SWISS-TOWER 24/07/2023

JDU President | ജെഡിയുവില്‍ വന്‍ മാറ്റം: പ്രസംഗത്തിനിടെ അപ്രതീക്ഷിതമായി സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് ലാലന്‍ സിംഗ്; പിന്നാലെ നിതീഷ് കുമാറിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു

 


പട്‌ന: (KVARTHA) ജനതാദള്‍ യുനൈറ്റഡ് അധ്യക്ഷനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ന്യൂഡെല്‍ഹിയില്‍ വെച്ച് നടന്ന പാര്‍ടിയുടെ ദേശീയ എക്‌സിക്യൂടീവ് യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനം. പ്രതിപക്ഷ പാര്‍ടികളുടെ ഐക്യത്തിനും ജാതി സെന്‍സസ് വിഷയത്തിന് നേതൃത്വം നല്‍കിയതും കണക്കിലെടുത്താണ് നടപടി. പാര്‍ടിയുടെയും രാജ്യത്തിന്റേയും ഏകക്ണഠമായ ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് നിതീഷ് കുമാറിനെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് ജെ ഡി യു സംസ്ഥാന അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ വ്യക്തമാക്കി.

JDU President | ജെഡിയുവില്‍ വന്‍ മാറ്റം: പ്രസംഗത്തിനിടെ അപ്രതീക്ഷിതമായി സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് ലാലന്‍ സിംഗ്; പിന്നാലെ നിതീഷ് കുമാറിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു

എം പിയും മുന്‍ ജെ ഡി യു അധ്യക്ഷനുമായ രാജീവ് രഞ്ജന്‍ സിങ് (ലാലന്‍ സിങ് ) സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ അധ്യക്ഷനെ പാര്‍ടി തിരഞ്ഞെടുത്തത്. ദേശീയ യോഗത്തില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ലാലന്‍ സിങ് അപ്രതീക്ഷിതമായി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് വ്യക്തമാക്കിയത്. ഇന്‍ഡ്യ സഖ്യവുമായി ലാലന്‍ സിങ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയറിയിച്ച് നിതീഷ് കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിങ് അധ്യക്ഷ സ്ഥാനം രാജിവെച്ചതെന്നാണ് റിപോര്‍ട്.

2016ല്‍ നിതീഷ് കുമാര്‍ ശരദ് യാദവിന് പകരമായി പാര്‍ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിരുന്നു. 2020ല്‍ സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ വര്‍ഷം പാര്‍ടി വിട്ട മുന്‍ കേന്ദ്രമന്ത്രി ആര്‍ സി പി സിങ് ആയിരുന്നു 2020ല്‍ ജെ ഡി യുവിന്റെ ദേശീയ അധ്യക്ഷന്‍.

നേരത്തെ, പാര്‍ടിയുടെ തലപ്പത്ത് നിന്ന് ലാലന്‍ സിങ് രാജിവച്ചെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ താന്‍ രാജിവെക്കില്ലെന്നും മാധ്യമങ്ങള്‍ പാര്‍ടിക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സിങ് രംഗത്തെത്തിയിരുന്നു. മാത്രമല്ല, ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവും ഇക്കാര്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ രാജി.

നിതീഷ് കുമാര്‍ ഇപ്പോള്‍, ജെഡിയുവിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് നിര്‍ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള തന്ത്രപരമായ തീരുമാനമായി കണക്കാക്കുന്നു. ഇന്‍ഡ്യാ ബ്ലോകിന്റെ നിര്‍ണായകമായ യോഗത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സുപ്രധാന നീക്കം. ജെഡിയു അധ്യക്ഷസ്ഥാനം ഇപ്പോള്‍ നിതീഷ് കുമാറിന് ബിഹാര്‍ സംസ്ഥാനത്തിനായുള്ള സഖ്യങ്ങളും സീറ്റ് പങ്കിടല്‍ ഫോര്‍മുലയും ചര്‍ച ചെയ്യാന്‍ കൂടുതല്‍ സ്വാധീനം ചെയ്യാനുള്ള അവസരമാണ് നല്‍കുന്നത്.

Keywords:  BIG Change In JDU: Nitish Kumar Takes Charge As New President After Lalan Singh’s Sudden Exit, Patna, News, BIG Change In JDU, Nitish Kumar, New President, Lalan Singh, Politics, Lok Sabha Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia