Handcuff | പിടിയിലാകുന്ന എല്ലാവരെയും പൊലീസിന് 'കൈവിലങ്ങ്' അണിയിക്കാനാകുമോ, എങ്ങനെ ഉപയോഗിക്കണം? അറിയേണ്ട കാര്യങ്ങൾ


പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത തോന്നിയപോലെ കൈവിലങ്ങ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാക്കി
ഏദൻ ജോൺ
(KVARTHA) ഇന്ന് പല കുറ്റങ്ങൾക്കും (Crimes) ഇവിടെ പലരും അറസ്റ്റിലാകുന്നുണ്ട് (Arrest). കൂടുതലും സാധാരണക്കാർ ആകും. ചെറിയ ചെറിയ മോഷണങ്ങൾ, പിടിച്ചു പറി തുടങ്ങിയ കുറ്റങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റു ചെയ്ത് ലോക്കപ്പിലാക്കുന്നത് (Lockup) നാം നിത്യവും കണ്ടുവരുന്ന സംഭവമാണ്. പലരുടെയും കയ്യിൽ വിലങ്ങുകൾ (Handcuff) ഉണ്ടാവും. വിലങ്ങുകൾ പൂട്ടിയ കയ്യുമായി ഇവർ പൊതുസമൂഹത്തിലൂടെ നടന്നുപോകുന്ന കാഴ്ച ഹൃദയമുള്ള ആരെയും നൊമ്പരപ്പെടുത്തുന്ന ഒന്നാണ്.
ആ കുറ്റവാളി ഒരു പക്ഷെ, നമ്മുടെ കുടുംബത്തിൽ നിന്നുള്ള ആൾ അല്ലാത്തതിനാൽ ഇയാളുടെ കുടുംബം (Family) അനുഭവിക്കുന്ന വേദനയോ സമൂഹത്തിൽ നിന്ന് നേരിടുന്ന ആക്ഷേപമോ നമുക്ക് മനസിലാകണമെന്നില്ല. ഇവരുടെ കുറ്റം നമ്മൾ ചിന്തിക്കുമ്പോൾ വലുതായിരിക്കാം. അതിലുപരി അവരുടെ മക്കൾ, ഭാര്യ, കുടുംബം അനുഭവിക്കുന്ന ഒരു മാനസിക ബുദ്ധിമുട്ട് ഉണ്ട്. അത് കാണാതിരിക്കരുത്. ഇങ്ങനെ അറസ്റ്റിലാകുന്ന പലരും നിയമത്തെക്കുറിച്ചു (Law) ജയിൽ ജീവിതത്തെക്കുറിച്ചും അതിലെ നിയമങ്ങളെക്കുറിച്ചും ഒക്കെ അജ്ഞരായിരിക്കും.
കാരണം വേണ്ടത്ര വിദ്യാഭ്യാസം തന്നെ ഇല്ലാത്തവരാകും ഇങ്ങനെ അറസ്റ്റിലാകുന്ന ഭൂരിഭാഗം പേരും. പലരും ജയിലിലും മറ്റും കൊടിയ യാതനകൾ അനുഭവിക്കുന്നുമുണ്ടാകും. ചിലപ്പോൾ മരണങ്ങൾ തന്നെ സംഭവിച്ചുവെന്ന് വരാം. അതുകൊണ്ട് ജയിൽ നിയമങ്ങളെക്കുറിച്ച് അറിയാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഇപ്പോൾ ഈ വിഷയത്തിൽ വി ഫോർ കൊച്ചിയുടെ നേതാവ് നിപുൺ ചെറിയാൻ എഴുതിയ ഒരു കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്.
കുറിപ്പിൽ പറയുന്നത്:
'തോന്നിയപോലെ കൈവിലങ്ങ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാക്കി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 (BNSS). സിആർപിസിക്ക് പകരം വന്ന നിയമത്തിൽ നിലവിൽ കൈവിലങ്ങ് ഉപയോഗിക്കുന്ന ഒട്ടുമിക്ക സാഹചര്യങ്ങൾ എല്ലാം നിയമവിരുദ്ധമാക്കിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട ചരിത്രമുള്ള ആളുകളെ, കോടതി ശിക്ഷിച്ച കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന ആളുകളെ, ഭീകരവാദം, പീഡനം, കൊലപാതകം എന്നീ തീവ്രസ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട ആളുകളെ അറസ്റ്റ് ചെയ്യുമ്പോൾ മാത്രമേ കൈവിലങ്ങ് ഉപയോഗിക്കാൻ പാടുകയുള്ളു.
സെക്ഷൻ 43(3) ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം പറഞ്ഞിട്ടുള്ള മേൽപറഞ്ഞ സാഹചര്യങ്ങളിൽ മാത്രമേ ഇനി പോലീസിനോ മറ്റ് എജൻസികൾക്കോ ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ, കസ്റ്റഡിയിൽ കൊണ്ട് നടക്കുമ്പോൾ കൈവിലങ്ങ് വെയ്ക്കാൻ പാടുകയുള്ളു. ഇതിന് വിരുദ്ധമായി കൈവിലങ്ങ് വെച്ചാൽ അത് കുറ്റകരമാണ്. സെക്ഷൻ 43(3) പ്രകാരം മേൽപറഞ്ഞ സാഹചര്യങ്ങളിൽ കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച്, പ്രതിയുടെ ചരിത്രവും സ്വഭാവവും അനുസരിച്ച് കൈവിലങ്ങ് ഉപയോഗിക്കണോ എന്ന് പോലീസ് ഉദ്യോഗസ്ഥന് തീരുമാനിക്കാം, അവിടെയും കൈവിലങ്ങ് നിർബന്ധമല്ല.
നിലവിൽ കേരളത്തിൽ എല്ലാ പ്രതികളെയും മെഡിക്കൽ ചെക്കപ്പിന് കൊണ്ടുപോകുമ്പോൾ പോലും കൈവിലങ്ങ് വെച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്ന രീതി ഉണ്ട്. ഇത് 2024 ജൂലൈ ഒന്ന് മുതൽ നിയമവിരുദ്ധമാണ്. ചിത്രം - ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ നടന്ന അഴിമതി ചൂണ്ടികാണിച്ചതിന് കോടതി അലക്ഷ്യ കുറ്റം ചുമത്തി കേരള ഹൈക്കോടതി സ്വമേധയാ കേസ് എടുത്ത് ഫെബ്രുവരി 2023-ഇൽ എന്നെ മട്ടാഞ്ചേരി മുതൽ എറണാകുളം വരെ കൈവിലങ്ങ് വെച്ച് കൊച്ചി നഗര പ്രദിക്ഷണം നടത്തുന്നത്'.
മനുഷ്യനെ സ്നേഹിക്കാം
ഇത് പലർക്കും അറിവില്ലാത്ത ഒരു കാര്യം തന്നെയായിരിക്കും. അറിവില്ലായ്മ കൊണ്ടു തന്നെയാണ് പലരും പല അബദ്ധങ്ങളിലും ചെന്ന് ചാടുന്നത്. ഇങ്ങനെയുള്ള കുറിപ്പുകളും പോസ്റ്റുകളും പലർക്കും അറിവ് നേടാൻ ഇടയാകുമെന്ന് പ്രതീക്ഷിക്കുന്നു. തെറ്റിനെ തെറ്റ് ആയി അംഗീകരിക്കുമ്പോൾ പോലും അവരിൽ ഒരു മനുഷ്യൻ ഉണ്ടെന്ന് വിശ്വസിക്കുന്നു. തെറ്റിനെ പുറം തള്ളിക്കൊണ്ട്. മനുഷ്യനെ സ്നേഹിക്കാം. ഒപ്പം അവരുടെ നിരപരാധികളായ കുടുംബത്തെയും.