ഹോം സ്റ്റേ സംഭവം; യെദിയൂരപ്പ ബി.ജെ.പി. സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു
Jul 31, 2012, 10:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കക്ഷിഭേദമെന്യേ അംഗങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെയും പോലീസിന്റെയും വീഴ്ച്ചകളെ കടുത്തഭാഷയില്‍ അപലപിച്ചു. മംഗലാപുരത്ത് നടന്നത് ഹിന്ദു ജനജാഗരണവേദിയുടെ 'ഗുണ്ടാഗിരി'യാണെന്ന് അംഗങ്ങള്‍ ഒറ്റക്കെട്ടായി പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പടീലിലെ ഹോംസ്റ്റേയില്‍ നാടിനെ നടുക്കിയ ആക്രമണം നടന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെക്കണമെന്ന് ജെഡിഎസ്-കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അക്രമികളുടെ കൂട്ടത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകരുണ്ടെങ്കില്‍ അവര്‍ക്കെതിരെയും മുഖംനോക്കാതെ നടപടിയെടുത്ത് ഇത്തരം റൗഡിയിസം അവസാനിപ്പിക്കണമെന്നാണ് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യെദിയൂരപ്പ ആവശ്യപ്പെട്ടത്. മംഗലാപുരത്ത് നടന്നത് അങ്ങേയറ്റത്തെ മനുഷ്യത്വ രഹിതമായ നടപടിയാണ്. ഇത് കര്‍ണാടകയുടെ പ്രതിഛായ തകര്‍ക്കാനിടയാക്കി. കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷനല്‍കണം. മംഗലാപുരം സംഭവത്തിലൂടെ കര്‍ണ്ണാടകയിലെ സ്ത്രീകളുടെ അഭിമാനത്തിനാണ് മുറിവേറ്റത്. യെദിയൂരപ്പ രോഷാകൂലനായിപറഞ്ഞു. യെദിയൂരപ്പയും പ്രതിപക്ഷാംഗങ്ങളും സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചപ്പോള്‍ ഗത്യന്തരമില്ലാതായ ആഭ്യന്തരമന്ത്രി സംഭവത്തിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നില്‍കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും സഭയ്ക്ക് ഉറപ്പ് നല്‍കിയതോടെയാണ് വിധാന്സൗധയെ പ്രകമ്പനംകൊള്ളിച്ച അംഗങ്ങളുടെ ബഹളം ശമിച്ചത്.
പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ മംഗലാപുരം സംഭവത്തെ തികച്ചും അപരിഷ്കൃതമെന്നാണ് വിശേഷിപ്പിച്ചത്. ശ്യൂന്യവേളയില്‍ പ്രശ്നമുന്നയിച്ച സിദ്ധരാമയ്യ ദക്ഷിണ കര്‍ണാടക പോലീസ് കമ്മീഷണറെ സസ്പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സംഘപരിവാരത്തിന്റെ ഗുണ്ടായിസം കര്‍ണാടകയ്ക്ക് അപമാനകരമായെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ക്കുമുമ്പ് മധുഗിരി എന്നസ്ഥലത്ത് സ്ത്രീകള്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എസ്. നിജലിംഗപ്പ സര്‍ക്കാറിലെ ആഭ്യന്തരമന്ത്രി എം.വി. രാമറാവു മന്ത്രിസ്ഥാനം രാജിവെച്ച പാരമ്പര്യം കര്ണാടകയ്ക്കുണ്ടെന്നും ഈ മാതൃക ഇന്നത്തെ ആഭ്യന്തരമന്ത്രി ആര്. അശോക് പിന്തുടര്ന്ന് മന്ത്രിപദവി ഒഴിയണമെന്നും ജനതാദള്‍ എസ് നേതാവ് എച്ച്.ഡി. രേവണ്ണ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ സ്വൈരജീവിതത്തിന് ഭീഷണിയായി മാറിയ ശ്രീരാമസേന ബജ്രങ്ക്ദള്,ഹിന്ദു ജനജാഗരണവേദി തുടങ്ങിയ സംഘടനകളെ നിരോധിക്കണമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ആവശ്യപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

