Nalanda campus | 1,749 കോടി രൂപ ചിലവ്; ബിഹാറിലെ പ്രസിദ്ധമായ നളന്ദ സർവകലാശാലയ്ക്ക് പുതിയ കാമ്പസ്; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

 
Built at cost of Rs 1,749 crore: PM Modi inaugurates new Nalanda University campus in Bihar
Built at cost of Rs 1,749 crore: PM Modi inaugurates new Nalanda University campus in Bihar


മൂന്നാം തവണയും പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ ബീഹാർ സന്ദർശനമാണിത്

ന്യൂഡെൽഹി:  (KVARTHA) ബിഹാറിലെ രാജ്ഗിറിൽ നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ പുരാതന അവശിഷ്ടങ്ങൾക്ക് സമീപമാണ് പുതിയ കാമ്പസ്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എന്നിവരും സംബന്ധിച്ചു. ഗയയിൽ നിന്ന് കൊണ്ടുവന്ന ബോധിവൃക്ഷത്തൈ പ്രധാനമന്ത്രി പരിസരത്ത് നടുകയും ചെയ്തു. 

16 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് പുതിയ കാമ്പസ് ഒരുക്കിയിരിക്കുന്നത്. 2014 സെപ്റ്റംബർ 19ന് അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസിൻ്റെ തറക്കല്ലിട്ടത്. രാജ്ഗിറിലെ അഞ്ച് കുന്നുകളിൽ ഒന്നായ വൈഭർഗിരിയുടെ താഴ്‌വരയിൽ 455 ഏക്കർ സ്ഥലത്ത് 1749 കോടി രൂപ ചിലവിലാണ് ഈ കാമ്പസ് നിർമ്മിച്ചിരിക്കുന്നത്.


പുതിയ കാമ്പസിൽ 40 ക്ലാസ് മുറികളുള്ള രണ്ട് അക്കാദമിക് ബ്ലോക്കുകളാണുള്ളത്. 1900 വിദ്യാർത്ഥികൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. രണ്ട് ഓഡിറ്റോറിയങ്ങൾ, ഏകദേശം 550 വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഹോസ്റ്റൽ എന്നിവയുമുണ്ട്. കൂടാതെ, 2000 വ്യക്തികളെ വരെ ഉൾക്കൊള്ളുന്ന ആംഫി തിയേറ്റർ, ഫാക്കൽറ്റി ക്ലബ്, സ്പോർട്സ് കോംപ്ലക്സ് എന്നിങ്ങനെയുള്ള വിവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാവിലെയാണ് പ്രധാനമന്ത്രി ഗയ വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്ന് ഹെലികോപ്റ്റർ വഴിയാണ് നളന്ദയിലെത്തിയത്. പ്രധാനമന്ത്രി പുരാതന നളന്ദ സർവകലാശാലയുടെ അവശിഷ്ടങ്ങളും സന്ദർശിച്ചു. മൂന്നാം തവണയും പ്രധാനമന്ത്രിയായതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ ബീഹാർ സന്ദർശനമാണിത്.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia