Shivraj Singh | 16 വർഷത്തിലേറെയായി മുഖ്യമന്ത്രി പദത്തിൽ; ശിവരാജ് സിംഗ് ചൗഹാന് നാലാം തവണയും വിജയിക്കാൻ കഴിയുമോ? പതിമൂന്നാം വയസിൽ ആർ എസ് എസിൽ, അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ; അറിയാം മധ്യപ്രദേശിലെ ബിജെപിയുടെ മുഖത്തെ

 


ഭോപ്പാൽ: (KVARTHA) നാലാം തവണയും അധികാരത്തിലേറാനുള്ള ശ്രമത്തിലാണ് മധ്യപ്രദേശിൽ ബിജെപിയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും. ഭരണവിരുദ്ധ വികാരവും പാർട്ടിയിലെ പ്രശ്നങ്ങളും കല്ലുകടിയാണെങ്കിലും മുഖ്യമന്ത്രി ആത്മവിശ്വാസത്തിലാണ്. 21,675 കോടി രൂപയുടെ പ്രധാന പദ്ധതികളും 2.53 ലക്ഷം കോടിയിലധികം രൂപയുടെ വികസന പദ്ധതികളും പ്രഖ്യാപിച്ച് വോട്ടർമാരെ ആകർഷിക്കാൻ കഴിഞ്ഞ ആറ് മാസത്തിനിടെ വലിയ ശ്രമങ്ങളാണ് ബിജെപി നടത്തിയത്.

Shivraj Singh | 16 വർഷത്തിലേറെയായി മുഖ്യമന്ത്രി പദത്തിൽ; ശിവരാജ് സിംഗ് ചൗഹാന് നാലാം തവണയും വിജയിക്കാൻ കഴിയുമോ? പതിമൂന്നാം വയസിൽ ആർ എസ് എസിൽ, അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ; അറിയാം മധ്യപ്രദേശിലെ ബിജെപിയുടെ മുഖത്തെ

ഭോപ്പാലിലെ മനോഹരമായ ബാഡി ജീലിനോട് ചേർന്നുള്ള മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവിൽ ശിവരാജ് സിംഗ് ചൗഹാൻ 16 വർഷത്തിലേറെയായി താമസിക്കുന്നുണ്ട്. പാർട്ടി വീണ്ടും അധികാരത്തിലേറിയാൽ അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നിരുന്നാലും ശിവരാജ് സിംഗ് ചൗഹാൻ തന്നെയാണ് സംസ്ഥാനത്ത് പാർട്ടിയുടെ മുഖം.

രാഷ്ട്രീയ യാത്ര

1959 മാർച്ച് അഞ്ചിന് സെഹോർ ജില്ലയിലെ നർമ്മദയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമായ ജെയ്റ്റിൽ ആണ് ശിവരാജ് സിംഗ് ചൗഹാൻ ജനിച്ചത്. അച്ഛന്റെ പേര് പ്രേം സിങ് ചൗഹാൻ, അമ്മ സുന്ദർ ബായി. ഗ്രാമത്തിൽ തന്നെ അദ്ദേഹം പ്രാഥമിക പഠനം നടത്തി, അതിനുശേഷം ഭോപ്പാലിൽ പഠിച്ചു. ഇവിടെ നിന്നാണ് അദ്ദേഹത്തിന് രാഷ്ട്രീയത്തോടുള്ള താൽപര്യം ഉടലെടുത്തത്. തുടർന്ന് പത്താം ക്ലാസിൽ സ്റ്റുഡന്റ് കാബിനറ്റ് കൾച്ചറൽ സെക്രട്ടറി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും അതിൽ വിജയിക്കാനായില്ല. ഒരു വർഷത്തിനുശേഷം, പതിനൊന്നാം ക്ലാസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ചു, അതിൽ വിജയിച്ച ശേഷം 1975 ൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

13-ാം വയസിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ (ആർഎസ്എസ്) ചേർന്നു. അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ശിവരാജ് ജയിലിലും പോയിട്ടുണ്ട്. ഇതോടൊപ്പം, ഭോപ്പാലിലെ ബർകത്തുള്ള യൂണിവേഴ്‌സിറ്റിയിലെ ഹമീദിയ കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ശിവരാജ് സിംഗ് ചൗഹാൻ അഞ്ച് തവണ എംപിയായിരുന്നു. അടൽ ബിഹാരി വാജ്‌പേയി വിദിഷ സീറ്റ് വിട്ടതിന് ശേഷം അദ്ദേഹം ആദ്യമായി പത്താം ലോക്‌സഭയിൽ എംപിയായി. തുടർന്ന് നാല് തവണ കൂടി വിജയിച്ചു.

2005ൽ ബിജെപി സംസ്ഥാന അധ്യക്ഷനായി. 2005 നവംബർ 29 ന്, ബാബുലാൽ ഗൗർ രാജിവച്ചപ്പോൾ, ശിവരാജ് സിംഗ് ചൗഹാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2008-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ഡിസംബർ 12-ന് ശിവരാജ് സിംഗ് ചൗഹാൻ രണ്ടാം തവണയും മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2013ൽ മൂന്നാം വട്ടവും അധികാരത്തിലെത്തി. എന്നാൽ 2018 ൽ പിഴച്ചു.

15-ാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയതിനെ തുടർന്ന് 2018 ഡിസംബർ 17 ന് കമൽനാഥ് സംസ്ഥാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുന്ന 22 എംഎൽഎമാരുടെ കൂറുമാറ്റത്തെത്തുടർന്ന് കോൺഗ്രസ് സർക്കാർ നിലം പതിച്ചു. 2020 മാർച്ച് 20 ന്, കമൽ നാഥിന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നു, 2020 മാർച്ച് 23 ന് ശിവരാജ് സിംഗ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

Keywords: News, national, Bhopal, MP Election, Kailashnath Katju, Election Result, Madhya-Pradesh-Assembly-Election, Can Shivraj Singh Chauhan pull off a fourth term win? < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia