ലാവ്ലിന്‍ കേസ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ നല്‍കാന്‍ വീണ്ടും സാവകാശം ആവശ്യപ്പെട്ട് സി ബി ഐ; തുടര്‍ച്ചയായി കേസ് മാറ്റിവയ്ക്കുന്നതില്‍ സുപ്രീംകോടതിക്ക് അതൃപ്തി; ജനുവരി 7നകം രേഖകള്‍ സമര്‍പിക്കണമെന്ന് നിര്‍ദേശം

 


ന്യൂഡെല്‍ഹി: (www.kvartha.com 04.12.2020) ലാവ്ലിന്‍ കേസ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ നല്‍കാന്‍ വീണ്ടും സാവകാശം ആവശ്യപ്പെട്ട് സിബിഐ. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. അതേസമയം തുടര്‍ച്ചയായി കേസ് മാറ്റിവയ്ക്കുന്നതില്‍ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് അതൃപ്തി അറിയിച്ചു. 

ജനുവരി ഏഴിനകം രേഖകള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. രണ്ട് കോടതികള്‍ ഒരേ തീരുമാനമെടുത്ത കേസില്‍ ശക്തമായ വാദങ്ങളുമായി വരണമെന്നാണ് സിബിഐയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ലാവലിന്‍ കേസ് വെള്ളിയാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോള്‍ തന്നെ വാദം ഉന്നയിക്കാന്‍ തയ്യാര്‍ ആണെന്ന് സി ബി ഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ വിശദമായി വാദം കേള്‍ക്കേണ്ട കേസ് ആണിതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

ഉച്ചക്ക് ശേഷം മറ്റൊരു കേസില്‍ തനിക്ക് ഹാജരാകേണ്ടത് ഉണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിയത്. വിശദമായ വാദം കേള്‍ക്കേണ്ട കേസ് ആയതിനാല്‍ ജനുവരി ഏഴിന് ബെഞ്ച് പരിഗണിക്കുന്ന അവസാനത്തെ കേസായി ലിസ്റ്റ് ചെയ്യാനാണ് കോടതിയുടെ നിര്‍ദേശം.

കേസില്‍ സി ബി ഐ ചില അധിക രേഖകള്‍ ഫയല്‍ ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് ഇതുവരെയും ഫയല്‍ ചെയ്തിട്ടില്ലെന്ന് കസ്തൂരിരംഗ അയ്യര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത് കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് രേഖകള്‍ ഫയല്‍ ചെയ്യുകയാണെങ്കില്‍ ഏഴ് ദിവസത്തിനു ള്ളില്‍ ഫയല്‍ ചെയ്യാന്‍ കോടതി സി ബി ഐയോട് നിര്‍ദേശിച്ചു.

സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കസ്തൂരി രംഗ ഐയ്യര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്തും, രാകേന്ത് ബസന്തും, വിഎം സുധീരനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ദേവത്ത് കാമത്തും എംആര്‍ രമേശ് ബാബുവും ഹാജരായി

ഒക്ടോബര്‍ എട്ടിനു കേസ് പരിഗണിച്ചപ്പോള്‍, കേസിനെക്കുറിച്ച് ഒരു കുറിപ്പും വിവിധ ഹര്‍ജികളുമായി ബന്ധപ്പെട്ട രേഖകളും കോടതിക്കു നല്‍കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞിരുന്നു. രേഖകള്‍ സമാഹരിച്ചു നല്‍കാനാണ് സിബിഐ സാവകാശം ആവശ്യപ്പെട്ടത്. കേസ് 2017 ഒക്ടോബര്‍ 27നാണ് സുപ്രീം കോടതി ആദ്യം പരിഗണിച്ചത്. അതിനുശേഷം പല കാരണങ്ങളാല്‍ 17 തവണ മാറ്റിവച്ചു. വെള്ളിയാഴ്ച വീണ്ടും മാറ്റേണ്ടിവന്നു.

2017 ഓഗസ്റ്റ് 23ന് ആണു മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇതിനെതിരയാണ് സിബിഐ അപ്പീല്‍ നല്‍കിയത്.

കേസില്‍ പിണറായിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അപ്പീലില്‍ പറയുന്നു. വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയന്‍ അറിയാതെ ലാവ്ലിന്‍ ഇടപാടു നടക്കില്ലെന്ന് അപ്പീലില്‍ സിബിഐ ചൂണ്ടിക്കാട്ടി. മന്ത്രിതലത്തില്‍ രാഷ്ട്രീയമായ തീരുമാനമെടുക്കാതെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു വിഷയത്തില്‍ നടപടിയെടുക്കാനാവില്ല.

സംസ്ഥാനത്തിനു 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ തീരുമാനമാണിത്. വിചാരണയ്ക്കു മുന്‍പേ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ശരിയല്ല. വസ്തുതകളും തെളിവുകളും കൃത്യമായി പരിശോധിക്കാതെയാണു ഹൈക്കോടതി വിധിയെന്നും അപ്പീലില്‍ പറയുന്നു.

കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫിസര്‍ കെ.ജി.രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തങ്ങളെ മാത്രം വിചാരണ ചെയ്യുന്നതിനെതിരെ കസ്തൂരിരംഗ അയ്യരും ആര്‍ ശിവദാസനും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
ലാവ്ലിന്‍ കേസ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ നല്‍കാന്‍ വീണ്ടും സാവകാശം ആവശ്യപ്പെട്ട് സി ബി ഐ; തുടര്‍ച്ചയായി കേസ് മാറ്റിവയ്ക്കുന്നതില്‍ സുപ്രീംകോടതിക്ക് അതൃപ്തി; ജനുവരി 7നകം രേഖകള്‍ സമര്‍പിക്കണമെന്ന് നിര്‍ദേശം

Keywords:  CBI Again Requests SC to Postpone SNC Lavalin Case Hearing, New Delhi, News, Trending, Lavalin-case, Supreme Court of India, Criticism, Justice, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia