലാതാക്കുക എന്നത് അമേരിക്കയുടെ ലക്ഷ്യമായിരുന്നു. ബൊളീവിയൻ കാടുകളിൽവെച്ച് സി.ഐ.എയുടെയും അമേരിക്കൻ ഐക്യനാടുകളുടെ സൈന്യത്തിന്റെയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെ-യെ ബൊളീവിയൻ സൈന്യം നിഷ്ഠൂരമായി വെടിവെച്ചു കൊല്ലുകയായിരുന്നു.
സൈന്യം പിടികൂടിയ ചെ-യെ മരത്തിൽ കെട്ടിയിട്ട് മേലാസകലം വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും, ബൊളീവിയൻ പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഈ കൊടുംക്രൂരതയെന്നും പറയപ്പെടുന്നു. പിടിയിൽനിന്ന് രക്ഷപ്പെട്ടുപോയപ്പോൾ ഓടിച്ചിട്ട് വെടിവെച്ചതാണ് എന്ന് ലോകത്തിനു മുന്നിൽ കള്ളത്തരം പറയാൻവേണ്ടിയായിരുന്നു ഈ രൂപത്തിലുള്ള വെടിവെപ്പ് എന്നും റിപ്പോർട്ടുകളുണ്ട്.
ലോകമെമ്പാടും ആരാധകരുള്ള ചെ ജീവിതത്തിൽ ഒരു തവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. വിരോധാഭാസമെന്ന് പറയട്ടെ, ഇന്ത്യയിലെ അന്നത്തെ കമ്യൂണിസ്റ്റ് നേതൃത്വം ചെ-യെ ഉൾക്കൊണ്ടിരുന്നില്ല. ആരുംതന്നെ ചെ-യെ സന്ദർശിച്ചിട്ടുമില്ല.
ഫിദലിന്റെ അഭിപ്രായത്തിൽ ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ഇന്ത്യൻ സർക്കാരായിരുന്നു കമ്യൂണിസ്റ്റ് ക്യൂബയുടെ ഔദ്യോഗിക പ്രതിനിധി. അതുകൊണ്ടുതന്നെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരെ കാണാൻ അവരും താൽപര്യമെടുത്തിരുന്നില്ല.
1959 ഫെബ്രുവരി 16-നാണ് ഫിദൽ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. സ്വപ്നം കണ്ട സോഷ്യലിസം നടപ്പിൽ വരുത്താൻ രാജ്യത്തിന് മികച്ച വാണിജ്യ-വ്യവസായ ബന്ധങ്ങൾ വേണമെന്ന് ബോധ്യമുണ്ടായിരുന്നതിനാൽ ഫിദൽ സഹകരിക്കാൻ ആഗ്രഹിച്ച പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ.
സർക്കാരിൽ ഔദ്യോഗിക പദവികളൊന്നും സ്വീകരിക്കാതിരുന്ന ചെ-യെ ഔദ്യോഗിക പ്രതിനിധിയായി ഇന്ത്യയിലേക്ക് വിട്ടപ്പോൾ ക്യൂബയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന നെഹ്റുവിന് ചെ-യുടെ സന്ദർശനം സന്തോഷപ്രദമായിരുന്നു.
1959 ജൂൺ 30-ന് ആറംഗസംഘവുമായാണ് ചെ സന്ദർശനം നടത്തിയത്. ഈ കൂടിക്കാഴ്ചയിൽ നെഹ്റുവും ചെ-യും ഏറെ ആശയവിനിമയങ്ങൾ നടത്തി. ഒരു പെട്ടി ക്യൂബൻ ചുരുട്ട് നെഹ്റുവിന് ചെ നൽകിയപ്പോൾ, ഗൂർഖകളുടെ ആയുധമായിരുന്ന ദുർഗ്ഗാദേവിയുടെ ചിത്രമുള്ള ഉറയോടുകൂടിയ കുക്രിയാണ് നെഹ്റു തിരിച്ചുനൽകിയത്.
ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ സോവിയറ്റ് യൂണിയനെ അമിതമായി ആശ്രയിച്ചു എന്നും, ക്യൂബ സോവിയറ്റ് യൂണിയനുമായി നല്ല ബന്ധമല്ലാത്തതിനാലും ചെ-യെ തീവ്രവാദി എന്ന രൂപത്തിലാണ് അന്ന് പാർട്ടി കണ്ടിരുന്നത് എന്നും ചരിത്രം പറയുന്നു. ചെ-യുടെ വളർന്നുവന്ന ജനപ്രിയത മനസ്സിലാക്കി പിന്നീട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികൾ അദ്ദേഹത്തെ അംഗീകരിക്കുകയായിരുന്നു.
ബൊളീവിയൻ സൈനികൻ ഗാരി പ്രാഡോയുടെ (Gary Prado) നേതൃത്വത്തിൽ മനുഷ്യത്വത്തെ മരവിപ്പിക്കുംവിധം നടത്തിയ നിഷ്ഠൂരമായ നരവേട്ടയിൽ രക്തസാക്ഷിത്വം വഹിച്ച ചെ, ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടവീര്യമായി വരുംതലമുറകളിൽ എന്നും പ്രശോഭിച്ചുനിൽക്കും.
ചെ ഗുവേരയെക്കുറിച്ചുള്ള ഈ ചരിത്രപരമായ വിവരങ്ങൾ നിങ്ങൾക്ക് ഇഷ്ടമായോ? കമൻ്റ് ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക.
Article Summary: 58 years since Che Guevara's death, his legacy as a revolutionary, his brutal execution, and his 1959 visit to India are highlighted.
#CheGuevara #Revolution #CubanRevolution #FidelCastro #IndianHistory #KeralaCommunist