അഖിലേന്ത്യാ എട്രന്‍സ് എക്‌സാം: പ്രവേശന ഹാളില്‍ എന്തൊക്കെ കൊണ്ടുപോകാം? നിര്‍ദേശങ്ങള്‍ വിവാദമാകുന്നു

 


ഡെല്‍ഹി: (www.kvartha.com 11/07/2015) കോപ്പിയടി വിവാദത്തെ തുടര്‍ന്ന് ജുലൈ 25ന് നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സി ബി എസ് സി നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ വിവാദമാകുന്നു. കോപ്പിയടി വിവാദത്തെ തുടര്‍ന്ന് ഇത്തവണ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ ഏര്‍പ്പെടുത്തിയ ഡ്രസ്‌കോഡ് ആണ് വിവാദമാകുന്നത്.

സ്‌കാര്‍ഫ് ഉള്‍പ്പെടെയുള്ള സാധാരണ വസ്ത്രങ്ങളും ഷൂസും ആഭരണങ്ങളും പരീക്ഷാ ഹാളില്‍ നിരോധിച്ച അധികൃതര്‍ അരകൈ ഷര്‍ട്ട്, ടി ഷര്‍ട്ട്, കുര്‍ത്ത തുടങ്ങിയ വസ്ത്രങ്ങള്‍, സാധാരണ ചെരിപ്പ് എന്നിവ ധരിച്ചുവേണം പരീക്ഷക്കെത്താനെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പരീക്ഷയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വ്യാഴാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

വലിയ ബട്ടണുകളുള്ള വസ്ത്രങ്ങള്‍, ബെല്‍റ്റ്, തൊപ്പി, പേന, പെന്‍സില്‍, മൊബൈല്‍, വെള്ളക്കുപ്പി എന്നിവ പരീക്ഷാഹാളില്‍ കയറ്റാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ശിരോവസ്ത്രവും മുഴുകൈ വസ്ത്രങ്ങളും പരീക്ഷാ ഹാളില്‍ നിരോധിക്കുന്നത് മതപരമായ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്നാണ്  ഒരുവിഭാഗം രക്ഷിതാക്കളുടെ ആരോപണം.

വാച്ച്, മുടിപ്പിന്ന്, ബെല്‍റ്റ് എന്നിവ നിരോധിച്ചതിന്റെ മറവില്‍ പലകുട്ടികളെയും പരീക്ഷ എഴുതാന്‍ അനുവദിക്കാതെ മടക്കി അയക്കുമെന്ന ഭയവുമുണ്ട്. ശിരോവസ്ത്ര നിരോധത്തെ പരീക്ഷാ ഹാളില്‍ എതിര്‍ക്കുമെന്നാണ് ചില വിദ്യാര്‍ഥിനികളുടെ പ്രതികരണം.
വിവിധ രക്ഷിതാക്കളും സംഘടനകളും എതിര്‍പ്പറിയിച്ചതിനെ തുടര്‍ന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല.

മുമ്പ് നടന്ന പരീക്ഷയില്‍ അത്യാധുനിക ഉപകരണങ്ങള്‍ വസ്ത്രത്തില്‍ ഒളിപ്പിച്ചെത്തിയാണ് കോപ്പിയടി നടത്തിയതെന്നതിന്റെ വെളിച്ചത്തിലാണ് ഇത്തരം നിരോധനമെന്നാണ് സി.ബി.എസ്.ഇ ഉദ്യോഗസ്ഥരില്‍ ചിലര്‍ വ്യക്തമാക്കിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia