കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ചാര്‍ട്ടേഡ് ഫ് ളൈറ്റുകള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവന്‍ എം പി സുപ്രീംകോടതിയില്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 11.04.2020) കൊവിഡ്-19 വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരും സുരക്ഷിതരല്ലാത്തവരുമായ പ്രവാസികളെ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് നാട്ടിലെത്തിക്കാന്‍ പ്രത്യേക ചാര്‍ട്ടേഡ് ഫ് ളൈറ്റുകള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവന്‍ എം പി സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇന്ത്യയിലേക്ക് അടിയന്തിരമായി മടക്കിക്കൊണ്ടു വരേണ്ടവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രത്യേകസംഘത്തെ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതു സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, കപ്പല്‍ ഗതാഗത മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവര്‍ക്ക് മുന്നില്‍ അപേക്ഷ നല്‍കിയെങ്കിലും ത്വരിതഗതിയിലുള്ള നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അഡ്വ.എ കാര്‍ത്തിക് മുഖേന എം കെ രാഘവന്‍ എം പി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് കോടതി ഫയലില്‍ സ്വീകരിച്ചു.

കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ചാര്‍ട്ടേഡ് ഫ് ളൈറ്റുകള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവന്‍ എം പി സുപ്രീംകോടതിയില്‍

കുടുങ്ങിക്കിടക്കുന്ന പലര്‍ക്കും സ്വന്തം ചെലവില്‍ ഇന്ത്യയിലേക്ക് വരാന്‍ കഴിയില്ല. അതിനാല്‍ അവരുടെ യാത്രാചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കണം. രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം കാരണമാണ് പലര്‍ക്കും നാട്ടില്‍ വരാന്‍ കഴിയാത്തത്. അതിനാല്‍ വിമാനക്കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടു വരുന്നതിനായി നീക്കണം. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് പ്രത്യേകവിമാനമോ ചാര്‍ട്ടേഡ് വിമാനമോ അയക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് 19 ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ ചികിത്സിക്കുന്നതിന് പ്രത്യേകസംഘത്തെ അയക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹര്‍ജി അടുത്ത ആഴ്ച സുപ്രീം കോടതി പരിഗണിച്ചേക്കും.

കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ മേഖലയില്‍ നിന്ന് ലക്ഷക്കണക്കിന് പ്രവാസികളാണ് സൗദി അറേബ്യ, കുവൈത്ത്, യു എ ഇ, ഖത്തര്‍, ബഹറിന്‍, ഒമാന്‍ തുടങ്ങിയ ജി സി സി രാജ്യങ്ങളില്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്നത്. ഇവരില്‍ അസംഘടിത തൊഴിലാളികള്‍ ധാരാളമുണ്ട്.

എല്ലാവരെയും മടക്കി കൊണ്ടുവരണമെന്നല്ല, മറിച്ച് പ്രായമായവര്‍, ജോലി അന്വേഷിച്ച് വിസിറ്റ് വിസയില്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തിയവര്‍, വിസിറ്റേഴ്‌സ് വിസയില്‍ താത്കാലികമായി ഗള്‍ഫ് രാജ്യങ്ങളിലെത്തിയ കുടുംബങ്ങള്‍, വിമാനങ്ങള്‍ റദ്ദാക്കിയതോടെ കുടുങ്ങിക്കിടക്കുന്ന ടൂറിസ്റ്റുകള്‍, ഫ് ളൈറ്റുകള്‍ റദ്ദാക്കും മുമ്പ് തിരിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചവര്‍, പ്രത്യേക മുന്നറിയിപ്പില്ലാതെ സ്ഥാപനങ്ങള്‍ ലീവ് നല്‍കിയവര്‍, പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഭക്ഷണമോ മരുന്നോ കൂലിയോ ലഭിക്കാതെ റൂമുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍, മതിയായ സൗകര്യങ്ങളോ സുരക്ഷയോ ഇല്ലാതെ ലേബര്‍ ക്യാമ്പുകളില്‍ തിങ്ങിഞെരുങ്ങി കഴിയുന്നവര്‍, ഗര്‍ഭിണികള്‍, വിവിധ രോഗങ്ങള്‍ അലട്ടുന്ന വ്യക്തികള്‍, ബന്ധുക്കള്‍ നാട്ടിലായ സാഹചര്യത്തിലും ഗള്‍ഫില്‍ അകപ്പെട്ട കുട്ടികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ പരിരക്ഷയാണ് എം കെ രാഘവന്‍ കോടതിക്ക് മുന്നില്‍ അവതരിപ്പിച്ചത്.

Keywords:  Bring back Indians trapped in GCC, MK Raghavan mp files writ petition at supreme court, News, New Delhi, Supreme Court of India, Flight, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia