Cancer | സ്ത്രീകളിലെ കാന്‍സര്‍ തടയാം; ചെയ്യാന്‍ കഴിയുന്ന 2 പ്രധാന കാര്യങ്ങള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) സ്തന, ശ്വാസകോശ, ഗര്‍ഭാശയമുഖ, ത്വക്ക് എന്നിവയുള്‍പെടെ ചില അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ്. പല കാരണങ്ങള്‍ കൊണ്ട് ഒരു സ്ത്രീക്ക് കാന്‍സര്‍ വരാനുള്ള സാധ്യതയുണ്ട്. പ്രായമാകുന്നത് പോലെയുള്ള ചില ഘടകങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കിലും, കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സ്ത്രീകള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
അമേരിക്കന്‍ സിഡിസി പ്രകാരം, കാന്‍സര്‍ വരാതിരിക്കാന്‍ ആളുകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളില്‍ ഒന്ന് ആരോഗ്യകരമായ തിരഞ്ഞെടുപ്പുകള്‍ നടത്തുകയും രണ്ടാമത്തേത് ഉചിതമായ പരിശോധനകള്‍ നടത്തുകയും ചെയ്യുക എന്നതാണ്.
     
Cancer | സ്ത്രീകളിലെ കാന്‍സര്‍ തടയാം; ചെയ്യാന്‍ കഴിയുന്ന 2 പ്രധാന കാര്യങ്ങള്‍

ആരോഗ്യകരമായ തിരഞ്ഞെടുപ്പുകള്‍

നിങ്ങള്‍ ഒരു പുകവലിക്കാരനാണെങ്കില്‍, കഴിയുന്നതും വേഗം അത് ഉപേക്ഷിക്കുക. സിഗരറ്റ് വലിക്കുന്നത് മിക്ക ശ്വാസകോശ അര്‍ബുദങ്ങള്‍ക്കും കാരണമാകുന്നു. വായ, തൊണ്ട, അന്നനാളം, ആമാശയം, വന്‍കുടല്‍, മലാശയം, കരള്‍, പാന്‍ക്രിയാസ്, ശ്വാസനാളം, കിഡ്‌നി, മൂത്രാശയം, സെര്‍വിക്സ് എന്നിവയുള്‍പ്പെടെ നിരവധി അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യതയുമായി പുകവലി ബന്ധപ്പെട്ടിരിക്കുന്നു. ചര്‍മ്മ കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് അള്‍ട്രാവയലറ്റ് (യുവി) രശ്മികള്‍ (സൂര്യനില്‍ നിന്നും സണ്‍ലാമ്പുകള്‍ പോലുള്ള കൃത്രിമ സ്രോതസുകളില്‍ നിന്നും) വളരെയധികം കൊള്ളുന്നത് ഒഴിവാക്കുക.

കുടല്‍ കാന്‍സര്‍, സ്തനാര്‍ബുദം, വായയിലെ അര്‍ബുദം, തൊണ്ടയിലെ കാന്‍സര്‍, കരള്‍ കാന്‍സര്‍ തുടങ്ങി ഏഴ് തരം കാന്‍സര്‍ വരാനുള്ള സാധ്യത മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മദ്യപാനം പൂര്‍ണമായും ഒഴിവാക്കുക. അമിതഭാരവും പൊണ്ണത്തടിയും 40 ശതമാനം അര്‍ബുദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ അമിതവണ്ണമുള്ളവരാണെങ്കില്‍ ശരീരഭാരം കുറയ്ക്കുകയും ആരോഗ്യകരമായ നിലയില്‍ സൂക്ഷിക്കുകയും ചെയ്യുക.

കാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍

കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കുമ്പോള്‍ അത് ചികിത്സയ്ക്ക് പലപ്രദമാകും. സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ക്ക് സ്തനാര്‍ബുദം, സെര്‍വിക്കല്‍, വന്‍കുടല്‍ എന്നിവ പോലുള്ള ചില കാന്‍സറുകള്‍ നേരത്തേ കണ്ടെത്താനാകും. ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലുള്ളവരും സ്‌ക്രീനിംഗ് ടെസ്റ്റ് നടത്താന്‍ ശുപാര്‍ശ ചെയ്യുന്നു.

മാമോഗ്രഫി: സ്തനാര്‍ബുദം നേരത്തേ കണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി (ACS) 45 നും 54 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് വാര്‍ഷിക മാമോഗ്രഫിയും 55 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രഫിയും ശുപാര്‍ശ ചെയ്യുന്നു. 50-നും 74-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഓരോ രണ്ട് വര്‍ഷത്തിലും മാമോഗ്രാം ചെയ്യാന്‍ യുഎസ് പ്രിവന്റീവ് സര്‍വീസസ് ടാസ്‌ക് ഫോഴ്സ് (യുഎസ്പിഎസ്ടിഎഫ്) ശുപാര്‍ശ ചെയ്യുന്നു. 40 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഒരു ഡോക്ടറെ കണ്ട് അതിന്റെ അപകടസാധ്യതകളും നേട്ടങ്ങളും വിലയിരുത്തിയ ശേഷം മാമോഗ്രാം പരിശോധിക്കാം.

സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംഗ്: പാപ് ടെസ്റ്റ് (അല്ലെങ്കില്‍ പാപ് സ്മിയര്‍), എച്ച്പിവി ടെസ്റ്റ് എന്നിവ സെര്‍വിക്കല്‍ കാന്‍സര്‍ തടയുന്നതിനോ നേരത്തേ കണ്ടുപിടിക്കുന്നതിനോ സഹായിക്കുന്ന രണ്ട് ടെസ്റ്റുകളാണ്. 21 വയസ് മുതല്‍ പതിവായി സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിംഗ് ശുപാര്‍ശ ചെയ്യുന്നു.

വന്‍കുടല്‍ കാന്‍സര്‍ സ്‌ക്രീനിംഗ്: 45 മുതല്‍ 75 വരെ പ്രായമുള്ള മുതിര്‍ന്നവര്‍ക്കായി ഇത് ശുപാര്‍ശ ചെയ്യുന്നു. മലാശയ കാന്‍സര്‍ സ്‌ക്രീനിംഗിനായി ഉപയോഗിക്കുന്ന പരിശോധനകളില്‍ മലം പരിശോധനകള്‍, ഫ്‌ലെക്‌സിബിള്‍ സിഗ്മോയിഡോസ്‌കോപ്പി, സിടി കോളനോഗ്രഫി, കൊളോനോസ്‌കോപ്പി എന്നിവ ഉള്‍പ്പെടുന്നു. ഏത് പരിശോധനയാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് നിങ്ങളുടെ ഡോക്ടര്‍ക്ക് പറയാന്‍ കഴിയും.

ശ്വാസകോശ കാന്‍സര്‍ സ്‌ക്രീനിംഗ്: 50 മുതല്‍ 80 വയസ് വരെ പ്രായമുള്ള മുതിര്‍ന്നവര്‍ക്കും, പുകവലി പശ്ചാത്തലമുള്ളവര്‍ക്കും, നിലവില്‍ പുകവലിക്കുകയോ കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഉപേക്ഷിക്കുകയോ ചെയ്തവര്‍ക്കും എല്ലാ വര്‍ഷവും ലോ-ഡോസ് കമ്പ്യൂട്ട് ടോമോഗ്രാഫി ഉപയോഗിച്ച് ശ്വാസകോശ കാന്‍സര്‍ സ്‌ക്രീനിംഗ് യുഎസ് പ്രിവന്റീവ് സര്‍വീസസ് ടാസ്‌ക് ഫോഴ്‌സ് (USPSTF) ശുപാര്‍ശ ചെയ്യുന്നു.

Keywords: National News, Malayalam News, Cancer, Health News, Cancer In Women: Two Most Important Things You Can Do To Avoid Cancer.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia