ലക്ഷദ്വീപില്‍ അറസ്റ്റിലായ 12 യൂത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കോവിഡ് പ്രോടോകോള്‍ ലംഘിച്ചതിന് കേസ്
May 28, 2021, 11:21 IST
കവരത്തി: (www.kvartha.com 28.05.2021) ലക്ഷദ്വീപില്‍ അറസ്റ്റിലായ 12 യൂത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കോവിഡ് പ്രോടോകോള്‍ ലംഘിച്ചതിന് കേസ്. കില്‍ത്താന്‍ ദ്വീപില്‍ കളക്ടര്‍ അസ്‌കര്‍ അലിയുടെ കോലം യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു. കളക്ടറുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വിവിധ യുവജന സംഘടനകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ലക്ഷദ്വീപ് വിഷയത്തില്‍ ശനിയാഴ്ച വീണ്ടും സര്‍വകക്ഷിയോഗം ചേരും. ദ്വീപിലെ ബി ജെ പി നേതാക്കാളെയടക്കം ഉള്‍പെടുത്തി സ്റ്റിയറിംഗ് കമിറ്റി രൂപീകരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പടേലിനെ നേരില്‍ കാണാന്‍ നീക്കം. മറ്റന്നാള്‍ ലക്ഷദ്വീപിലെത്തുന്ന പ്രഫുല്‍ പടേലില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡെല്‍ഹിയിലേക്ക് പ്രതിഷേധം നീട്ടാനാണ് തീരുമാനം.
വിദഗ്ധരുമായി ആലോചിച്ച് നിയമപോരാട്ടങ്ങളിലേക്കും കടക്കും. ഏകപക്ഷീയമായി ഉത്തരവുകള്‍ ഇറക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ജില്ലാ പഞ്ചായത്ത് ഇതിന് മുന്‍കൈയെടുക്കും. വിവിധ വകുപ്പുകളില്‍ നിന്ന് കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും കോടതിയില്‍ ചോദ്യം ചെയ്യും. ലക്ഷദ്വീപില്‍ നടക്കുന്ന ഡയറി ഫാം ലേലങ്ങള്‍ ബഹിഷ്‌ക്കരിക്കാനാണ് ആഹ്വാനം. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഡെല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
ഇതിനിടെ ലക്ഷദ്വീപിലെ കപ്പല്‍ സെര്‍വീസും എയര്‍ ആംബുലസുകളും സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനമായി. ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ആറ് യാത്രാ കപ്പലുകളും സ്വകാര്യവത്കരിക്കാനാണ് തീരുമാനം. ഫിഷറിസ് വകുപ്പിന് പിന്നാലെ മറ്റ് മേഖലകളിലും കൂട്ട സ്ഥലം മാറ്റം ഉണ്ടാകുമെന്നാണ് വിവരം. അടിയന്തര ചികിത്സ ആവശ്യങ്ങള്‍ക്കായി രണ്ട് എയര്‍ ആംബുലന്‍സുകളാണ് ദ്വീപിലുള്ളത്. ഇതിന് പകരം സെര്‍വീസ് നടത്താന്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ് അധികൃതര്‍.
അതിനിടെ മയക്കുമരുന്ന് കടത്തും കുറ്റകൃത്യങ്ങളും ദ്വീപില്‍ കൂടുകയാണെന്ന കളക്ടറുടെ പ്രസ്ഥാവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരും കവരത്തി ദ്വീപില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതേസമയം ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സി പി ഐ എറണാകുളം ജില്ലാ കമിറ്റി 5000 കേന്ദ്രങ്ങളില്‍ വൈകിട്ട് പ്രതിഷേധ ജ്വാല തെളിയിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.