ശശി തരൂര്‍ മന്ത്രിസഭയില്‍ തിരിച്ചെത്തിയേക്കും, ജയറാം രമേശിനു റയില്‍വേ

 


ശശി തരൂര്‍ മന്ത്രിസഭയില്‍ തിരിച്ചെത്തിയേക്കും, ജയറാം രമേശിനു റയില്‍വേ
ന്യൂഡല്‍ഹി: തൃണമൂല്‍കോണ്‍ഗ്രസ് യു.പി.എ വിട്ട സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിക്കുന്നു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍ പരിഗണിച്ചും മമതയുടെ പശ്ചിമബംഗാളിനു പ്രാതിനിധ്യം നല്‍കിയുമായിരിക്കും കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിക്കുകയെന്നറിയുന്നു. കേരളത്തില്‍ നിന്നുളള ശശി തരൂര്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്ന് ഏറക്കുറെ ഉറപ്പായെന്നാണ് സൂചനകള്‍. എന്തായാലും അടുത്തയാഴ്ച തന്നെ മന്ത്രിസഭയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നുറപ്പാണ്.

തൃണമൂലിന്റെ മുകുള്‍ റോയ് കൈകാര്യം ചെയ്തിരുന്ന റയില്‍വെ ജയറാം രമേശിനു നല്‍കും. 95നുശേഷം ആദ്യമായാണ് കോണ്‍ഗ്രസ് റയില്‍വെ ഏറ്റെടുക്കുക. ഇത് തന്നെയായിരിക്കും മന്ത്രിസഭയിലെ പ്രധാന മാറ്റം. ഒരു കാബിനറ്റ് മന്ത്രിയും അഞ്ചു സഹമന്ത്രിമാരുമാണ് തൃണമൂലിന്റെതായുണ്ടായിരുന്നത്. ഇതിനു പകരമായി ദീപ ദാസ് മുന്‍ഷി, ആധിര്‍ ചൗധരി എന്നീ കോണ്‍ഗ്രസ് അംഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. ബംഗാളില്‍നിന്ന് കോണ്‍ഗ്രസിന് മൂന്നു ലോക് സഭാംഗങ്ങളും ഒരു രാജ്യസഭാംഗവുമാണുള്ളത്.

വീരപ്പ മൊയ്‌ലിക്ക് ഊര്‍ജ്ജം, വയലാര്‍ രവിക്ക് ശാസ്ത്രസാങ്കേതികം, കപില്‍ സിബലിന് ടെലികോം എന്നീ വകുപ്പുകളുടെ അധികചുമതലയുണ്ട്. 2ജി വിവാദത്തിന്റെ പേരില്‍ സ്ഥാനമൊഴിഞ്ഞ എ.രാജ, ദയാനിധി മാരന്‍ എന്നിവര്‍ക്കു പകരം ഡി.എം.കെയ്ക്ക് ഇതുവരെ മന്ത്രിസ്ഥാനങ്ങള്‍ നല്‍കിയിട്ടില്ല.
അതേസമയം രാഹുല്‍ഗാന്ധിയുടെ മന്ത്രിസഭാപ്രവേശം അഭ്യൂഹമായി തുടരുകയാണ്. ആന്ധ്രയില്‍നിന്ന് നടന്‍ ചിരഞ്ജീവിയും കര്‍ണാടകത്തില്‍നിന്ന് കെ.റഹ്മാന്‍ഖാനും മന്ത്രിപട്ടികയിലുള്‍പ്പെടുമെന്നാണ് ലഭിക്കുന്ന സൂചന.

Keywords: Sashi Taroor, Jayram Ramesh, Cabinet reshuffle, National 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia