Linking | വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കാൻ കേന്ദ്ര നീക്കം; നിർണായക യോഗം ചൊവ്വാഴ്ച


● വോട്ടർ പട്ടികയിലെ കൃത്രിമം തടയാനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു.
● ഇരട്ട വോട്ടർ ഐഡി ആരോപണങ്ങൾ തടയുകയാണ് ലക്ഷ്യം.
● തിരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പി.ക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.
● 66 കോടിയോളം പേരുടെ ആധാർ നമ്പർ ശേഖരിച്ചെങ്കിലും വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ല.
● ആധാർ-വോട്ടർ ഐഡി ബന്ധിപ്പിച്ചാൽ ക്രമക്കേടുകൾ തടയാനാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രതീക്ഷ.
ന്യൂഡൽഹി: (KVARTHA) ആധാർ കാർഡും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്നതിൽ നിർണായക ചർച്ചകളിലേക്ക് കേന്ദ്ര സർക്കാർ. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയാനായി ആധാർ തിരിച്ചറിയൽ നമ്പറുകൾ വോട്ടർ ഐഡി കാർഡുകളുമായി ബന്ധിപ്പിക്കുന്നതിൽ മാർച്ച് 18 ചൊവ്വാഴ്ച നിർണായക യോഗം ചേരും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വിളിച്ച യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും നിയമനിർമാണ വകുപ്പിലെയും സെക്രട്ടറിമാർ പങ്കെടുക്കും.
മാർച്ച് 18-ന് ചേരുന്ന യോഗത്തിൽ ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, നിയമസഭാ വകുപ്പ് സെക്രട്ടറി രാജീവ് മണി, യു.ഐ.ഡി.എ.ഐ. സി.ഇ.ഒ. ഭുവനേഷ് കുമാർ എന്നിവരുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം ചർച്ച നടത്തും. ആധാർ കാർഡും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്ന കാര്യത്തിൽ നിർണായക തീരുമാനം ഈ യോഗത്തിൽ ഉണ്ടായേക്കും. മൂന്ന് മാസത്തിനുള്ളിൽ നിലവിലെ പരാതികൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവകാശപ്പെടുന്നത്. ഉടൻ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകുമോയെന്ന് വ്യക്തമല്ല.
ആധാറും വോട്ടർ ഐഡിയും നിർബന്ധമായും ബന്ധിപ്പിക്കണമെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾ സജീവമാണ്. പല സംസ്ഥാനങ്ങളിലും വോട്ടർ നമ്പറിൽ ക്രമക്കേട് സംഭവിച്ചതായും ഇരട്ട വോട്ടർ ഐഡി നമ്പർ ആരോപണവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരമൊരു നീക്കം നടത്തുന്നത്.
മാർച്ച് നാല്, അഞ്ച് തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കാനുള്ള എല്ലാ നീക്കവും നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശം നൽകിയിരുന്നു. 2021-ൽ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടുവന്നിരുന്നു.
പാർലമെന്റിലും പുറത്തും പ്രതിപക്ഷം വോട്ടർ പട്ടികയിലെ ക്രമക്കേടുകളും ഇരട്ട വോട്ടർ കാർഡ് നമ്പർ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വോട്ടർ പട്ടികകളെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു. വോട്ടർ പട്ടികയിലെ ക്രമക്കേട് മനസ്സിലാക്കിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പി.ക്ക് അനുകൂലമായി പ്രവർത്തിക്കുകയാണെന്ന ആരോപണം പ്രതിപക്ഷം നടത്തുന്നുണ്ട്. കൂടുതൽ നടപടി വിവരങ്ങൾ യോഗത്തിന് ശേഷമാകും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നൽകുക.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ സമ്മതിച്ച സാഹചര്യത്തിൽ ഇനി പരാതികൾ ഉയരാതിരിക്കാനാണ് നീക്കം. 2021-ൽ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തത് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടുവന്നിരുന്നു. 66 കോടിയോളം പേരുടെ ആധാർ നമ്പർ ശേഖരിച്ചിട്ടുണ്ടെന്നും എന്നാൽ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാർലമെൻ്റിൽ സർക്കാർ അറിയിച്ചു. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിച്ചാൽ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിഗമനം.
The central government is set for crucial discussions on linking Aadhaar and Voter ID cards to curb irregularities in voter lists. A key meeting called by the Chief Election Commissioner on March 18 will involve top officials from the Home Ministry and the Legislative Department. The Election Commission, aiming to resolve existing complaints within three months, is reportedly keen on making the linking mandatory, amidst opposition allegations of voter list manipulation and duplicate IDs.
#AadhaarVoterLink, #VoterID, #ElectionCommission, #VoterList, #IndiaElections, #CentralGovernment