ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ജൂണ്‍ 30നകം ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ നിര്‍ദേശം
Feb 27, 2022, 16:28 IST
പട്‌ന: (www.kvartha.com 27.02.2022) ബീഹാറിലെ ഇ-കൊമേഴ്‌സ് കമ്പനികള്‍, ഷോപിംഗ് സെന്ററുകള്‍, മാളുകള്‍, സിനിമാ ഹാളുകള്‍, ടൂറിസ്റ്റ് സ്‌പോടുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാന്‍ സര്‍കാര്‍ നിര്‍ദേശം നല്‍കി. 2022 ജൂണ്‍ 30നകം ഇവ ഒഴിവാക്കണമെന്നും ജൂലൈ ഒന്ന് മുതല്‍ ഈ ഉല്‍പന്നങ്ങളുടെ ഉത്പാദനവും വില്‍പനയും വാങ്ങലും പൂര്‍ണമായും നിരോധിക്കുമെന്നും അറിയിച്ചു.
വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ഭാഗമായ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറപ്പെടുവിച്ച നോടീസില്‍, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാതാക്കള്‍, ഡീലര്‍മാര്‍, വിതരണക്കാര്‍, വില്‍പനക്കാര്‍ എന്നിവരോടും ജൂണിനുള്ളില്‍ സ്റ്റോക് തീര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
2021 ഡിസംബറില്‍, സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വില്‍പനയും വാങ്ങലും നിരോധിക്കുന്നതായി വകുപ് പ്രഖ്യാപിച്ചിരുന്നു. 2022 ജൂലൈ മുതല്‍ ഈ ഉല്‍പന്നങ്ങള്‍ക്ക് രാജ്യവ്യാപകമായി നിരോധനം ഉള്ളതിനാല്‍, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം അവരുടെ പ്രദേശങ്ങളില്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ 2021 ഓഗസ്റ്റില്‍ വനം മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ഈ ഉല്‍പന്നങ്ങള്‍ ലഭ്യമാകാത്ത സാഹചര്യം നേരിടാന്‍ തയാറാകാത്തതിനാല്‍ തീരുമാനം പുനഃപരിശോധിക്കാനും സംസ്ഥാന വനംവകുപ്പിനോട് നിര്‍മാതാക്കളും വ്യാപാരികളും അഭ്യര്‍ഥിച്ചു.
ഈ വര്‍ഷം ജൂലൈയില്‍ നിരോധിക്കപ്പെടുന്ന ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഇനങ്ങളില്‍ ചിലത്, പ്ലാസ്റ്റിക് സ്റ്റികുകള്‍, പ്ലാസ്റ്റിക് ബാഗുകള്‍, പോളിസ്റ്റൈറൈന്‍ അല്ലെങ്കില്‍ അലങ്കാരത്തിനുള്ള തെര്‍മോകോള്‍, പ്ലേറ്റുകള്‍, കപുകള്‍, ഗ്ലാസുകള്‍, ഫോര്‍കുകള്‍, സ്പൂണുകള്‍, കത്തികള്‍, ഇയര്‍ ബഡ്‌സ്, വൈക്കോല്‍, ട്രേകള്‍, സ്വീറ്റ് ബോക്‌സുകള്‍ക്ക് ചുറ്റും ഫിലിമുകള്‍, ക്ഷണകത്തുകള്‍, സിഗരറ്റ് പാകറ്റുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് അല്ലെങ്കില്‍ പിവിസി ബാനറുകള്‍, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റികുകള്‍ എന്നിവയാണ്.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം പ്രധാനമാണ്- വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി ദീപക് കുമാര്‍ സിംഗ് പറഞ്ഞു.
വ്യാപാരികള്‍ ഈ പാതയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് സിഎഐടി (കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്‍ഡ്യ ട്രേഡേഴ്സ്) ബിഹാര്‍ ചെയര്‍മാന്‍ കമല്‍ നോപാനി പറഞ്ഞു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരോധിക്കപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഇതരമാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആളുകളെന്നും അദ്ദേഹം പറഞ്ഞു.
'2021 ഡിസംബറില്‍ സര്‍കാര്‍ വ്യാപാരികളോട് ഈ സാധനങ്ങളുടെ വില്‍പ്പനയും വാങ്ങലും നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അക്കാലത്തെ കല്യാണങ്ങളുടെയും ചടങ്ങുകളുടെയും സീസണും പ്ലാസ്റ്റിക് കട്ലറികളുടെ ഉയര്‍ന്ന ഡിമാന്‍ഡും കണക്കിലെടുത്ത് വ്യാപാരികള്‍ സര്‍കാരിനോട് വില്‍പനയും വാങ്ങലും നിര്‍ത്താന്‍ സമയം നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു,' - അദ്ദേഹം പറഞ്ഞു. ഈ ഉല്‍പന്നങ്ങള്‍ രാജ്യത്തുടനീളം നിരോധിക്കുന്നതിനാല്‍ ഇത്തവണ അത്തരം ആശ്വാസം സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.