Caring Tips | പ്രായമായവരെ എങ്ങനെ പരിചരിക്കാം; ഇക്കാര്യങ്ങള്‍ അറിയുക

 

ന്യൂഡെൽഹി: (KVARTHA) ഏറ്റവും സ്നേഹവും പരിചരണവും ആവശ്യമായി വരുന്ന പ്രായമാണ് വാർധക്യം. മുതിർന്നവരെ പരിചരിക്കുന്നത് ഒരു പുണ്യ പ്രവൃത്തി എന്നതിലുപരിയായി അവരുടെ അവകാശവുമാണ്. മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും കാരുണ്യത്തോടെയും ബഹുമാനത്തോടെയും പരിചരിക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. ആളുകൾക്ക് പ്രായമാകുമ്പോൾ, അവരുടെ ആവശ്യങ്ങളും മുൻഗണനകളും മാറുന്നു. ശരിയായ പരിചരണവും സംരക്ഷണവും അവർക്ക് സന്തോഷവും സുരക്ഷിതത്വവും നൽകുന്നു. എന്നാൽ തിരക്കേറിയ ജീവിതത്തിൽ ആളുകൾ പലപ്പോഴും പ്രായമായവരുടെ പ്രശ്നങ്ങൾ അവഗണിക്കുന്നു. മുതിർന്നവരെ പരിചരിക്കുന്നതിനുള്ള ചില വഴികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം.
  
Caring Tips | പ്രായമായവരെ എങ്ങനെ പരിചരിക്കാം; ഇക്കാര്യങ്ങള്‍ അറിയുക

* ശാരീരിക പരിചരണം: മരുന്നുകൾ നൽകുക, അവർക്ക് കഴിക്കാവുന്ന ഭക്ഷണം തയ്യാറാക്കി നൽകുക, കുളിപ്പിക്കുകയും വസ്ത്രം മാറ്റിക്കുകയും ചെയ്യുക എന്നിവ മുതിർന്നവർക്ക് വേണ്ടി ചെയ്യേണ്ട പ്രധാന കാര്യങ്ങളാണ്.

* മാനസിക പിന്തുണ: കൂടെയിരുന്ന് സംസാരിക്കുകയും അവരുടെ വാക്കുകൾ കേൾക്കുകയും അവർക്ക് വിലയുണ്ടെന്ന അനുഭവപ്പെടുത്തുകയും ചെയ്യുന്നത് അവരുടെ മാനസിക ആരോഗ്യത്തിന് ഏറെ സഹായകമാണ്.

* സാമ്പത്തിക സുരക്ഷ: പ്രായമാകുമ്പോൾ ജോലി ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. ഇതോടെ അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിക്കൊള്ളണമെന്നില്ല. മരുന്നുകൾക്കും മറ്റു ആവശ്യങ്ങൾക്കുമുള്ള ചിലവുകൾ കണ്ടറിഞ്ഞു അവരെ സഹായിക്കാൻ ശ്രദ്ധിക്കുക.

* സാമൂഹിക ബന്ധങ്ങൾ: കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഇടപഴകാനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുക. ഇത് അവരുടെ മാനസികാരോഗ്യത്തിനും ഗുണകരമാണ്. മക്കളോടും കൊച്ചുമക്കളോടും ഒപ്പം സമയം ചിലവഴിക്കുകയും കുടുംബകഥകൾ പങ്കുവയ്ക്കുകയും ചെയ്യുന്നത് അവരുടെ മനസിന് സന്തോഷം നൽകും.* ആരോഗ്യ പ്രശ്നങ്ങൾ: അവരുടെ ആരോഗ്യം ക്രമമായി നിരീക്ഷിക്കുകയും മരുന്നുകളുടെ രസീതുകൾ സൂക്ഷിക്കുകയും ചെയ്യുക. ആവശ്യ സമയത്ത് ഡോക്ടറെ കാണാനുള്ള അപ്പോയിന്റ്മെന്റുകൾ എടുക്കുകയും അവരോടൊപ്പം കൂടെ പോവുകയും ചെയ്യുക. പ്രായവുമായി ബന്ധപ്പെട്ട ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അവർ നേരിടുന്നുണ്ടോ എന്നു ശ്രദ്ധിക്കുക.

* ശാരീരിക പരിമിതികൾ: പ്രായമാകുമ്പോൾ ശരീരം ദുർബലമാകും. വീടിന്റെ പരിസരം സുരക്ഷിതമാക്കുക. കുളിമുറികളിൽ തെന്ന് വീഴാതിരിക്കാൻ സംവിധാനങ്ങൾ ഒരുക്കുക. വെളിച്ചം ശരിയായ രീതിയിൽ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക. ആവശ്യമെങ്കിൽ വാക്കർ അല്ലെങ്കിൽ വീൽചെയർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ അവരെ സഹായിക്കുക.

* ആഹാര ആവശ്യങ്ങൾ: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ധാരാളം അടങ്ങിയ സമീകൃതവും പോഷക സമ്പുഷ്ടവുമായ ഭക്ഷണം നൽകുക. ആരോഗ്യസ്ഥിതി അനുസരിച്ച് അവർക്ക് പ്രത്യേക ഭക്ഷണ നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ, അവ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക.

* സമപ്രായക്കാരായ സുഹൃത്തുക്കളുമായുള്ള ഇടപഴകൽ: അയൽവാസികളുമായും പഴയ സുഹൃത്തുക്കളുമായും ഇടപഴകാൻ അവസരങ്ങൾ ഒരുക്കിക്കൊടുക്കുക. ഇത് അവരുടെ ഏകാന്തത ഒഴിവാക്കാനും സന്തോഷം നൽകാനും സഹായിക്കും.

* ആത്മീയതയും മാനസിക സമാധാനവും: ആരാധനകളിലും മതപരമായ ചടങ്ങുകളിലും പങ്കെടുക്കാൻ അവസരമുണ്ടാക്കുക. അവരുടെ വിശ്വാസങ്ങൾ പരിപാലിക്കുന്നത് അവർക്ക് മാനസിക സമാധാനം നൽകും.

* ധ്യാനം: മനസിനെ ശാന്തമാക്കാനും സന്തോഷം നേടാനും ആരോഗ്യത്തിനും എളുപ്പത്തിൽ ചെയ്യാവുന്ന വ്യായാമങ്ങളും ധ്യാനവും സഹായിക്കും.


ഇക്കാര്യങ്ങൾ മറക്കരുത്

മുതിർന്നവരോട് സ്നേഹത്തോടെയും കരുണയോടെയും പെരുമാറുക. അവർക്കു വേണ്ടി സമയം ചിലവഴിക്കുകയും കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുക. പ്രായമാകുന്നതനുസരിച്ച് ചില കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. അത്തരം സമയങ്ങളിൽ ക്ഷമ കാണിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും വേണം. മുതിർന്നവരെ പരിചരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. എന്നാൽ അത് കടമയായി മാത്രം കാണരുത്. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സമൂഹം എന്നിവർ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമേ അവർക്ക് സന്തോഷത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാൻ സാധിക്കുകയുള്ളൂവെന്ന കാര്യം മറക്കാതിരിക്കുക.

Keywords:  News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Caring for the Elderly: Things to Remember.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia