'വിശപ്പ് ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ല'; ശ്രീകൃഷ്ണന്റെ 'വെണ്ണമോഷണകഥ'യെ ഉപമിച്ച് മധുരപലഹാരങ്ങള്‍ മോഷ്ടിച്ച കുട്ടിയെ കുറ്റവിമുക്തനാക്കി കോടതി
Sep 25, 2021, 15:42 IST
പട്‌ന: (www.kvartha.com 25.09.2021) ഹിന്ദു ദൈവം ശ്രീകൃഷ്ണന്റെ 'വെണ്ണമോഷണകഥ'യെ ഉപമിച്ച് മധുരപലഹാരങ്ങള്‍ മോഷ്ടിച്ച കുട്ടിയെ കുറ്റവിമുക്തനാക്കി കോടതി. ബിഹാര്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജഡ്ജ് മാന്‍വേന്ദ്ര മിശ്രയുടേതാണ് വിധി.
ശ്രീകൃഷ്ണന്റെ വെണ്ണമോഷണം ഒരു കുസൃതിയായി കണക്കാക്കുമ്പോള്‍ ഭക്ഷണമില്ലാതെ വിശന്നിരുന്ന സമയത്ത് കുട്ടി മധുരപലഹാരങ്ങള്‍ മോഷ്ടിച്ചതിനെ ഒരു ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് കോടതി നിരീക്ഷണം. ശ്രീകൃഷ്ണന്റെ കഥ ഉദ്ധരിച്ച വിധി സമൂഹത്തില്‍ ഇരട്ടത്താപ്പായി കണക്കാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
നളന്ദ ജില്ലയിലെ ഹര്‍നൗട് പ്രദേശത്താണ് സംഭവം. പ്രദേശത്തെ ഒരു സ്ത്രീ സെപ്റ്റംബര്‍ ഏഴിന് കുട്ടി ഫ്രിഡ്ജില്‍ നിന്ന് മധുരപലഹാരങ്ങള്‍ മോഷ്ടിക്കുകയും തന്റെ മൊബൈല്‍ ഫോണ്‍ എടുത്തുവെന്നും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
എന്നാല്‍ തനിക്ക് വിശന്നിട്ടാണ് പലഹാരങ്ങള്‍ എടുത്തുകഴിച്ചതെന്ന് കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കൂടാതെ മൊബൈലില്‍ ഗെയിം കളിക്കുന്നതിന് എടുത്തതാണെന്നും കുട്ടി പറഞ്ഞു.
സ്വന്തം കുട്ടി പഴ്‌സില്‍നിന്ന് പണം മോഷ്ടിച്ചുവെന്ന് ആരെങ്കിലും പരാതി നല്‍കുകയും ജയിലില്‍ അടക്കുകയും ചെയ്യുമോയെന്നും പരാതിക്കാരിയായ സ്ത്രീയുടെ അഭിഭാഷകനോട് ജഡ്ജി ആരാഞ്ഞു.
കുട്ടിയുടെ പിതാവ് കിടപ്പുരോഗിയും അമ്മ മാനസിക പ്രശ്‌നമുള്ളയാളുമാണെന്ന് കോടതി അന്വേഷിച്ച് കണ്ടെത്തി. ഇതേ തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണം കോടതി അമ്മാവനെ ഏല്‍പിച്ചു. കൂടാതെ കുട്ടിയുടെ വിദ്യാഭ്യാസവും മറ്റ് ആവശ്യങ്ങളും ഭോജ്പൂര്‍ ശിശു സംരക്ഷണ വകുപ്പിനോട് ഏറ്റെടുക്കാനും കോടതി നിര്‍ദേശിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.