SWISS-TOWER 24/07/2023

Chandrayaan 3 | ചന്ദ്രനെ തൊട്ട് ഇന്‍ഡ്യ; ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി

 


ADVERTISEMENT

ബംഗ്ലൂറു: (www.kvartha.com) ഇത് ചരിത്രനിമിഷം, ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് നടത്തുന്ന ആദ്യ രാജ്യമായി ഇന്‍ഡ്യ. വൈകിട്ട് 6.03നായിരുന്നു ലാന്‍ഡിങ്. ഇതിനുമുന്‍പു ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂനിയന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇതോടെ ഇന്‍ഡ്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു.

വൈകിട്ട് 5.45 നു ചന്ദ്രോപരിതലത്തില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചാണ് ഇറങ്ങല്‍ പ്രക്രിയ തുടങ്ങിയത്. ലാന്‍ഡറിലെ 4 ത്രസ്റ്റര്‍ എന്‍ജിനുകള്‍ വേഗം കുറച്ചു സാവധാനം ഇറങ്ങാന്‍ സഹായിച്ചു. ബ്രിക്‌സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രികയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാന്‍ഡിങ് വെര്‍ച്വലായി കണ്ടു.

ഇത് ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭൂമിയില്‍ സ്വപ്‌നം കണ്ടു. ചന്ദ്രനില്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. 
ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡര്‍ ഇറക്കിയത് വികസിത ഭാരത്തിന്റെ ശംഖൊലിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ബ്രിക്‌സ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനു ദക്ഷിണാഫ്രികയിലായിരുന്നു മോദി. ചരിത്രമുഹൂര്‍ത്തമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭൂമിയിലെ ദൃഢനിശ്ചയം ചന്ദ്രനില്‍ യാഥാര്‍ഥ്യമായി. ദക്ഷിണ ധ്രുവത്തില്‍ നമ്മള്‍ ആദ്യമായി ലാന്‍ഡര്‍ ഇറക്കി. 
Aster mims 04/11/2022

ഇതുവരെ ഒരു രാജ്യവും അവിടെ ലാന്‍ഡര്‍ ഇറക്കിയിട്ടില്ല. വലിയ നേട്ടമാണിത്. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരു കുടുംബം എന്നതാണ് ഇന്‍ഡ്യയുടെ നിലപാട്. ഇതു മാനവരാശിയുടെ വിജയമാണ്. അമ്പിളിമാമന്‍ വളരെ ദൂരെയാണെന്നാണു ചെറുപ്പത്തില്‍ അമ്മമാര്‍ പഠിപ്പിക്കുന്നത്. 

എന്നാല്‍ ചന്ദ്രന്‍ അടുത്താണെന്നു തെളിയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 3ന്റെ വിജയത്തിനുപിന്നാലെ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥിനെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

25ന് ലാന്‍ഡര്‍ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങും. ബംഗ്ലൂറിലെ ഐ എസ് ആര്‍ ഒ ടെലിമെട്രി, ട്രാകിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്കകിനു (ഇസ്ട്രാക്) കീഴിലെ മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സിലാണ് ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് നിരീക്ഷിച്ചത്. പേടകത്തിന്റെ ആന്തരികഘടകങ്ങള്‍ ഉള്‍പ്പെടെ മിഷന്‍ ഓപറേഷന്‍സ് കോംപ്ലക്‌സിലെ ഗവേഷകര്‍ പരിശോധിച്ചു വിലയിരുത്തിയിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഓഗസ്റ്റ് 27ലേക്ക് ലാന്‍ഡിങ് മാറ്റാനായിരുന്നു തീരുമാനം. എന്നാല്‍ അതു വേണ്ടി വന്നില്ല.

ചന്ദ്രോപരിതലത്തില്‍നിന്ന് 30 കിലോമീറ്റര്‍ ഉയരത്തിലേക്ക് ലാന്‍ഡറിനെ എത്തിക്കുന്നതായിരുന്നു ആദ്യപടി. അവിടെവച്ച് പവേഡ് ബ്രേകിങ് ഘട്ടത്തിലേക്ക് എത്തി നാല് ത്രസ്റ്റര്‍ എന്‍ജിനുകളും ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ചു. റെട്രോ ഫയറിങ് എന്ന സാങ്കേതികതയാണ് ഇവിടെ ഉപയോഗപ്പെടുത്തിയത്. പേടകത്തെ മുന്നോട്ടു കുതിപ്പിക്കുന്നതിനുള്ള ഊര്‍ജം നല്‍കുന്നതിനു പകരം, വിപരീത ദിശയിലേക്ക് റോക്കറ്റ് പ്രവര്‍ത്തിച്ചു. അതോടെ ലാന്‍ഡറിന്റെ വേഗം കുറഞ്ഞു. പതിയെപ്പതിയെ ഇത്തരത്തില്‍ വേഗം കുറച്ചുകൊണ്ടു വന്നു.

ചന്ദ്രന്റെ ഗുരുത്വാകര്‍ഷണബലം അതിന്റെ എല്ലാ ശക്തിയോടെയും പേടകത്തിനു നേരെ പ്രയോഗിക്കപ്പെട്ടത് ഈ സമയത്താണ്. എന്നാല്‍ എന്‍ജിനുകള്‍ കൃത്യമായ ആനുപാതത്തില്‍ ജ്വലിപ്പിച്ച് വേഗം നിയന്ത്രിച്ചുകൊണ്ടേയിരിന്നു. അതുവരെ ചന്ദ്രോപരിതലത്തിന് തിരശ്ചീനമായി (horizontal) സഞ്ചരിച്ചിരുന്ന പേടകം ഇതിനോടകം ലംബമായി (vertical) സഞ്ചരിക്കാന്‍ ആരംഭിച്ചു. ഈ ഒരു ഘട്ടത്തിലായിരുന്നു ചന്ദ്രയാന്‍ 2 പാളിയതും നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറക്കിയതും. അതിനാല്‍ത്തന്നെ അതീവസൂക്ഷ്മതയോടെയാണ് ഇത്തവണ വേഗനിയന്ത്രണം.

6.8 കിലോമീറ്റര്‍ ഉയരത്തിലേക്ക് പേടകത്തെ എത്തിച്ചതോടെ രണ്ട് എന്‍ജിനുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. നിയന്ത്രണം നഷ്ടപ്പെടാതെ താഴേക്ക് പതിയെപ്പതിയെ പേടകം വരാന്‍ തുടങ്ങി. ചന്ദ്രോപരിതലത്തിന് 150100 മീറ്റര്‍ ഉയരെ വരെയെത്തി. അവിടെവച്ചാണ് ചന്ദ്രോപരിതലം സ്‌കാന്‍ ചെയ്യാനുള്ള ക്യാമറകളും സെന്‍സറുകളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ലാന്‍ഡിങ്ങിനായുള്ള സ്ഥലത്ത് എന്തെങ്കിലും തടസ്സങ്ങളോ കുന്നോ കുഴിയോ ചെരിവോ ഉണ്ടോയെന്നെല്ലാം പരിശോധിച്ചു. സുരക്ഷിതമായ ലാന്‍ഡിങ് സ്ഥലം കണ്ടെത്തി അവിടേക്ക് നാലു കാലില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുകയായിരുന്നു പദ്ധതി. പിന്നീട് ലാന്‍ഡറിന്റെ പാനല്‍ തുറന്ന് റോവര്‍ പുറത്തേക്കെത്തിയതോടെ പദ്ധതി വിജയകരം.


Chandrayaan 3 | ചന്ദ്രനെ തൊട്ട് ഇന്‍ഡ്യ; ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി

Keywords: Chandrayaan 3 Moon Landing, Bengaluru, News, Chandrayaan 3 Moon Landing, ISRO, Prime Minister, Narendra Modi, Politics, Dream,  National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia