ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന സ്ത്രീയുടെ താമസ സ്ഥലത്ത് നിന്നും കണ്ടെത്തിയ തുക കണ്ട് ഞെട്ടല്‍ മാറാതെ ഉദ്യോഗസ്ഥര്‍; 65 വയസുകാരിയുടെ ഭാണ്ഡത്തില്‍ രണ്ടരലക്ഷത്തിലധികം രൂപ!
Jun 2, 2021, 09:15 IST
ശ്രീനഗര്‍: (www.kvartha.com 02.06.2021) ജമ്മു കാശ്മീരിലെ രൗജൗരി ജില്ലയില്‍ മുപ്പത് വര്‍ഷത്തിലധികമായി ബസ് സ്റ്റാന്‍ഡിലും സമീപപ്രദേശത്തെ തെരുവുകളിലും ഭിക്ഷ യാചിച്ച് ജീവിച്ചിരുന്ന 65 വയസുകാരിയുടെ ഭാണ്ഡത്തില്‍ കണ്ടെത്തിയത് രണ്ടരലക്ഷത്തിലധികം രൂപ. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നല്‍കുന്നതിനായി അഭയകേന്ദ്രത്തിലേക്ക് മാറ്റാനെത്തിയ ഉദ്യോഗസ്ഥരാണ് ഇവര്‍ താമസിച്ചിരുന്ന താത്ക്കാലിക സ്ഥലത്തുനിന്ന് പണം കണ്ടെത്തിയത്.
'ഇവര്‍ താമസിച്ചിരുന്ന സ്ഥലം വൃത്തിയാക്കാന്‍ എത്തിയ മുനിസിപല്‍ കമിറ്റി തൊഴിലാളികളാണ് മൂന്ന് പ്ലാസ്റ്റിക് ബോക്‌സുകളിലും ബാഗിലുമായി നോടുകളും ചില്ലറകളും ഭദ്രമായി പൊതിഞ്ഞു വെച്ചിരിക്കുന്നത് കണ്ടത്. അപ്പോള്‍ത്തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസും മജിസ്‌ട്രേറ്റും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.' മണിക്കൂറുകള്‍ക്ക് ശേഷമാണ് 2,58,507 രൂപ എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് അഡീഷണല്‍ ഡെപ്യൂടി കമീഷണര്‍ സുഖ്‌ദേവ് സിംഗ് സമ്യാല്‍ വ്യക്തമാക്കി. പണം ഉടമക്ക് തന്നെ തിരികെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭിക്ഷ യാചിച്ചു കിട്ടിയിരുന്ന പണം മുഴുവന്‍ ഇവര്‍ പ്ലാസ്റ്റിക് ബോക്‌സുകളിലാക്കി സൂക്ഷിക്കുകയായിരുന്നു. ഇവര്‍ എവിടെ നിന്നാണ് വരുന്നതെന്നോ മറ്റ് വിവരങ്ങളോ ആര്‍ക്കുമറിയില്ല. മുപ്പത് വര്‍ഷത്തിലധികമായി ഇവര്‍ ഇവിടെ ഭിക്ഷ യാചിക്കുന്നുണ്ട്. പണം കണ്ടെത്തി നല്‍കിയ മുനിസിപല്‍ തൊഴിലാളികളുടെ സത്യസന്ധതയെ മജിസ്‌ട്രേറ്റ് അഭിനന്ദിച്ചു.
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നല്‍കുന്നതിന് വൃദ്ധയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയതായി കമീഷണര്‍ സുഖ്‌ദേവ് സിംഗ് സമ്യാല്‍ പിടിഐയോട് വെളിപ്പെടുത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.