Promise | അമ്മയും സഹോദരിയും കുളിക്കുന്നത് തുറസ്സായ സ്ഥലത്തെന്ന് യുവാവ്; കോന്‍ ബനേഗാ ക്രോര്‍പതിയിലെ മത്സരാര്‍ഥിക്ക് ശൗചാലയം നിര്‍മിച്ച് നല്‍കാമെന്ന് വാക്ക് നല്‍കി ബിഗ് ബി
മുംബൈ: (KVARTHA) പ്രശസ്ത ടെലിവിഷന്‍ പരിപാടിയായ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ മത്സരിക്കാനെത്തിയ യുവാവിന് വീട്ടില്‍ ശൗചാലയം നിര്‍മിച്ച് നല്‍കാമെന്ന് ഉറപ്പുനല്‍കി അവതാരകന്‍ അമിതാഭ് ബച്ചന്‍. യുപിയിലെ പ്രതാപ് ഘട്ടിലെ ആഗൈ എന്ന ഗ്രാമത്തില്‍ നിന്നുള്ള 25 കാരന്‍ ജയന്ത ഡ്യൂലെയ്ക്കാണ് ബിഗ് ബി വാക്ക് നല്‍കിയത്. പരിപാടിയില്‍ വച്ച് ഗ്രാമത്തില്‍ ശുചിത്വ പരിപാടികള്‍ ഊര്‍ജിതമാക്കാന്‍ യുവാവിനോട് അമിതാഭ് ബച്ചന്‍ ആവശ്യപ്പെടുകയും ചെയ്തു.
ക്രോര്‍പതിയില്‍ മത്സരിക്കാനെത്തിയ ജയന്തയ്‌ക്കൊപ്പം സഹോദരിയും പരിപാടി കാണാനെത്തിയിരുന്നു. ആദ്യറൗണ്ട് വിജയിച്ച ശേഷം തന്റെ ഏറ്റവും വലിയ സ്വപ്നത്തേക്കുറിച്ച് പറഞ്ഞു. തന്റെ അമ്മയ്ക്കും സഹോദരിക്കും വേണ്ടി വീട്ടിലൊരു ശൗചാലയം നിര്‍മിക്കുക എന്നതായിരുന്നു ജയന്തയുടെ സ്വപ്‌നം.
നമ്മുടെ ഭാരതത്തില്‍ എല്ലാവര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളുണ്ടെന്ന നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വിഷമവും ആശ്ചര്യവും ഉണ്ടാക്കുന്നുവെന്നായിരുന്നു ഇതിനോടുള്ള ബച്ചന്റെ പ്രതികരണം. ജയന്തയുടെ സഹോദരിക്കും അമ്മക്കും തുറസ്സായ സ്ഥലത്ത് കുളിക്കേണ്ടിവരുന്നുവെന്ന് പറഞ്ഞത് വളരെ വേദനാജനകവും ലജ്ജാകരവുമായ കാര്യമാണെന്നും ബിഗ് ബി പറയുകയുണ്ടായി.
വീട്ടില്‍ ശൗചാലയമില്ലാത്തതിന്റെ പ്രശ്‌നങ്ങളുമായി അമ്മ പൊരുത്തപ്പെട്ടതാണ്. എന്നാല്‍ തുറസ്സായ സ്ഥലത്ത് കുളിക്കുകയും മറ്റും ചെയ്യുന്നത് സഹോദരിയെ സംബന്ധിച്ചിടത്തോളം വളരെ നാണം തോന്നിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതുമായ കാര്യമാണെന്നും ജയന്ത പറഞ്ഞു.
ഇതോടെ ശൗചാലയം നിര്‍മിക്കാന്‍ ഏകദേശം എത്രരൂപയാവും എന്ന് ബച്ചന്‍ വീണ്ടും ചോദിച്ചു. നാല്പതിനായിരമോ അമ്പതിനായിരമോ ആകുമെന്നായിരുന്നു ജയന്തയുടെ മറുപടി. ഇതോടെയാണ് വീട്ടില്‍ ശൗചാലയം നിര്‍മിക്കുമെന്ന കാര്യം ബച്ചന്‍ പറഞ്ഞത്.
'ജയിച്ചാലും ഇല്ലെങ്കിലും മനസ്സമാധാനത്തോടെ നിനക്ക് ഇന്ന് ഇവിടെ നിന്ന് പോകാം. നിങ്ങളുടെ വീട്ടില്‍ ഒരു ടോയ്ലറ്റെങ്കിലും ഞങ്ങള്‍ ഉറപ്പായും നിര്‍മിക്കും' എന്നായിരുന്നു ജയന്തയ്ക്ക് അമിതാഭ് ബച്ചന്‍ നല്‍കിയ മറുപടി.
#KBC, #AmitabhBachchan, #socialwelfare, #sanitation, #India