Bail | 'ബിജെപിക്കെതിരെ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരസ്യം നല്‍കി'; മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം


രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനെത്തി
ജൂലായ് 30-ന് കേസ് വീണ്ടും പരിഗണിക്കും
ബംഗളൂരു: (KVARTHA) ബിജെപിക്കെതിരെ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരസ്യം നല്‍കിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. കര്‍ണാടകയിലെ ബിജെപി നേതാവ് കേശവ് പ്രസാദ് നല്‍കിയ മാനനഷ്ടക്കേസില്‍ ബംഗ്ലൂരിലെ സിവില്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനെത്തി. ജൂലായ് 30-ന് കേസ് വീണ്ടും പരിഗണിക്കും.
2023ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യധാരാ മാധ്യമങ്ങളില്‍ ബിജെപിക്കെതിരെ അപമാനകരമായ പരസ്യം നല്‍കിയെന്നാണ് കേശവ് പ്രസാദ് നല്‍കിയ പരാതി. '40 ശതമാനം കമിഷന്‍ വാങ്ങുന്ന സര്‍കാരെന്ന' തലക്കെട്ടിലാണ് ബിജെപിക്കെതിരെ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്. അഴിമതിയുടെ റേറ്റ് കാര്‍ഡും പ്രസിദ്ധീകരിച്ചിരുന്നു.
2023 മേയ് അഞ്ചിനാണ് കേസിനാസ്പദമായ പരസ്യം പത്രങ്ങളില്‍ വന്നത്. പരസ്യം അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുള്‍പെടെയുള്ള ബിജെപി നേതാക്കള്‍ക്ക് അപകീര്‍ത്തി ഉണ്ടാക്കിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ജെനറല്‍ സെക്രടറി കേശവ പ്രസാദ് ഹര്‍ജിനല്‍കുകയായിരുന്നു.
പരസ്യം നല്‍കിയതില്‍ നേരിട്ട് ഭാഗമാകാതിരുന്ന രാഹുലിനെയും ബിജെപി കേസില്‍ ഉള്‍പെടുത്തുകയായിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും കേസില്‍ പ്രതികളാണ്. മൂന്നുപേരോടും കഴിഞ്ഞ ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് കാട്ടി കോടതി നോടീസ് നല്‍കിയിരുന്നു. ഇതുപ്രകാരം സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഹാജരായി. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ഇന്‍ഡ്യ മുന്നണിയുടെ യോഗമുള്ളതിനാലാണ് രാഹുല്‍ ഹാജരാകാതിരുന്നതെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു. ആദ്യം ഇത് അംഗീകരിക്കാതിരുന്ന കോടതി പിന്നീട് രാഹുലിനോട് വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാഹുല്‍ ഹാജരാകുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു.