Notice | ബില്‍കിസ് ബാനോ കേസ്: 11 ജീവപര്യന്തം തടവുകാരെ വിട്ടയച്ചതിനെതിരായ ഹര്‍ജിയില്‍ ഗുജറാത് സര്‍കാരിന് സുപ്രീം കോടതിയുടെ നോടിസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) ബില്‍കിസ് ബാനോ കൂട്ടബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട 11 ജീവപര്യന്തം തടവുകാരെ വിട്ടയച്ചതിനെതിരായ ഹര്‍ജിയില്‍ ഗുജറാത് സര്‍കാരിന് സുപ്രീം കോടതിയുടെ നോടിസ്. വ്യാഴാഴ്ചയാണ് കോടതി നോടിസ് അയച്ചത്.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് അജയ് റസ്‌തോഗി, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഇതുസംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. 2022 മെയ് മാസത്തിലാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്. ഈ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് റസ്‌തോഗിയും ജസ്റ്റിസ് വിക്രം നാഥും.

സി പി എം എംപി സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലാല്‍, പ്രൊഫ. രൂപ് രേഖ വര്‍മ എന്നിവര്‍ സമര്‍പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. 11 പ്രതികളെ മോചിപ്പിക്കുക വഴി അതിജീവിതയെ സമൂഹമധ്യമത്തില്‍ വീണ്ടും തെറ്റുകാരിയാക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത് എന്നും ഹര്‍ജിക്കാര്‍ വാദിച്ചു. 

കുറ്റകൃത്യം നടന്ന സംസ്ഥാനത്ത് ബാധകമായ നയത്തിന്റെ അടിസ്ഥാനത്തില്‍ ഇളവ് അല്ലെങ്കില്‍ അകാല മോചനം 'പരിഗണിക്കേണ്ടതാണ്' എന്ന് 2022 മെയ് ഉത്തരവില്‍ പറഞ്ഞതായി തുടക്കത്തില്‍ തന്നെ സിജെഐ രമണ വ്യക്തമാക്കി. എന്നാല്‍ കോടതി അവരെ വിട്ടയക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്നും നയം അനുസരിച്ച് ഇളവ് പരിഗണിക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ബെഞ്ച് വിഷയത്തില്‍ നോടിസ് പുറപ്പെടുവിക്കുകയും ആരോപണവിധേയരായ വ്യക്തികളെ, പ്രതികളാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. വാദത്തിനിടെ, മുസ്ലീം ജനസംഖ്യയുടെ പലായനം, വ്യാപകമായ ബലാത്സംഗം, കൊലപാതകങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട കേസിന്റെ ഭീകരമായ വസ്തുതകള്‍ സിബല്‍ വിവരിച്ചു. എന്നിരുന്നാലും, ഇളവ് വിഷയത്തില്‍ ഒതുങ്ങാന്‍ ബെഞ്ച് സിബലിനോട് ആവശ്യപ്പെട്ടിരുന്നു.

മറുവശത്ത്, ഗുജറാത് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പരിപാലനക്ഷമതയുടെ പേരില്‍ ഹര്‍ജിയെ എതിര്‍ത്തു. ഹര്‍ജി നല്‍കിയത് അതിജീവിതയല്ല, മൂന്നാം കക്ഷികളാണ്.  മൂന്നാം കക്ഷികള്‍ക്ക് ഒരു ക്രിമിനല്‍ കേസില്‍ ഇടപെടാന്‍ എങ്ങനെ സാധിക്കും എന്നും കേന്ദ്ര സര്‍കാര്‍ അഭിഭാഷകന്‍ ചോദിച്ചു.

 എന്നാല്‍, കേസിന്റെ വിപുലമായ താത്പര്യം പരിഗണിച്ച് നോടിസ് നല്‍കാന്‍ സുപ്രിംകോടതി തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍കാരും ഗുജറാത് സര്‍കാരും നോടിസില്‍ മറുപടി നല്‍കണം. രണ്ടാഴ്ചയ്ക്ക് ശേഷം വിഷയം വീണ്ടും പരിഗണിക്കുമെന്ന്  കോടതി അറിയിക്കുകയും ചെയ്തു.

2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപത്തിനിടെയാണ് ക്രൂരമായ കുറ്റകൃത്യം നടന്നത്. അന്ന് ഏകദേശം അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന ബില്‍കിസ് ബാനോ കൂട്ടബലാത്സംഗത്തിനിരയാവുകയും, അവരുടെ മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പെടെ 14 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്. സുപ്രീംകോടതി വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റുകയും ചെയ്തു. 2008ല്‍ മുംബൈയിലെ സെഷന്‍സ് കോടതി കേസില്‍ ശിക്ഷ വിധിച്ചിരുന്നു.

14 വര്‍ഷത്തെ ശിക്ഷാകാലാവധിക്ക് ശേഷം ശിക്ഷയില്‍ ഇളവ് അനുവദിക്കാന്‍ ഗുജറാത് സര്‍കാര്‍ എടുത്ത തീരുമാനത്തിന് അനുസൃതമായി ഓഗസ്റ്റ് 15 ന് 11 പ്രതികളും ജയില്‍ മോചിതരായി.

  Notice | ബില്‍കിസ് ബാനോ കേസ്: 11 ജീവപര്യന്തം തടവുകാരെ വിട്ടയച്ചതിനെതിരായ ഹര്‍ജിയില്‍ ഗുജറാത് സര്‍കാരിന് സുപ്രീം കോടതിയുടെ നോടിസ്

കേസില്‍2008 ജനുവരി 21-ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതിയും സുപ്രീം കോടതിയും ശരിവച്ചു. ഗോധ്ര ട്രെയിന്‍ കത്തിച്ചതിന് ശേഷം പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍കിസ് ബാനോയ്ക്ക് 21 വയസ്സും അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്ന് വയസ്സുള്ള മകളും ഉള്‍പെടുന്നു.

ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസ് ആക്രമിക്കപ്പെടുകയും 59 യാത്രക്കാരെ, പ്രധാനമായും 'കര്‍സേവകര്‍' ചുട്ടുകൊല്ലുകയും ചെയ്തതിന് ശേഷം സംസ്ഥാനം കലാപത്തിന് സാക്ഷ്യം വഹിച്ചിരുന്നു.

ബലാത്സംഗക്കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ ട്വീറ്റ് രാഷ്ട്രീയ ഭേദമില്ലാതെ പ്രതികരണങ്ങള്‍ക്കും ചര്‍ചകള്‍ക്കും തുടക്കമിട്ടിരുന്നു.

ഖുശ്ബുവിനെപ്പോലുള്ളവര്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്ന് ഒരു പ്രമുഖ വനിതാ സംഘടന പറഞ്ഞു, സ്ത്രീകളുടെ ബഹുമാനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പോരാടാനുള്ള ശരിയായ ലക്ഷ്യസ്ഥാനം മതേതര, ജനാധിപത്യ ശക്തികളാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളോട് അനീതി കാട്ടരുതെന്നും അക്കാര്യത്തില്‍ രണ്ടാമതൊരു അഭിപ്രായമില്ലെന്നും സുന്ദര്‍ തന്റെ ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ടെന്നും ബിജെപി വനിതാ വിഭാഗം ദേശീയ അധ്യക്ഷ വനതി ശ്രീനിവാസന്‍ പറഞ്ഞു. ഗുജറാത് 11 കുറ്റവാളികളെ മോചിപ്പിക്കുന്ന ഈ പ്രത്യേക വിഷയത്തില്‍, നിയമത്തിന്റെ ശരിയായ നടപടിക്രമം പിന്തുടരുകയും ഓരോ കേസും പൂര്‍ണമായി പരിശോധിച്ച ഒരു സമിതിയുടെ ശുപാര്‍ശകളെ തുടര്‍ന്നാണ് സംസ്ഥാന സര്‍കാര്‍ തീരുമാനമെടുത്തതെന്നും അവര്‍ പറഞ്ഞു.

ഒരു കുറ്റവാളിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഈ നടപടി. ഗുജറാത് സര്‍കാര്‍ നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിച്ചു. രാഷ്ട്രീയ കാരണങ്ങളാല്‍ അവരെ വിട്ടയച്ചിട്ടില്ല എന്ന് ശ്രീനിവാസനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.

Keywords: Bilkis Bano Case: SC Issues Notice to Gujarat Govt on Convicts' Remission; Didn't Order Release, Says Court, New Delhi, News, Supreme Court of India, Molestation, Notice, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia