Petition | കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ബല്‍കീസ് ബാനു കേസിലെ കുറ്റവാളികള്‍; ഓരോരുത്തരും മുന്നോട്ട് വച്ചിരിക്കുന്നത് ഓരോ കാരണങ്ങള്‍!

 


ന്യൂഡെല്‍ഹി: (KVARTHA) കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ബല്‍കീസ് ബാനു കേസിലെ കുറ്റവാളികള്‍. ഓരോരുത്തരും മുന്നോട്ട് വച്ചിരിക്കുന്നത് ഓരോ കാരണങ്ങളാണ്. ഒരാള്‍ കൊയ്ത്തു കഴിഞ്ഞ് കീഴടങ്ങാമെന്ന് പറയുമ്പോള്‍ മറ്റ് പ്രതികളാകട്ടെ മാതാപിതാക്കളെ പരിചരിക്കുന്നതിന്റേയും മകന്റെ വിവാഹം പരിഗണിച്ചും സമയം ആവശ്യപ്പെട്ടിരിക്കയാണ്. Petition | കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ബല്‍കീസ് ബാനു കേസിലെ കുറ്റവാളികള്‍; ഓരോരുത്തരും മുന്നോട്ട് വച്ചിരിക്കുന്നത് ഓരോ കാരണങ്ങള്‍!
ജയില്‍ അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങാന്‍ നാല് മുതല്‍ ആറ് ആഴ്ച വരെ അനുവദിക്കണമെന്നാണ് പ്രതികളുടെ ആവശ്യം. സുപ്രീംകോടതി ജസ്റ്റിസ് ബി വി നാഗരത്‌നക്ക് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. കീഴടങ്ങാനുള്ള അവസാന തീയതി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഹര്‍ജി കോടതിയില്‍ എത്തിയത്.

കുറ്റവാളികളുടെ അഭിഭാഷകര്‍ ഹര്‍ജി വേഗം പരിഗണിക്കണമെന്ന് നാഗരത്‌നയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി രെജിസ്റ്ററിക്ക് നാഗരത്‌ന നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച തന്നെ ഹര്‍ജി പരിഗണിക്കുമെന്നാണ് സൂചന.

കൊയ്ത്ത് കഴിഞ്ഞതിന് ശേഷം ജയിലിലെത്തി കീഴടങ്ങാമെന്നാണ് മിതേഷ് ചിമനാല്‍ ഭട്ട് എന്ന കുറ്റവാളി സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കണമെന്നും അതിനാല്‍ കീഴടങ്ങാനുള്ള തീയതി നീട്ടണമെന്നുമാണ് കേസില്‍ ശിക്ഷിക്കപ്പെട്ട ഗോവിന്ദഭായ് നയിയുടെ ആവശ്യം.

88 വയസായ പിതാവിനെയും 75 വയസായ മാതാവിനേയും പരിചരിക്കാന്‍ താന്‍ മാത്രമേയുള്ളവെന്നും പിതാവ് ആസ്തമ മൂലം ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടാതെ പിതാവ് ഹൃദയശസ്ത്രക്രിയക്കും വിധേയനായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തനിക്ക് കീഴടങ്ങാനുള്ള തീയതി നീട്ടി നല്‍കണം എന്നും ഗോവിന്ദഭായ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മാത്രമല്ല ജയില്‍ മോചനത്തിന് ശേഷം താന്‍ മറ്റ് കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മകന്റെ വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്താന്‍ കീഴടങ്ങുന്നതിനുള്ള സമയപരിധി ആറാഴ്ച നീട്ടണമെന്നാണ് മറ്റൊരു കുറ്റവാളിയായ രമേഷ് രൂപഭായ് ചന്ദനയുടെ ആവശ്യം.

നേരത്തെ ബല്‍കീസ് ബാനു കേസില്‍ പ്രതികളെ ഗുജറാത് സര്‍കാര്‍ വിട്ടയച്ചത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത് സര്‍കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷായിളവ് റദ്ദാക്കിയത്. വിചാരണ നടന്ന മഹാരാഷ്ട്രയിലെ സര്‍കാരിനാണ് പ്രതികളെ വിട്ടയക്കാനുള്ള അവകാശമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ശിക്ഷ വിധിക്കുന്നത് പ്രതികളുടെ മാറ്റത്തിനും നവീകരണത്തിനുമാണെന്ന് പറഞ്ഞ കോടതി ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണമെന്ന് പറഞ്ഞു. ഇളവിനുള്ള അപേക്ഷയില്‍ പ്രതികള്‍ സമര്‍പ്പിച്ചത് തെറ്റായ വിവരങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഇവരോട് ജയിലിലെത്തി കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു.

Keywords: Bilkis Bano case convicts approach Supreme Court seeking more time to surrender, New Delhi, News, Bilkis Bano Case, Accused, Supreme Court, Petition, Application, Jail, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia