Controversy | 5 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയിലെ ഹോട്ടലില്‍ പിടിയില്‍; 'എത്തിയത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍'

 
BJP leader Vinod Tawde caught with ₹5 crore, alleged voter influence, Maharashtra election, cash
BJP leader Vinod Tawde caught with ₹5 crore, alleged voter influence, Maharashtra election, cash

Photo Credit: Facebook / Vinod Tawde

● മുന്‍ മന്ത്രിയായ താവ് ഡെ ബിഹാറിന്റെ ചുമതലയുള്ള ബിജെപിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്. 
● വിരാറിലെ ഒരു ഹോട്ടലില്‍ നിന്ന് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് നേതാവിനെ പിടികൂടിയത്. 
● പണം കൈമാറാനുള്ള ആളുകളുടെ പേരു വിവരങ്ങള്‍ കണ്ടെത്തിയതായി ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍.
● പുറത്തുവന്ന വിവരങ്ങള്‍ അസംബന്ധമാണെന്ന് മഹാരാഷ്ട്ര ബിജെപി നേതൃത്വം.

മുംബൈ: (KVARTHA) മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അഞ്ച് കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവായ വിനോദ് താവ് ഡെ ആണ് പിടിയിലായത്. ബിജെപിയുടെ മുന്‍ മന്ത്രിയായ താവ് ഡെ ബിഹാറിന്റെ ചുമതലയുള്ള ബിജെപിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്. 

മുംബൈ വിരാറിലെ ഒരു ഹോട്ടലില്‍ നിന്ന് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് നേതാവിനെ പിടികൂടിയത്. 
ഹോട്ടലില്‍ പണം വിതരണം ചെയ്യാനെത്തിയെന്ന് ആരോപിച്ച് വിനോദ് താവ് ഡയെ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ തടഞ്ഞു വച്ച് പൊലീസിന വിവരമറിയിക്കുകയായിരുന്നു. 

വിനോദിന്റെ കയ്യില്‍ നിന്ന് പണം കൈമാറാനുള്ള ആളുകളുടെ പേരു വിവരങ്ങള്‍ കണ്ടെത്തിയതായും  കൈവശമുണ്ടായിരുന്ന ബാഗില്‍ 15 കോടി രൂപ വിതരണം ചെയ്യുന്നതായി പരാമര്‍ശിക്കുന്ന ഡയറി ഉണ്ടായിരുന്നുവെന്നും വിരാറിലെ ബിവിഎ എംഎല്‍എ ഹിതേന്ദ്ര താക്കൂര്‍ ആരോപിച്ചു.

വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പണവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തന്നെ നേരിട്ടെത്തിയതെന്ന് ബഹുജന്‍ വികാസ് അഘാഡി (ബിവിഎ) പ്രവര്‍ത്തകര്‍ ആരോപിച്ചു. വിനോദ് താവ് ഡെയെ പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചതോടെ വിരാറില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. 

തിങ്കളാഴ്ച വൈകിട്ട് പരസ്യ പ്രചാരണം ഔദ്യോഗികമായി അവസാനിച്ചതിനുശേഷവും താവ് ഡെ വിരാറില്‍ തന്നെ തുടരുകയായിരുന്നുവെന്ന് ബിവിഎ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.  പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികളും നേരിട്ടെത്തി താവ്ഡയെ കസ്റ്റഡിയില്‍ എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. വിനോദ് താവ് ഡെ ദേശീയ ജനറല്‍ സെക്രട്ടറിയാണെന്നും അദ്ദേഹം വാര്‍ഡ് തലങ്ങളില്‍ പണം വിതരണം ചെയ്യാന്‍ പോകുമോ എന്നുമാണ് ബിജെപി കേന്ദ്രങ്ങള്‍ ചോദിക്കുന്നത്. 

പുറത്തുവന്ന വിവരങ്ങള്‍ അസംബന്ധമാണെന്നും മഹാരാഷ്ട്ര ബിജെപി നേതൃത്വം പ്രതികരിച്ചു. പരാജയ ഭയം നേരിടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ സൃഷ്ടിച്ച തെറ്റായ വാര്‍ത്തയാണ് ഇതെന്നും ആരോപണങ്ങളെ തള്ളിക്കൊണ്ട് ബിജെപി നേതാവ് അതുല്‍ ഭട് ഖല്‍ക്കര്‍ പറഞ്ഞു. ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

#BJP #MaharashtraElections #VinodTawde #CashSeizure #PoliticalControversy #Mumbai

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia