RSS | ആർഎസ്എസ് ഇല്ലാതെ ബിജെപിക്ക് നിലനിൽപ്പുണ്ടോ? നദ്ദയുടെയും ഉദ്ദവ് താക്കറുടെയും പ്രസ്‌താവനകൾ നൽകുന്ന സൂചനകൾ

 

ന്യൂഡെൽഹി: (KVARTHA) രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (RSS) സഹായം ആവശ്യമായിരുന്ന കാലഘട്ടം മാറിയെന്നും, ബിജെപി ഇപ്പോൾ സ്വന്തംനിലയിൽ കാര്യങ്ങൾ നടത്തുന്നുവെന്നും ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനുപിന്നാലെ മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്ന് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയും ആരോപിച്ചു. ശിവസേനയെ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞത് പോലെ ആർഎസ്എസിനോടും കാണിക്കാനാണ് പദ്ധതിയെന്നും അക്കാര്യം സൂചിപ്പിക്കുന്നതാണ് നദ്ദയുടെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു.
  
RSS | ആർഎസ്എസ് ഇല്ലാതെ ബിജെപിക്ക് നിലനിൽപ്പുണ്ടോ? നദ്ദയുടെയും ഉദ്ദവ് താക്കറുടെയും പ്രസ്‌താവനകൾ നൽകുന്ന സൂചനകൾ


നദ്ദയുടെ വാക്കുകൾ നൽകുന്ന സൂചനകൾ

ബിജെപി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് സ്വന്തം പ്രവർത്തകരുടെ ശക്തിയിലാണെന്നാണ് നദ്ദയുടെ വാക്കുകൾ നൽകുന്ന സൂചനയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അതായത് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ അതിൻ്റെ ക്രെഡിറ്റ് ബിജെപി പ്രവർത്തകർക്കാന ണെന്നും പതിറ്റാണ്ടുകളായി കഠിനാധ്വാനം ചെയ്തും തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ സജീവമായി സഹായിച്ചും ബിജെപിയുടെ വിജയത്തിന് സഹായിക്കുന്ന ആർഎസ്എസ് പ്രവർത്തകർക്കല്ലെന്നും നദ്ദയുടെ വാക്കുകളിൽ നിന്ന് വായിക്കാനാകുമെന്ന് പ്രതിപക്ഷവും വിമർശിക്കുന്നു.

അടിസ്ഥാനപരമായി ജെ പി നദ്ദ ആർഎസ്എസിലൂടെ വളർന്നുവന്ന നേതാവാണ്. സംഘത്തിൻ്റെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ (എബിവിപി) നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് പ്രചാരകനും ആഭ്യന്തരമന്ത്രി അമിത് ഷാ എബിവിപിയിലൂടെ വളർന്നുവന്ന മറ്റൊരുനേതാവുമാണ്. അതുകൊണ്ട് ആർഎസ്എസിനെതിരെ നദ്ദ വാളോങ്ങാനിടയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.


ആർഎസ്എസിനെ ഒഴിവാക്കി ബിജെപിക്ക് നിലനിൽപ്പുണ്ടോ?

1925 സെപ്റ്റംബർ 27 ന് വിജയദശമി ദിനത്തിൽ ഡോ. കേശവ് ബാലിറാം ഹെഡ്ഗേവാറാണ് ആർഎസ്എസ് സ്ഥാപിച്ചത്. സംഘം ക്രമേണ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പ്രധാന ശക്തിയായി മാറി. 1951 ൽ ജനസംഘം എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചു. ജനസംഘം പിന്നീട് 1980 ൽ ഭാരതീയ ജനതാ പാർട്ടിയായി (BJP) മാറി. ആർഎസ്എസ് - ബിജെപി ബന്ധത്തെ കുറിച്ച് 2024 ലെ പൊതുതിരഞ്ഞെടുപ്പ് ഫലങ്ങൾ പല സൂചനകളും നൽകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്

പ്രധാനമന്ത്രി വളരെ ജനപ്രിയനാണെങ്കിലും മോദി തരംഗം ഇത്തവണ ഇല്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അവിടെയാണ് ആർഎസ്എസിൻ്റെ സംഘടന സംവിധാനം പ്രധാനമാകുന്നത്, പ്രത്യേകിച്ചും ഇത്തവണ നിസ്സംഗരായ ആളുകളെ പോളിംഗ് ബൂത്തുകളിലെത്തിക്കുകയെന്നത് ബിജെപിക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. സാധാരണഗതിയിൽ, തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയും ആർഎസ്എസും തമ്മിൽ മണ്ഡലതല ഏകോപന സംവിധാനം ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ യുപിയിലടക്കം ആർഎസ്എസ് പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമല്ലെന്ന് ദി പ്രിന്റ് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബിജെപി പരമ്പരാഗതമായി ശക്തവും ബൂത്ത് തലം വരെ മികച്ച സംഘടനാ സംവിധാനം ഉള്ളതുമായ സംസ്ഥാനങ്ങളിലെ (യുപി, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ) തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇത്തവണ നിർണായകമാണ്. ആർഎസ്എസിൻ്റെ തണലിൽ നിന്ന് ബിജെപി സ്വന്തം നിലയിൽ നിന്ന് വളർന്നോ എന്ന് തിരഞ്ഞെടുപ്പ് ഫലം സൂചനകൾ നൽകും. ആർഎസ്എസിൻ്റെ സഹായമില്ലാതെ ബിജെപിക്ക് നിലനിൽപുണ്ടോ എന്നത് കാലമാണ് തെളിയിക്കുക എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

Keywords: News, News-Malayalam-News, National, Politics, Lok-Sabha-Election-2024, RSS, BJP, Politics, Election, Lok Sabha election, Can BJP survive without RSS?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia