ബി ജെ പിയെ പുറത്താക്കാന്‍ മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; എന്‍ ഡി എ പിളര്‍ന്നുകഴിഞ്ഞെന്നും പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്യാമെന്നും പൃഥ്വിരാജ് ചവാന്‍

 


മുംബൈ: (www.kvartha.com 10.11.2019) മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ എങ്ങും എത്തിയില്ല. കേവല ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ബി ജെ പിക്ക് തനിച്ച് ഭരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ശിവസേനയെ കൂട്ടുപിടിച്ച് ഭരണം നടത്താമെന്നാണ് ബി ജെ പിയുടെ കണക്കു കൂട്ടല്‍. എന്നാല്‍ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തടസമാകുന്നത്.

ഭരണത്തില്‍ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വര്‍ഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ട് ശിവസേന രംഗത്തെത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്‌നാവിസ് രാജിക്കത്ത് നല്‍കുകയായിരുന്നു. 288 അംഗ നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ആവശ്യമായിട്ടുള്ളത്. എന്നാല്‍, ബി ജെ പിക്കുള്ളത് 105 അംഗങ്ങള്‍ മാത്രമാണ്.

ബി ജെ പിയെ പുറത്താക്കാന്‍ മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; എന്‍ ഡി എ പിളര്‍ന്നുകഴിഞ്ഞെന്നും പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്യാമെന്നും പൃഥ്വിരാജ് ചവാന്‍

അതിനിടെ ശിവസേനയെ പിന്തുണയ്ക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ രംഗത്തെത്തി. ബി ജെ പിയെ പുറത്താക്കാന്‍ എല്ലാ വഴിയും തേടുമെന്നും നിലവിലെ സാഹചര്യം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ ഡി എ പിളര്‍ന്നുകഴിഞ്ഞെന്നും പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്യാമെന്നും ചവാന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടുമണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ബി ജെ പിയോടു നിര്‍ദേശിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭയുടെ കാലാവധി തീര്‍ന്നതിനാലും പുതിയ ബി ജെ പി ശിവസേനാ സര്‍ക്കാര്‍ രൂപീകരിക്കാനാകാത്ത സാഹചര്യത്തിലും ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ കണ്ടു. കഴിഞ്ഞദിവസം രാജിക്കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി ജെ പിയെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്. ഭരണത്തെ ചൊല്ലിയുള്ള ബി ജെ പി ശിവസേനാ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണിത്.

അതേസമയം, ബി ജെ പിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വന്നാല്‍ പ്രതിപക്ഷത്തെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കം ശിവസേന ആരംഭിച്ചിട്ടുണ്ട്. 23 എം എല്‍ എമാരുടെ പിന്തുണയാണ് ഇനി ബി ജെ പിക്കു വേണ്ടത്. അതേസമയം, ബി ജെ പി കുതിരക്കച്ചവടത്തിന് ശ്രമിക്കുമോ എന്ന ആശങ്ക പ്രതിപക്ഷ കക്ഷികള്‍ക്കുണ്ട്.

കോണ്‍ഗ്രസ് തങ്ങളുടെ എം എല്‍ എമാരില്‍ ഭൂരിഭാഗം പേരെയും രാജസ്ഥാനിലെ ജയ്പൂരിലേക്ക് മാറ്റിയിട്ടുണ്ട്. ശിവസേനയും തങ്ങളുടെ എം എല്‍ എമാരെ ബാന്ദ്രയിലെ റിസോര്‍ട്ടിലേക്കും മാറ്റിയിട്ടുണ്ട്. ശിവസേന ബി ജെ പിയെ പേടിച്ച് എം എല്‍ എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. കനത്ത പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  BJP Core Group In Huddle, Sena MLAs Stay Put At Resort In Maharashtra, Mumbai, News, Maharashtra, Trending, BJP, Chief Minister, Congress, National, Policy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia