ഷൂട്ടിംഗ് താരം സിപ്പി സിദ്ധു പാര്‍ക്കില്‍ വെടിയേറ്റ് മരിച്ചനിലയില്‍

 


ചണ്ഡിഗഡ്: (www.kvartha.com 22.09.15) ദേശീയ ഷൂട്ടിംഗ് താരം സിപ്പി സിദ്ധു(35) ചണ്ഡിഗഡിലെ സെക്ടര്‍ 27ല്‍ ഉള്ള പാര്‍ക്കില്‍ വെടിയേറ്റ് മരിച്ച നിലയില്‍. 2001ലെ ദേശീയ ഗെയിംസില്‍ അഭിനവ് ബിന്ദ്രയോടൊപ്പം പഞ്ചാബിന് വേണ്ടി സ്വര്‍ണം കൊയ്ത താരമാണ് സിദ്ധു. പഞ്ചാബിലേയും ഹരിയാനയിലേയും മുന്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്.എസ്. സിദ്ധുവിന്റെ ചെറുമകനാണ്.

പാര്‍ക്കില്‍ ഒരു മൃതദേഹം കിടക്കുന്നതായി   പ്രദേശവാസികളാണ് പോലീസിനെ അറിയിച്ചത്.
 പോലീസ് സ്ഥലത്തെത്തിയപ്പോഴാണ്  മുഖത്ത് വെടിയേറ്റ് ചോരയൊലിപ്പിച്ചു കിടക്കുന്ന സിദ്ധുവിനെ കണ്ടത്. ഉടന്‍  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല് തവണ സിദ്ധുവിന് നേരെ അക്രമി വെടിയുതിര്‍ത്തതായി കണ്ടെത്തിയിട്ടുണ്ട്.

 രണ്ട് വ്യത്യസ്ത ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് ഫോറന്‍സിക് അധികൃതര്‍ പറഞ്ഞു. അക്രമികളില്‍ രണ്ടില്‍കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. തെളിവുകള്‍ അവശേഷിപ്പിക്കാതെയാണ് കൃത്യം നിറവേറ്റിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അക്രമികള്‍  പ്രൊഫഷണല്‍ കൊലപാതകികളാണെന്ന് പോലീസ് സംശയിക്കുന്നു.

കൊലയ്ക്ക് പിന്നിലെ ഉദ്ദേശം അറിവായിട്ടില്ല. അതേസമയം മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia